ചെണ്ടുമല്ലി പൂത്തുലഞ്ഞ് കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്കൂൾ.കാണികൾക്ക് ദൃശ്യവിരുന്നൊരുക്കി വിദ്യാർത്ഥികളുടെ ചെണ്ടുമല്ലി കൃഷി.

കോടഞ്ചേരി: കാണികൾക്ക് ദൃശ്യവിരുന്നൊരുക്കി കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ ചെണ്ടുമല്ലി കൃഷി ജനശ്രദ്ധ നേടുന്നു.
സ്കൂളിലെ ജെ.ആർ.സി വിദ്യാർത്ഥികളുടെയും പ്രവൃത്തി പരിചയ ക്ലബ്ബിന്റെയും കൂട്ടായ പരിശ്രമത്തിൽ വളർത്തിയ ചെണ്ടുമല്ലിത്തോട്ടമാണ് പൂത്തുലഞ്ഞത്. മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള നൂറുകണക്കിന് വർണശബളമായ ചെണ്ടുമല്ലിപ്പൂക്കൾ വിരിഞ്ഞതോടെ വിദ്യാലയ പരിസരം പ്രകൃതി സൗന്ദര്യത്താൽ സമ്പന്നമായി. പൂക്കളുടെ തേൻ നുകരാനെത്തിയ വിവിധയിനം ചിത്രശലഭങ്ങളുടെ കാഴ്ചയും തോട്ടത്തിന് കൂടുതൽ മനോഹാരിത പകരുന്നു.
പുഷ്പങ്ങളുടെ വിളവെടുപ്പിന്റെ ഉദ്ഘാടനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. പ്രധാനാധ്യാപകൻ ബിനു ജോസ് പൂന്തോട്ട നിർമ്മാണത്തിന് നേതൃത്വം നൽകിയ അധ്യാപകരെയും വിദ്യാർത്ഥികളെയും അഭിനന്ദിച്ചു.
ജെ.ആർ.സി കോർഡിനേറ്ററും പ്രവൃത്തി പരിചയ അധ്യാപികയുമായ റംല സി യുടെ നേതൃത്വത്തിൽ സ്കൂൾ ക്ലർക്ക് ഷാജു സെബാസ്റ്റ്യൻ, ഓഫീസ് സ്റ്റാഫ് നെൽസൺ, സ്പെഷ്യൽ എജ്യുക്കേറ്റർ ബിന്ദു ജോൺസൺ എന്നിവരുടെ സഹായത്താലാണ് വിദ്യാർത്ഥികൾ പൂന്തോട്ടം ഒരുക്കിയത്.



