LOCAL NEWS

കാളിയാമ്പുഴവളവിൽ അപകടംപതിയിരിക്കുന്നു

തിരുവമ്പാടി : തിരുവമ്പാടി-പുല്ലൂരാംപാറ റൂട്ടിൽ പള്ളിപ്പടി അങ്ങാടിക്ക്‌ തൊട്ടുമുമ്പുള്ള കാളിയാമ്പുഴവളവിൽ അപകടംപതിയിരിക്കുന്നു.ഇരുവഴിഞ്ഞിപ്പുഴയോടുചേർന്ന് കടന്നുപോകുന്ന റോഡിൽ സംരക്ഷണഭിത്തിയൊന്നുമില്ല. റോഡിന്റെ വശങ്ങളിൽ കാട് പടർന്നുകിടക്കുന്നു. സൂചനാബോർഡിലടക്കം കാടുകയറി. വാഹനങ്ങൾ നിയന്ത്രണം വിടുന്നപക്ഷം പുഴയുടെ ഭാഗത്തെ വൻ താഴ്ചയിലേക്കായിരിക്കും പതിക്കുക.

നിർദിഷ്ട ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത കടന്നുപോകുന്ന റോഡാണിത്. കെ.എസ്.ആർ.ടി.സി., സ്കൂൾബസുകൾ ഉൾപ്പെടെ ഗതാഗതത്തിരക്കേറിയ റോഡായതിനാൽ ദുരന്തസാധ്യതയേറെയാണ്. അരിപ്പാറ, തുഷാരഗിരി ഉൾപ്പെടെയുള്ള വിനോദസഞ്ചാരമേഖലയിലേക്കുള്ള പ്രധാന റോഡാണിത്.വിനോദസഞ്ചാരികളേറെയും വിദൂരങ്ങളിൽനിന്നുള്ളവരാകയാൽ റോഡിലെ അപകടത്തുരുത്തിനെക്കുറിച്ച് അറിയില്ല.കാളിയാമ്പുഴ ഉൾപ്പെടുന്ന തിരുവമ്പാടി-പുല്ലൂരാംപാറ-എടത്തറ-മറിപ്പുഴ റോഡ് കിഫ്ബി സഹായധനത്തോടെ നവീകരിക്കാൻ പദ്ധതിയുണ്ട്. 108.314 കോടി രൂപ അടങ്കൽ തുകയുള്ള പദ്ധതി 10 മീറ്റർ വീതിയിൽ ആധുനികസൗകര്യങ്ങളോടെയാണ് നവീകരിക്കുക. അഴുക്കുചാൽ, അമ്പതോളം കലുങ്കുകൾ, നാലുപാലങ്ങൾ, പ്രധാനകേന്ദ്രങ്ങളിൽ ഇന്റർലോക്ക് പതിച്ച നടപ്പാത, റോഡ് സേഫ്റ്റി എന്നിവ അടങ്ങിയതാണ് പദ്ധതി.കഴിഞ്ഞ ഏപ്രിലിൽ ടെൻഡർനടപടിയായെങ്കിലും നിർമാണപ്രവൃത്തി ഇനിയും ആരംഭിച്ചില്ല. ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് കരാറേറ്റെടുത്തത്. കാളിയാമ്പുഴവളവിലെ അപകടഭീഷണി ഒഴിവാക്കാൻ അടിയന്തരനടപടി വേണമെന്ന് കർഷകകോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഷിജു ചെമ്പനാനി ആവശ്യപ്പെട്ടു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com