
കോഴിക്കോട്: വേനല്‍ചൂട് കടുത്തതോടെ ജലജന്യരോഗങ്ങളും ഭക്ഷ്യവിഷബാധയും തടയാൻ പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് രംഗത്ത്. ജില്ലയിലെ ശീതളപാനീയ വില്‍പ്പന കേന്ദ്രങ്ങളിലും ജ്യൂസ് കടകളിലും വഴിയോര കടകളിലും, കുടിവെള്ള ഉത്പാദന കേന്ദ്രങ്ങളിലുമാണ് പരിശോധന നടത്തുന്നത്. ജില്ലയിലുടനീളം അഞ്ച് സ്‌ക്വാഡുകളായാണ് പരിശോധന.
വെള്ളത്തിന് ക്ഷാമം ഏറിയതോടെ ഗുണമേന്മയില്ലാത്തതും മലിനമായതുമായ വെള്ളം വിതരണത്തിന് എത്താനുള്ള സാദ്ധ്യത കണക്കിലെടുത്ത് കുപ്പിവെള്ള നിർമ്മാണ ശാലകളിലും പരിശോധന നടക്കുന്നുണ്ട്. ഇവിടങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചു.
ചൂട് കൂടിയതോടെ നിരവധി ജ്യൂസ്, ശീതളപാനീയ വില്‍പ്പന കേന്ദ്രങ്ങളാണ് വഴിയോരങ്ങളില്‍ ആരംഭിച്ചിട്ടുള്ളത്. തണ്ണിമത്തൻ ജ്യൂസുകള്‍ മാത്രം വില്‍ക്കുന്ന കടകളും വഴിയോരങ്ങളില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ഇവ ശുദ്ധമാണോയെന്ന് കണ്ടെത്താനുള്ള പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്.
അംഗീകൃതമല്ലാത്തതും വ്യാജവുമായ ഭക്ഷണം വിറ്റാല്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കർശന നടപടി സ്വീകരിക്കും.
@കച്ചവടക്കാർ ശ്രദ്ധിക്കാൻ
- കാലവധി കഴിഞ്ഞ പാല്‍ ഉപയോഗിക്കാതിരിക്കുക.
- ജ്യൂസുകള്‍ നിർമ്മിക്കാനുപയോഗിക്കുന്ന ജലം ശുദ്ധമാണെന്ന് ഉറപ്പുവരുത്തണം.
- ആറുമാസം കൂടുമ്പോഴും വെള്ളം പരിശോധിച്ചതിന്റെ സർട്ടിഫിക്കറ്റ് കടകളില്‍ സൂക്ഷിക്കണം.
- കടകള്‍ക്ക് ഭക്ഷ്യസുരക്ഷാ ലൈസൻസ് നിർബന്ധം
- നാരങ്ങ പിഴിയാൻ ഉപയോഗിക്കുന്ന ഉപകരണം, മറ്റ് പാത്രങ്ങള്‍, കത്തി, കട്ടിംഗ് ബോർഡ് എന്നിവ അണുവിമുക്തമാക്കണം.
- അംഗീകൃത ഫാക്ടറികളില്‍ നിന്ന് ഭക്ഷ്യയോഗ്യമായ ഐസ് മാത്രമേ വാങ്ങാവൂ.
- വ്യക്തി ശുചിത്വം പാലിക്കണം.
@ചൂട് ഇനിയും കൂടും
കാലാവസ്ഥാ വ്യതിയാനവും പടിഞ്ഞാറൻ കാറ്റ് തീരത്തിന് സമാന്തരമായതിനാല്‍ തീരദേശത്തും ജില്ലയിലാകെയും ചൂട് ഇനിയും കൂടും. ഇന്നലെ 35 ഡിഗ്രി ചൂടായിരുന്നു ജില്ലയില്‍ രേഖപ്പെടുത്തിയത്. വരും ദിവസങ്ങളില്‍ ഇനിയും കൂടാനാണ് സാദ്ധ്യത. അന്തരീക്ഷത്തെ സ്വാധീനിക്കുന്ന പ്രത്യേക ഘടകങ്ങള്‍ ഇല്ലാത്തതിനാല്‍ സമാന കലാവസ്ഥ അടുത്ത ദിവസങ്ങളിലും തുടരും.
ചൂട് കൂടുന്നതിനാല്‍ ധാരാളം വെള്ളം കുടിക്കുകയും നിർജലീകരണം ഒഴിവാക്കുകയും ചെയ്യണം. വെയിലിന് ചൂട് കൂടുന്നതിനാല്‍ നേരിട്ട് വെയില്‍ കൊള്ളുന്നതും സുരക്ഷിതമല്ലന്നും കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നല്‍കുന്നു.
”സ്ക്വാഡുകളുടെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. നിയമലംഘനം കണ്ടെത്തുന്ന കടകള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും”
സക്കീർ ഹുസെെൻ,
അസി.കമ്മിഷണർ,
ഭക്ഷ്യസുരക്ഷാ വകുപ്പ്.



