
താമരശ്ശേരി : ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ (ചുരം ബൈപ്പാസ്) റോഡ് യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തിൽ ചിപ്പിലിത്തോട് മുതൽ മരുതിലാവ് വനാതിർത്തിവരെ തിങ്കളാഴ്ച ജനകീയസന്ദർശനം നടത്തി.വാഹനമാർഗം മരുതിലാവിലെത്തി അവിടെനിന്ന് വനാതിർത്തിവരെയുള്ള അരക്കിലോമീറ്ററോളം ദൂരം ബിഷപ്പും വിവിധ സംഘടനാപ്രതിനിധികളും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുമെല്ലാം ചേർന്ന് കാൽനടയായി താണ്ടുകയായിരുന്നു. സന്ദർശനത്തിനുശേഷം മരുതിലാവിലെ സ്വകാര്യ റിസോർട്ട് പരിസരത്ത് ചേർന്ന അവലോകനയോഗം ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനംചെയ്തു. കാലപ്പഴക്കംകൊണ്ട് നിലനിൽപ്പ് ഭീഷണി നേരിടുന്ന താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരമായി വിഭാവനം ചെയ്ത ചുരംബൈപ്പാസെന്ന സ്വപ്നപദ്ധതി യാഥാർഥ്യമാക്കാൻ സത്വര നടപടി സ്വീകരിക്കണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടു. ചുരം ബൈപ്പാസ് യാഥാർഥ്യമാക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കണം. യാത്രാദുരിതം പരിഹരിക്കാനുള്ള ഈ വലിയ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് മുൻനിരയിലുണ്ടാവുമെന്നും ബിഷപ്പ് അറിയിച്ചു.
ചുരംബൈപ്പാസിന്റെ ഡി.പി.ആർ തയ്യാറാക്കാൻ ആവശ്യമായ വിഹിതം ബജറ്റിൽ സർക്കാർ വകയിരുത്തണമെന്ന് അവലോകനയോഗത്തിൽ നിർദേശമുയർന്നു. ചിപ്പിലിത്തോട് മുതൽ മരുതിലാവ് വനാതിർത്തിവരെ കോടഞ്ചേരി, പുതുപ്പാടി പഞ്ചായത്ത് പരിധികളിലൂടെ അഞ്ചരക്കിലോമീറ്റർ റോഡ് നിലവിലുണ്ട്. അതുകഴിഞ്ഞ് മൂന്നുകിലോമീറ്ററോളം വനമേഖലയാണ്. ഇവിടെ തുരങ്കപാതയുടെ സാധ്യത പ്രയോജനപ്പെടുത്താം. പിന്നീട് ആറരക്കിലോമീറ്റർ വൈത്തിരി പഞ്ചായത്ത് പരിധിയിലെ കൂപ്പ് റോഡുമാണ്. ദേശീയപാതയുടെ ഭാഗമായി പരിഗണിക്കാമെന്നതിനാൽ നിർദിഷ്ട ബൈപ്പാസിനുള്ള നിർമാണച്ചെലവ് കേന്ദ്രത്തിൽനിന്ന് ലഭ്യമാക്കാനാവുമെന്നും യോഗം കൂട്ടിച്ചേർത്തു.അവലോകനയോഗത്തിൽ ചുരം ബൈപ്പാസ് കർമസമിതി പ്രസിഡന്റ് വി.കെ. ഹുസൈൻകുട്ടി അധ്യക്ഷനായി. കെ.സി. വേലായുധൻ, ഗിരീഷ് തേവള്ളി, ടി.ആർ.ഒ. കുട്ടൻ, ജോണി പാറ്റാനി, അന്നമ്മ മാത്യു, നജുമുന്നീസ ഷെരീഫ്, അംബിക മംഗലത്ത്, ഷിജു ഐസക്, വി.കെ. മൊയ്തു മുട്ടായി, ബുഷ്‌റ ഷാഫി തുടങ്ങിയവർ സംസാരിച്ചു



