
ഒക്ടോബർ ഒന്ന് വരെ അത്യാവശ്യമല്ലാത്ത പൊതുപരിപാടികൾ മാറ്റിവെക്കണം-കലക്ടർ
നിപ: നിയന്ത്രണങ്ങള്‍ സംബന്ധിച്ച് വിദഗ്ധ സമിതി നാളെ നിര്‍ദേശം നല്‍കും
കോഴിക്കോട് നിപ പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ച് വിദഗ്ധ സമിതി നാളെ (സെപ്റ്റംബർ 26 ചൊവ്വാഴ്ച) യോഗം ചേര്‍ന്ന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഐസൊലേഷനില്‍ കഴിയുന്നവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമനുസരിച്ച് 21 ദിവസം ഐസൊലേഷനില്‍ തന്നെ കഴിയേണ്ടതാണ്. ഐസോലേഷനില്‍ ഉള്ളവരുമായി തുടര്‍ച്ചയായി ആശയവിനിമയം നടത്തണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. ജില്ലയിലെ എല്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടേയും യോഗം ആരോഗ്യ വകുപ്പ് വിളിച്ചുചേര്‍ത്തിരുന്നു.ഒരു നിപ പരിശോധനാഫലം കൂടി നെഗറ്റീവായി. തിങ്കളാഴ്ച പുതിയ പോസിറ്റീവ് കേസുകള്‍ ഇല്ല. നിലവില്‍ ചികിത്സയിലുള്ള എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമായി തുടരുന്നു. ആകെ 378 ആളുകളുടെ സാമ്പിളുകളാണ് പരിശോധിച്ചത്.നിപ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോര്‍ കമ്മിറ്റിയും വൈകുന്നേരം അവലോകന യോഗവും ചേര്‍ന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയിലായിരുന്നു യോഗങ്ങള്‍. മന്ത്രി ഓണ്‍ലൈനായി പങ്കെടുത്തു.
നിപ ജാഗ്രത: ഒക്‌ടോബർ ഒന്ന് വരെ അത്യാവശ്യമല്ലാത്ത പൊതുപരിപാടികൾ മാറ്റിവെക്കണം-കലക്ടർ
വിദഗ്ധസമിതിയുടെ നിർദേശങ്ങൾ അനുസരിച്ച്, കോഴിക്കോട് ജില്ലയിൽ നിപ ജാഗ്രജാഗ്രത പൂർണമായും പിൻവലിക്കാനായിട്ടില്ലെന്ന് ജില്ലാദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സനായ ജില്ലാ കലക്ടർ എ ഗീത അറിയിച്ചു. ഈ സാഹചര്യത്തിൽ ഒക്ടോബർ ഒന്ന് വരെ അത്യാവശ്യമല്ലാത്ത എല്ലാ പൊതുപരിപാടികളും മാറ്റിവെക്കേണ്ടതാണെന്ന് കലക്ടർ ഉത്തരവിട്ടു. സാമൂഹിക അകലം പാലിക്കണമെന്നും മാസ്‌ക്,സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കണമെന്നും അറിയിച്ചു.
നിപ പരിശോധന: ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസിലേക്ക് അയച്ച 42 സാമ്പിളുകളും നെഗറ്റീവ്
നിപ സർവെെലൻസിന്റെ ഭാഗമായി ഭോപ്പാൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസിലേക്ക് പരിശോധനയ്ക്കായി അയച്ച 42 സാമ്പിളുകളും നെഗറ്റീവ്. നിപ പരിശോധനയ്ക്കായി സെപ്റ്റംബർ 21ന് അയച്ച വിവിധ മൃഗങ്ങളുടെ സാമ്പിളുകളാണ് നെഗറ്റീവ് ആയതെന്ന് ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു.



