
താമരശ്ശേരി : മലയോരമേഖലയിലെ ആദ്യകാല പഞ്ചായത്തുകളിലൊന്നായ താമരശ്ശേരിയുടെ പഞ്ചായത്ത് പ്രസിഡന്റ് പദം രണ്ടുവട്ടം അലങ്കരിച്ച വനിത, ഒരു തവണ വൈസ് പ്രസിഡന്റ്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തംഗം, വനിതാ ലീഗിന്റെ ജില്ലാ വൈസ് പ്രസിഡന്റ്, നിയോജകമണ്ഡലം പ്രസിഡന്റ്, താമരശ്ശേരി അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ, താമരശ്ശേരി സി.എച്ച്. സെന്റർ വൊളന്റിയർ…എന്നിങ്ങനെ ഒട്ടേറെസ്ഥാനങ്ങൾ അലങ്കരിച്ച് പതിറ്റാണ്ടുകൾ പൊതുപ്രവർത്തനരംഗത്ത് നിറഞ്ഞുനിന്നിരുന്ന മാതൃകാ വനിതയെയാണ് ഹാജറ കൊല്ലരുകണ്ടിയുടെ വിയോഗത്തിലൂടെ നാടിന് നഷ്ടമായിരിക്കുന്നത്.
1995-ൽ വനിതാ ലീഗ് പഞ്ചായത്ത് കമ്മിറ്റി രൂപവത്കരിക്കുന്ന സമയത്താണ് ഹാജറ കൊല്ലരുകണ്ടി ആദ്യമായി പൊതുരംഗത്തേക്ക് പ്രവേശിക്കുന്നത്. പിതാവ് കല്ലുവെട്ടുകുഴിക്കൽ ഹുസൈൻ കുട്ടി ഹാജിയുടെ സുഹൃത്തിന്റെ മകനായ കെ.സി. മാമു മാസ്റ്ററായിരുന്നു രാഷ്ട്രീയഗുരു.
2000-ൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിലേക്ക് പരപ്പൻപൊയിൽ ഡിവിഷനിൽ നിന്നായിരുന്നു തിരഞ്ഞെടുപ്പിലെ കന്നിയങ്കം. ബ്ലോക്ക് പഞ്ചായത്തംഗമെന്ന നിലയിൽ മികച്ച വികസനപ്രവർത്തനങ്ങൾ ഡിവിഷനിൽ കാഴ്ച വെച്ച ഹാജറ കൊല്ലരുകണ്ടി 2005-ലാണ് താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് തലത്തിലേക്ക് ആദ്യമായി മത്സരിക്കുന്നത്. എൽ.ഡി.എഫിന്റെ കൈയിൽനിന്ന് ചെമ്പ്രവാർഡ് തിരിച്ചു പിടിച്ചായിരുന്നു ഗ്രാമപ്പഞ്ചായത്തിലേക്കുള്ള കന്നിയങ്കത്തിൽ ഹാജറയുടെ രംഗപ്രവേശം.
2008 മുതൽ 2010 വരെയുള്ള കാലയളവിൽ പഞ്ചായത്ത് പ്രസിഡന്റായി. 2010-ൽ തേക്കുംതോട്ടത്തുനിന്നും 2015-ൽ പരപ്പൻപൊയിൽ ഈസ്റ്റിൽ നിന്നും മുസ്‌ലിം ലീഗ് സ്ഥാനാർഥിയായി മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു.2018-20 കാലയളവിൽ രണ്ടാമതും താമരശ്ശേരി ഗ്രാമപ്പഞ്ചായത്തിന്റെ അധ്യക്ഷപദവിയിലെത്തി. ഒരോ തവണ വൈസ് പ്രസിഡന്റ് എന്നനിലയിലും ക്ഷേമകാര്യ-വികസനകാര്യ സ്ഥിരംസമിതികളുടെ ചെയർപേഴ്‌സൺ എന്നനിലയിലും പ്രവർത്തിച്ചിട്ടുണ്ട്. ഹാജറ പ്രസിഡന്റായിരുന്ന കാലയളവിലാണ് ശുചീകരണ പ്രവർത്തനവുമായി ബന്ധപ്പെട്ട നിർമൽ പുരസ്കാരവും മികച്ച ജൈവകൃഷി തയ്യാറാക്കിയതിന് ജില്ലയിൽ ഒന്നാംസ്ഥാനവും താമരശ്ശേരി പഞ്ചായത്തിനെ തേടിയെത്തിയത്



