
താമരശ്ശേരി: താമരശ്ശേരി പരപ്പൻ പൊയിലിൽ നിന്നും പ്രവാസിയായ മുഹമ്മദ് ഷാഫിയെ തട്ടികൊണ്ടു പോയ കേസിൽ പ്രതികളിൽ ഒരാളുടെ രേഖാചിത്രം പോലീസ് തയ്യാറാക്കുന്നു.കാറിൽ എത്തിയ നാലംഗ സംഘത്തോടൊപ്പം ഉണ്ടായിരുന്ന ആളും, സംഭവത്തിന് രണ്ടു ദിവസം മുമ്പ് ഷാഫിയെ അന്വേഷിച്ച് വീട്ടിൽ എത്തിയ ആളും ഒന്നു തന്നെയാണെന്നാണ് നിഗമനം.
കാറിൽ എത്തിയ മുഖം മറക്കാതെയും, ഷർട്ട് ഇടാതെയും പുറത്തിറങ്ങിയ ഒരാളെ ഷാഫിയുടെ ഭാര്യ കണ്ടിരുന്നു, ഇതേ രൂപസാദൃശ്യമുള്ളയാൾ സംഭവത്തിന് രണ്ടു ദിവസം മുമ്പ് വീട്ടിൽ എത്തി ഷാഫിയുടെ ബന്ധുവായ റഷീദിനോട് സംസാരിച്ചിരുന്നു. ഷാഫിയുടെ വീടല്ലേ എന്ന് ചോദിച്ചായിരുന്നു എത്തിയത്. തൽസമയം ഷാഫി വീട്ടിൽ ഇല്ലായിരുന്നു.ഷാഫിയുടെ ഭാര്യ സനിയയും, ബന്ധു റഷീദും നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കുന്നത്.
അതേസമയം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തി. നേരത്തെ ഷാഫിയെ ഭീഷണിപ്പെടുത്തിയ രണ്ടുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പരപ്പൻപൊയിൽ സ്വദേശി അബ്ദുൾ നിസാർ, ഉണ്ണി കുളം സ്വദേശി അജ്നാസ് എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കി അജ്നാസിനെ കസ്റ്റഡിയിൽ വാങ്ങി. നിസാറിനെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ ഏഴാംതീയതി രാത്രി 9 മണിയോടെയാണ് തോക്കടക്കമുള്ള ആയുധങ്ങളുമായി കാറിലെത്തിയ അജ്ഞാത സംഘം പരപ്പൻപൊയിൽ സ്വദേശി മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ട് പോയത്.



