വിലാപയാത്രയായി പിറന്ന മണ്ണിലേക്ക്; ഇന്നസെന്റ് എന്നെന്നും ഓർമിക്കപ്പെടുമെന്ന് പ്രധാനമന്ത്രി

കൊച്ചി: അന്തരിച്ച നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസന്റിന് (75) വിടചൊല്ലി സിനിമാ ലോകവും ആരാധകരും. കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനു ശേഷം മൃതദേഹം ഇരിങ്ങാലക്കുട ടൗൺ ഹാളിലേക്ക് വിലാപയാത്രയായി കൊണ്ടുപോയി. ഇവിടെ പൊതുദർശനത്തിനു ശേഷം വൈകിട്ടു 3നു വീട്ടിലേക്കു കൊണ്ടുപോകും. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നാളെ രാവിലെ 10നാണ് സംസ്കാരം
ചലച്ചിത്ര, രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ആദരാഞ്ജലിയർപ്പിക്കാനെത്തിയത്. നടന്മാരായ മമ്മൂട്ടി, ജയസൂര്യ, ഹരിശ്രീ അശോകൻ, മുകേഷ്, കുഞ്ചൻ, ദുൽഖർ സൽമാൻ, ബാബുരാജ്, സംവിധായൻ ലാൽ ജോസ്, മന്ത്രിമാരായ ആർ.ബിന്ദു, കെ.രാജൻ, പി.പ്രസാദ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവരുൾപ്പെടെ ആദരാഞ്ജലി അർപ്പിച്ചു. ഇന്നസന്റിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ആസ്വാദകഹൃദയങ്ങളെ നർമം കൊണ്ട് നിറച്ച ഇന്നസന്റ് എന്നും ഓർമിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തെയും ആരാധകരെയും അനുശോചനം അറിയിക്കുന്നതായും ആത്മാവിനു നിത്യശാന്തി നേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു


