
കോഴിക്കോട്: മാവൂർ റോഡ് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തെ ടൂറിസ്റ്റ് ഹോം വളപ്പിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ ഏഴംഗ സംഘത്തെ 18 മണിക്കൂറിനകം പിടികൂടി പൊലീസ് യുവാവിനെ മോചിപ്പിച്ചു. പാലക്കാട് അട്ടപ്പാടി സ്വദേശിയും കൊണ്ടോട്ടിയിൽ താമസക്കാരനുമായ നിഷാദിനെ(43) ആണ് തട്ടിക്കൊണ്ടുപോയത്.
താമരശ്ശേരി പുതുപ്പാടി സ്വദേശികളായ മയിലുള്ളാംപാറ സിറാജ് (32), ഉള്ളാട്ടിൻപാറ പി.കെ.ഹുസൈൻ (36), യു.കെ.മുഹമ്മദ് ഇർഫാൻ (25), വിളഞ്ഞിപ്പിലാക്കൽ യു.പി.ദിൽഷാദ് (26), പുഴക്കുന്നുമ്മൽ പി.കെ.ഹൈദരലി (33), ഓമശ്ശേരി പൂനൂർവീട്ടിൽ കെ.ജുനൈദ് (21), പാലക്കാട് മണ്ണാർക്കാട് വഴിപറമ്പൻ പരുമ്പട്ടാരി യു.പി.ജഷീർ (46) എന്നിവരാണ് പിടിയിലായത്. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും.സിറാജിന്റെ കാർ 7 ലക്ഷം രൂപ നൽകാമെന്ന ധാരണയിൽ പണയത്തിനു വാങ്ങിയ നിഷാദ് പണം നൽകാതിരുന്നതിനെ തുടർന്നാണ് തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. നിഷാദ് കോഴിക്കോട്ടെ ബന്ധുവിന്റെ മരണവീട്ടിലേക്ക് വരുന്ന വിവരം അറിഞ്ഞ് ഒന്നാം പ്രതി സിറാജിന്റെ നേതൃത്വത്തിൽ കാറിൽ എത്തിയ സംഘം ടൂറിസ്റ്റ് ഹോമിന്റെ മുന്നിൽ നിന്ന് ഇന്നലെ പുലർച്ചെ 1.10നാണ് നിഷാദിനെ തട്ടിക്കൊണ്ടുപോയത്.
ടൂറിസ്റ്റ് ഹോം സുരക്ഷാ ജീവനക്കാരന്റെ പരാതിയിൽ ആദ്യം നടക്കാവ് പൊലീസ് കേസെടുത്തു. ഉച്ചയോടെ നടക്കാവ് ഇൻസ്പെക്ടർ പി.കെ.ജിജീഷിന്റെയും എസ്ഐ എസ്.ബി.കൈലാസ്നാഥിന്റെയും നേതൃത്വത്തിൽ ടൂറിസ്റ്റ് ഹോം ജീവനക്കാരനെ ചോദ്യം ചെയ്തതിൽ വാഹനത്തെക്കുറിച്ച് സൂചന ലഭിച്ചു. ടൂറിസ്റ്റ് ഹോമിലേയും സമീപത്തെയും 5 സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. കാറിലെത്തിയ സംഘം നിഷാദിനെ മർദിക്കുകയും മുണ്ട് അഴിച്ചു കാൽകെട്ടി കാറിൽ കയറ്റിക്കൊണ്ടു പോകുകയും ചെയ്യുന്നത് സിസിടിവി ദൃശ്യത്തിലുണ്ട്.ഉച്ചയോടെ നിഷാദിന്റെ ഭാര്യ നടക്കാവ് പൊലീസിൽ ഭർത്താവിനെ കാണാനില്ലെന്നു പരാതി നൽകി.
കണ്ണൂർ, വയനാട് ജില്ലകളിലും കോഴിക്കോട്ടെ മലയോരമേഖലയിലും അന്വേഷണം വ്യാപിപ്പിച്ച പൊലീസ് വൈകിട്ട് 5 മണിയോടെ പ്രതികൾ വയനാട് – കോഴിക്കോട് അതിർത്തിയിൽ കണ്ണപ്പംകുണ്ട് മലയിലുണ്ടെന്നു കണ്ടെത്തി. മല വളഞ്ഞ് കാടിനുള്ളിൽ നിന്നു പ്രതികളെ കീഴ്പ്പെടുത്തുകയായിരുന്നുവെന്ന് അസി. കമ്മിഷണർ പി.ബിജുരാജ് പറഞ്ഞു. പണയം നൽകിയ കാർ പ്രതികളിൽ ഒരാൾ പെരിന്തൽമണ്ണയിൽ എത്തിച്ചതായും ഇയാളെ കുറിച്ച് അന്വേഷിക്കുന്നതായും പൊലീസ് പറഞ്ഞു. അന്വേഷണ സംഘത്തിൽ നടക്കാവ് എസ്ഐ ബിനുമോഹനും ഉണ്ടായിരുന്നു



