LOCAL NEWS

ക്രിസ്‌മസ്‌ വിപണി ഉണർന്നു

തിരുവമ്പാടി:നഗരത്തിലിനി നിറയും നക്ഷത്രദീപങ്ങൾ. ക്രിസ്‌മസ്‌, പുതുവർഷത്തെ വരവേൽക്കാൻ വിപണിയിൽ താരകങ്ങൾ നിറഞ്ഞു.  കടലാസ്‌ നക്ഷത്രങ്ങൾ, കൂറ്റൻ എൽഇഡി ജംബോ നക്ഷത്രങ്ങൾ, ടേബിൾടോപ്പ്‌ ക്രിസ്‌മസ്‌ ട്രീ മുതൽ മടക്കി സഞ്ചിയിലാക്കാൻ കഴിയുന്ന ബഹുവർണത്തിലുള്ള പിരമിഡ്‌ലൈറ്റ് ട്രീവരെയാണ്‌ ഇത്തവണത്തെ പ്രത്യേകതകൾ. 

സാന്താക്ലോസ്‌, പുൽക്കൂട്‌, ക്രിസ്‌മസ്‌ തൊപ്പി, ജിങ്കിൾ ബെൽസ്‌, ക്രിസ്‌മസ്‌ ബൾബ്‌ എന്നീ ‘പഴയ താര’ങ്ങളും വിപണിയിലുണ്ട്‌. ക്രിസ്‌മസിന്റെ ഭാഗമായുള്ള  ചെറുതും വലുതുമായ എല്ലാ അലങ്കാരങ്ങളിലും പുതിയ പരീക്ഷണങ്ങളാണ്‌ നിർമാതാക്കൾ നടത്തിയിരിക്കുന്നത്‌.  140ലധികം ഡിസൈനുകൾ മിന്നിമറയുന്ന എൽഇഡി ജംബോ നക്ഷത്രങ്ങളാണ്‌ ഇക്കുറി ആളുകൾ തേടിയെത്തുന്നത്‌.  50 രൂപ മുതൽ 600 രൂപവരെയാണ്‌ കടലാസു നക്ഷത്രങ്ങളുടെ വില. എൽഇഡി നക്ഷത്രങ്ങൾക്ക്‌ 120 രൂപ മുതൽ 3400 രൂപവരെയാണ്‌. മെറ്റൽ, ഫൈബർ പുൽക്കൂടുകൾക്ക്‌ പുറമെ പനയോലയിൽ തീർത്ത മടക്കി സൂക്ഷിക്കാൻ കഴിയുന്ന പുൽക്കൂടുകളും വിപണിയിലുണ്ട്‌. 350 രൂപ മുതൽ 1400 ഓളം രൂപവരെയാണ്‌ വില. പത്തു രൂപയ്‌ക്ക്‌ ലഭിക്കുന്ന കുഞ്ഞൻ ക്രിസ്‌മസ്‌ അപ്പൂപ്പൻമാരുടെ രൂപങ്ങൾ മുതൽ 4,000 രൂപ വരെയുള്ള ബൊമ്മകളും സജീവം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായുള്ള സാന്താക്ലോസ്‌ വസ്‌ത്രങ്ങളും തയ്യാറാണ്‌. 300 രൂപമുതൽ 4,500 രൂപവരെ വിലയുണ്ട്‌ സാന്താക്ലോസ്‌ ഉടുപ്പുകൾക്ക്‌. ചുവന്ന തൊപ്പികൾക്കൊപ്പം വെള്ളനിറത്തിലുള്ള തൊപ്പികളാണ്‌ ഇത്തവണത്തെ പ്രത്യേകത.  റെഡിമെയ്‌ഡ്‌ ഉൽപ്പന്നങ്ങൾക്ക്‌ പുറമേ ഇവയെല്ലാം വീടുകളിൽ തയ്യാറാക്കാൻ കഴിയുന്ന അസംസ്‌കൃത വസ്‌തുക്കളും ലഭ്യമാണ്‌.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com