LOCAL NEWS

ഓറഞ്ച് മുന്നറിയിപ്പ് ; ജില്ലയിൽ ദുരന്ത നിവാരണ വകുപ്പ് സജ്ജമായി

24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു

കോഴിക്കോട്:ജില്ലയിൽ ജൂലൈ ആറുവരെ ഓറഞ്ച് മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മഴ ക്കെടുതികൾ നേരിടുന്നതിനായി ദുരന്ത നിവാരണ വകുപ്പ് സജ്ജമായി. ജില്ലയിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ വെള്ളം കയറുന്ന സ്ഥലങ്ങളിൽ നിന്നും ഉരുൾപൊട്ടൽ മുന്നറിയിപ്പ് നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിന്നും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ വേണ്ട മുന്നൊരുക്കങ്ങൾ നടത്താൻ ജില്ലാ കലക്ടർ എ ഗീത തഹസീൽദാർമാർക്ക് നിർദ്ദേശം നൽകി. ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗം വിളിച്ചു ചേർത്താണ് ജില്ലാ കലക്ടർ നിർദ്ദേശങ്ങൾ നൽകിയത്.

കടലുണ്ടിയിലെ കപ്പലങ്ങാടി, ബേപ്പൂരിലെ ഗോതീശ്വരം എന്നിവിടങ്ങളിൽ കടലാക്രമണത്തിൽ വെള്ളം കയറാൻ  സാധ്യതയുള്ള വീടുകളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കാൻവേണ്ട നടപടികൾ ഉടൻ സ്വീകരിക്കണമെന്നും കലക്ടർ വില്ലേജ് ഓഫീസർക്ക് നിർദേശം നൽകി.

തീര പ്രദേശങ്ങളിൽ ജാഗ്രത പുലർത്തണമെന്നും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ബോട്ടുകൾ ഉൾപ്പെടെ സജ്ജമാക്കണമെന്നും കലക്‌ടർ ഫിഷറീസ് വകുപ്പിനോട് ആവശ്യപ്പെട്ടു. ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര മേഖലകളിൽ ജാഗ്രത പാലിക്കണമെന്നും മുന്നൊരുക്കങ്ങൾ നടത്തണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് നിർദേശം നൽകി. വില്ലേജ് കേന്ദ്രങ്ങളിലായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കണം. അഗ്നിശമന വിഭാഗം, ആരോഗ്യ വകുപ്പ്, പോലീസ് എന്നീ വകുപ്പുകൾ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജരാകണമെന്നും  കലക്‌ടർ പറഞ്ഞു.

ക്യാമ്പുകളിൽ പനി ബാധിതർക്കായി പ്രത്യേക സംവിധാനം ഏർപ്പെടുത്തണമെന്നും ശക്തമായ പനിയുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നും പനി പടരാതിരിക്കാൻ ആരോഗ്യ വകുപ്പ് പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും കലക്ടർ പറഞ്ഞു.

കലക്ടറേറ്റിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിന് പുറമെ താലൂക്ക് കേന്ദ്രങ്ങളിലും കൺട്രോൾ റൂം ആരംഭിച്ചു. 1077 ആണ് ടോൾ ഫ്രീ നമ്പർ. കലക്ടറേറ്റിലെ കൺട്രോൾ റൂം നമ്പർ : 0495 -2371002

കോഴിക്കോട് താലൂക്ക് ‌കണ്‍ട്രോള്‍ റൂം നമ്പര്‍ : 0495-2372967
താമരശേരി താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പർ :   0495 -2224088
വടകര താലൂക്ക്   കൺട്രോൾ റൂം നമ്പർ :   0496-2520361
കൊയിലാണ്ടി താലൂക്ക് കൺട്രോൾ റൂം നമ്പർ : 0496-2623100

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com