
തിരുവമ്പാടി : ചരക്കുകയറ്റിവന്ന ടിപ്പർ നിയന്ത്രണംവിട്ട് പഞ്ചായത്ത് റോഡിന്റെ സംരക്ഷണഭിത്തി തകർത്ത് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. തൊണ്ടിമ്മൽ സർപ്പക്കാവ് റോഡിൽ കൊടിയങ്ങൽ വിവേകാനന്ദന്റെ വീട്ടുമുറ്റത്തേക്കാണ് നിറയെ കരിങ്കല്ലുകൾ കയറ്റിവന്ന ടിപ്പർ മറിഞ്ഞത്. ശനിയാഴ്ചരാവിലെ പത്തേ കാലോടെയാണ് സംഭവം. വണ്ടി തൊട്ടരികിലെ പ്ലാവിലേക്ക് ചായുന്നതിനിടെ പൊടുന്നനെ ഡ്രൈവർ ചാടിരക്ഷപ്പെടുകയായിരുന്നു. ടിപ്പറിലുണ്ടായിരുന്ന കരിങ്കല്ലുകളെല്ലാം വീട്ടുമുറ്റത്ത് ചിതറിക്കിടക്കുകയാണ്. കാർ പോർച്ചിന് നേരിയ പോറലുണ്ട്. ഗ്രാമപ്പഞ്ചായത്ത് ആറുമാസംമുമ്പ് പണിത കരിങ്കൽഭിത്തിയാണ് തകർന്നത്. റോഡിന്റെ താഴ്ചയിലുള്ള നാല് കുടുംബങ്ങൾക്കാണ് പഞ്ചായത്ത് ഭിത്തി പണിതത്.സുരക്ഷാഭിത്തിനിർമാണം കാര്യക്ഷമമല്ലെന്ന് നേരത്തേ ആക്ഷേപമുന്നയിച്ച് നാട്ടുകാർ രംഗത്തെത്തിയിരുന്നു. ടിപ്പർ ഇടിച്ചതിന്റെ ആഘാതത്തിൽ ഭിത്തിയാകെ ഇളകിക്കിടക്കുകയാണ്. ഇത് കൂടുതൽ കാര്യക്ഷമമായി പുനർനിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സംരക്ഷണഭിത്തി പുനർനിർമിക്കാൻ അടിയന്തര നടപടി കൈകൊള്ളുമെന്ന് വാർഡ് മെമ്പർ ബീന ആറാംപുറത്ത് അറിയിച്ചു



