LOCAL NEWS

ജാഗ്രതവേണം മരണക്കയമായി പതങ്കയം

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയം അക്ഷരാർഥത്തിൽ ഒരു മരണക്കയമായി മാറുകയാണ്. ശനിയാഴ്ച ഉച്ചയ്ക്ക് തലയാട് സ്വദേശിയായ അജലിന്റെ മരണമാണ് ഒടുവിലത്തേത്. രണ്ടു ദശകത്തിനുള്ളിൽ പതങ്കയത്ത് മാത്രം 20 പേർ മരിച്ചതായാണ് നാട്ടുകാരുടെ ഓർമ.

തിരുവമ്പാടി കോടഞ്ചേരി പഞ്ചായത്തുകളെ വേർതിരിക്കുന്ന ഇരുവഞ്ഞിപ്പുഴയിൽ അരിപ്പാറയ്ക്കും നാരങ്ങാത്തോടിനുമിടയിലാണ് പതങ്കയം.വലിയ കല്ലുകളാൽ ചുറ്റപ്പെട്ട, അടുത്തടുത്ത രണ്ടുകയങ്ങൾ ചേർന്നതാണിത്. 30 അടിയോളം ആഴമുള്ളഭാഗം കയത്തിലുള്ളതായാണ് പ്രദേശവാസികൾ പറയുന്നത്. കാലവർഷത്തിലും മലവെള്ളപ്പാച്ചിലിലും നിറഞ്ഞുകവിയുന്ന ഇവിടം അടിയൊഴുക്കും കുത്തൊഴുക്കും കാരണം അപകടം നിറഞ്ഞതാണ്.നീന്തൽവശമുണ്ടെങ്കിലും കുത്തൊഴുക്കിൽ കല്ലുകളുടെ ഇടയിൽ കുടുങ്ങിയാൽ രക്ഷപ്പെടാനാകില്ല.

പതങ്കയം കൂടാതെ, ഒന്നരകിലോമീറ്റർ താഴെയുള്ള അരിപ്പാറ, കുറുങ്കയം എന്നിവിടങ്ങളും അപകടകരമാണ്. പ്രദേശത്തെ പുഴകളുടെ ഭൂമിശാസ്ത്ര പ്രത്യേകതകൾ അറിയാതെയെത്തുന്ന പട്ടണപ്രദേശങ്ങളിലെ യുവാക്കളാണ് അപകടത്തിൽപ്പെടുന്നവരിലേറെയും.

ഊടുവഴികളിലൂടെയുംമറ്റും പുഴവക്കിലെത്തുന്ന സംഘങ്ങൾ ആരുടെയും കണ്ണിൽപ്പെടാറുമില്ല. നാട്ടുകാരുടെ ഉപദേശം ധിക്കരിക്കുന്ന ഇവരെ നിയന്ത്രിക്കാൻ പോലീസിനും പരിമിതികളുണ്ട്. അപകടമുന്നറിയിപ്പ് നൽകാൻ സുരക്ഷാ ഗാർഡുകൾ ഇല്ലാത്തത് ഏറെ പ്രശ്നം സൃഷ്ടിക്കുന്നു. ബുധനാഴ്ച ഉച്ചവരെ 50 ലേറെ വിനോദസഞ്ചാരികൾ ഇവിടെയെത്തിയതായാണ് നാട്ടുകാർ പറയുന്നത്.പതങ്കയത്ത് ഒരു കംഫർട്ട് സ്റ്റേഷൻ നിർമിക്കാൻ പഞ്ചായത്തിന് സ്ഥലം ലഭിച്ചിട്ടുണ്ടെങ്കിലും നടപടി പുരോഗമിക്കുന്നതേയുള്ളൂ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com