
തന്റെ സമാനതകളില്ലാത്ത വേഗതകൊണ്ടും അളവറ്റ എളിമകൊണ്ടും , മികച്ച കായിക അധ്യാപകൻ എന്ന നിലയിലും കായിക പ്രേമികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ പ്രതിഭയായിരുന്നു സത്യൻ സാർ..ട്രാക്കിലെ 100, 200 മീറ്റർ സ്പ്രിന്റുകളിൽ സംസ്ഥാന-ദേശീയ തലങ്ങളിൽ നിരവധി സ്വർണ്ണമെഡലുകൾ വാരിക്കൂട്ടിയ മികച്ച കായിക താരം. കായികരംഗത്ത് നിന്നും വിരമിച്ച ശേഷവും ഗ്രൗണ്ടുകളോട് വിടപറയാൻ അദ്ദേഹം തയ്യാറായില്ല; പകരം പരിശീലകന്റെ കുപ്പായമണിഞ്ഞ് അടുത്ത തലമുറയെ വാർത്തെടുക്കാൻ സ്വയം സമർപ്പിച്ചു. നിരവധി കായിക താരങ്ങളെ കണ്ടെത്തി അവർക്കനുയോജ്യമായ ഇനങ്ങളിൽ പരിശീലനം നൽകി വളർത്തി. ഞാനും അ ആനേകരിൽ ഒരാളാണ് എന്നത് , അഭിമാനത്തോടെ ഓർക്കുന്നു.പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിയുടെ (MSA ) വളർച്ചയിൽ അദ്ദേഹം വഹിച്ച പങ്ക് വാക്കുകൾക്ക് അതീതമാണ്. അദ്ദേഹത്തിന്റെ കീഴിൽ പരിശീലനം നേടിയ നിരവധി കായികപ്രതിഭകൾ ഇന്ന് സംസ്ഥാന-ദേശീയ-അന്തർദേശീയ തലങ്ങളിൽ നാടിന്റെ യശസ്സുയർത്തുകയും, പ്രമുഖ ഗവൺമെന്റ് സ്ഥാപനങ്ങളിലും ഉയർന്ന പദവികളിലും ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്.കളിക്കളത്തിൽ കൊടുങ്കാറ്റായിരുന്നപ്പോഴും ജീവിതത്തിൽ തികഞ്ഞൊരു സാധാരണക്കാരനായി, ലാളിത്യവും മാതൃകാപരമായ വ്യക്തിത്വവും കാത്തുസൂക്ഷിച്ച മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം. ജീവിതത്തിന്റെ അവസാന നിമിഷം വരെ ഗ്രൗണ്ടുകളിൽ സജീവമായിരുന്ന സത്യൻ സാറിന്റെ വിയോഗം മലയോര മേഖലയ്ക്കും കായിക ലോകത്തിനും തീരാനഷ്ടമാണ്.നാടിന് തണലായി നിന്ന ആ വലിയ കായികപ്രതിഭയുടെ സ്മരണകൾക്ക് മുന്നിൽ ശിരസ്സ് നമിക്കുന്നു…ആദരാഞ്ജലികൾ മുൻ എംഎൽഎ ലിൻ്റോ ജോസഫ്



