News

തിരുവമ്പാടി പഞ്ചായത്തിനെതിരെയുള്ള ഇടത് സമരം:മാറ്റങ്ങളെ മറയിടാനുള്ള കള്ള പ്രചരണം മാത്രം

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ ഇടതുപക്ഷം നിരന്തരമായി സമരം ചെയ്യുന്നത് തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ വികസന ക്ഷേമ മുന്നേറ്റത്തിന് മറയിടാനുള്ള കള്ള പ്രചരണങ്ങൾ മാത്രമാണെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട വയോജനങ്ങൾക്ക് കട്ടിൽ നൽകുന്ന പദ്ധതി ഇ-ടെന്റർ മുഖേന എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് കരാർ നൽകിയത്. പദ്ധതിക്കാവശ്യമായ ഫണ്ട് മാർച്ച് 29 ന് ആണ് കരാർ കമ്പനിക്ക് നൽകിയത്. പദ്ധതി വർഷത്തെ ഫണ്ട് നഷ്ടപെടാതിരിക്കാനാണ് ഫണ്ട് മുൻക്കൂർ നൽകി എഗ്രിമെന്റ് വെച്ചത്.വയോജനങ്ങളുടെ ക്ഷേമ പദ്ധതി നഷ്ടമാകാതെ അർഹർക്ക് ലഭ്യമാക്കാനുള്ള സമീപനം സ്വീകരിച്ച പഞ്ചായത്തിനെതിരെ അഴിമതി ആരോപിക്കുന്ന ഇടതുപക്ഷം അഴിമതി തെളിയിക്കാൻ മുന്നോട്ട് വരണം.വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം നടന്നു വരികയാണ്.

ജൽജീവൻ പദ്ധതിയുടെ വാട്ടർ ടാങ്ക് പണിയാൻ എടുത്ത സ്ഥലത്തിന്റെ മറവിൽ അഴിമതി ആരോപിക്കുന്ന ഇടതുപക്ഷം ഈ തീരുമാനമെടുത്ത ഭരണസമിതിയിൽ ഏഴ് ഇടത് മെമ്പർമാരും ഉണ്ടായിരുന്നു എന്ന് ഓർക്കുന്നത് നല്ലതാണ്. എന്തിലും ഏതിലും അഴിമതി കാണുന്നവർ അഴിമതിയിൽ ചരിത്രമുള്ളവരായത് കൊണ്ടാണ്.

തിരുവമ്പാടിയിലെ തോടുകളും ജലാശയങ്ങളും വയലുകളും കയ്യേറിയതിന്റെയും മണ്ണിട്ടതിന്റെയും പിതൃത്വം ഇടത് പക്ഷം പഞ്ചായത്ത് ഭരിച്ച സമയത്താണെന്ന യാഥാർത്ഥ്യം തീരുവമ്പാടിയിലെ ജനങ്ങൾക്കറിയാം. ഇത്തരം സമീപനം തുടരുന്നവർക്കെതിതെ കർശന നടപടികളുമായി ഈ ഭരണ സമിതി മുന്നോട്ട് പോകുകയാണ്.

ലൈഫ് ഭവനപദ്ധതി നടപാക്കാൻ ആവശ്യമായ ഫണ്ട് നൽകാൻ സർക്കാർ തയ്യാറാകാതെ പഞ്ചായത്തുകളുടെ തലയിൽ ലോൺ അടിചേൽപ്പിക്കുകയാണ്.ലൈഫ് സർക്കാറിന്റെ അഭിമാന പദ്ധതിയാണെങ്കിൽ ഫണ്ട് നൽകാനും തയ്യാറാകണം.

ഗ്രാമ പഞ്ചായത്തിന്റെ ഭരണ നേതൃത്വത്തിലിരിക്കുന്നവർ നടത്തുന്ന വ്യക്തിപരമായ ബിസിനസുകളും മറ്റ് ഇടപാടുകളും ഇതിലേക്ക് കൂട്ടി കലർത്തി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നതും ,ഭരിക്കുന്ന കക്ഷികൾ നടത്തുന്ന നിർമ്മാണങ്ങൾ അനധികൃതമാണെന്നും പറയുന്ന ഇടതുപക്ഷ നിലാപാട് ജനം തിരിച്ചറിയും.

ഗ്രാമ പഞ്ചായത്തുകൾക്ക് നൽകുന്ന ഫണ്ട് വെട്ടി കുറച്ച്ചും അധികാരങ്ങൾ കവർന്നെടുത്തും മുന്നോട്ട് പോകുന്ന സംസ്ഥാന സർക്കാറിന്റെ വികസന വിരുദ്ധ സമീപനം ജനം തിരിച്ചറിയും.

തിരുവമ്പാടി ഹോമിയോ ആശുപത്രി, പൊതു കംഫർട്ട് സ്റ്റേഷൻ, മാലിന്യമുക്ത ഗ്രാമം, കുടുംബാരോഗ്യ കേന്ദ്രം നവീകരണം, തെരുവ് വിളക്കുകൾ, ബോട്ടിൽ ബൂത്തുകൾ തുടങ്ങി ഒട്ടേറെ മാതൃകാ പദ്ധതികളുമായി മുന്നോട്ടു പോകുന്ന പഞ്ചായത്തിന്റെ മുന്നേറ്റത്തിന് ജനങ്ങൾ നൽകുന്ന അംഗീകാരത്തിന് തടയിടാനാണ് ഇടത് പക്ഷം ശ്രമിക്കുന്നത്. ഇത്തരം സമരങ്ങൾ ജനങ്ങൾ തള്ളി കളയുമെന്നും ഭരണ സമിതി നേതൃത്വം പറഞ്ഞു.

യോഗത്തിൽ പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ , സ്ഥിരം സമിതി അധ്യക്ഷരായ രാമചന്ദ്രൻ കരിമ്പിൽ , ലിസി മാളിയേക്കൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com