KARASSERYLOCAL NEWS

സംസ്ഥാനപാത നവീകരിച്ചു: അപകടവളവിലെ പാലം തകർച്ചാഭീഷണിയിൽ

കാരശ്ശേരി: എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാത നവീകരിച്ചെങ്കിലും കാരശ്ശേരിപ്പഞ്ചായത്തിലെ ഓടത്തെരുവിലെ ഓവുപാലം ഇപ്പോഴും അപകടഭീഷണിയിൽ. ഒരു കിലോമീറ്ററിനുള്ളിൽ ഒമ്പത് വളവുകളും വലിയകയറ്റവുമുള്ള സ്ഥിരം അപകടമേഖലയാണ് ഓടത്തെരുവ്. അപകടമേഖലയായ കൊടുംവളവിലുള്ള ഓവുപാലത്തിന്റെ അടിഭാഗമാണ് തകർന്ന് കമ്പികൾ മുഴുവൻ പുറത്തുകാണുന്ന നിലയിലായത്‌.55 വർഷത്തോളം പഴക്കമുള്ള ഓവുപാലത്തിന്റെ കമ്പികൾ തുരുമ്പെടുത്ത് കോൺക്രീറ്റ് അടർന്നുവീഴുന്നത് വർധിച്ചിട്ടുണ്ട്. അന്തസ്സംസ്ഥാന ബസുകളും കണ്ടെയിനറുകളും ടിപ്പറുകളും തുടങ്ങി ദിവസേന നൂറുകണക്കിന് വാഹനങ്ങൾ പോവുന്ന റോഡാണിത്.14 മീറ്ററിലേറെ വീതികൂട്ടിയ റോഡിന്റെ കൊടുംവളവിൽ കുപ്പിക്കഴുത്തുപോലുള്ള ഓവുപാലം അപകടസാധ്യത വർധിപ്പിക്കുന്നതാണ്. രാത്രി ഡ്രൈവർക്ക് വളവിൽ റോഡിന്റെ വശങ്ങൾ കാണാൻകഴിയില്ല.നവീകരിച്ച ഉടനെ ഒരു കാറും ബൈക്കും ഈ ഭാഗത്തുനിന്ന് ആഴമേറിയ കൊക്കയിൽ വീണിരുന്നു. പിന്നീട് ഇരുവശത്തും വേലികെട്ടിയിട്ടുണ്ട്. ഓവുപാലം വീതികൂട്ടി നവീകരിച്ചാലേ ഈ ഭാഗത്ത് ഗതാഗതക്കുരുക്കും അപകടസാധ്യതയും ഒഴിവാക്കാനാകൂ..

ഓവുപാലം വീതികൂട്ടി നവീകരിക്കുകയും കൊടുംവളവുകൾ നിവർത്തുകയുംചെയ്തില്ലെങ്കിൽ ഗതാഗതക്കുരുക്കും അപകടങ്ങളും ഉണ്ടാവുമെന്ന് നേരത്തേ ‘മാതൃഭൂമി’ റിപ്പോർട്ട് ചെയ്തിരുന്നു.തുടർന്ന് ഉദ്യോഗസ്ഥസംഘം റോഡിൽ പരിശോധന നടത്തി വളവുകൾ നിവർത്താൻ നടപടിയുണ്ടായെങ്കിലും പാലങ്ങൾക്ക് പരിഗണന കിട്ടിയില്ല.റോഡിന്റെ ഡി.പി.ആർ. തയ്യാറാക്കിയപ്പോൾ പാലങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലാത്തതാണ് കാരണമായി ചൂണ്ടിക്കാട്ടിയത് ഇപ്പോഴത്തെ ബജറ്റിൽ മുക്കംപാലത്തിന് എട്ടുകോടി രൂപ വകയിരുത്തിയിട്ടുണ്ട്. തകർച്ചാഭീഷണിയിലായ ഓടത്തെരുവുപാലത്തിന് പരിഗണനയില്ല..

കടപ്പാട്: മാതൃഭൂമി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com