
താമരശ്ശേരി : സാധാരണക്കാർക്ക് വളരെ കുറഞ്ഞചെലവിൽ ആതുരശുശ്രൂഷ നൽകിയും കിടപ്പുരോഗികൾക്ക് ആഴ്ചയിലൊരിക്കൽ സൗജന്യചികിത്സ ലഭ്യമാക്കിയ ജനകീയ ഡോക്ടറായിരുന്നു ഡോ. എം. ശാന്താറാം. പുതുപ്പാടിയിലെ ഒട്ടുമിക്കവരും തങ്ങളുടെ കുടുംബഡോക്ടറെപ്പോലെ നോക്കിക്കണ്ട് ഹൃദയത്തോടുചേർത്ത സൗമ്യവ്യക്തിത്വം.
രോഗികളെ പരിശോധിക്കുന്ന മാത്രയിൽ ഉപകരണസഹായമില്ലാതെത്തന്നെ രോഗനിർണയം നടത്താൻ സിദ്ധിയുള്ള പ്രതിഭാധനനായ അദ്ദേഹം മനുഷ്യത്വത്തിന്റെ മഹനീയമാതൃക കാണിച്ച ഡോക്ടർ കൂടിയായിരുന്നു.
കണ്ണൂരുകാരനായ ഡോ. ശാന്താറാം 1979-ൽ എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയ ഉടനെ കോഴിക്കോട്ടെ പുതുപ്പാടിയെയാണ് തന്റെ കർമമണ്ഡലമായി തിരഞ്ഞെടുത്തത്. സുഹൃത്ത് രാംനാഥ് കൈതപ്പൊയിലിൽ തുടങ്ങിവെച്ച സ്ഥാപനം ഏറ്റെടുത്ത് നടത്തിയായിരുന്നു തുടക്കം. ഡോ.പരിമളയെ ജീവിതസഖിയാക്കിയ ശാന്താറാം കുടുംബസമേതം കൈതപ്പൊയിലിൽ സ്ഥിരതാമസമാക്കി ക്രമേണ നാട്ടുകാരനായി മാറി.
ലാബ് പരിശോധനകളുടെ ആവശ്യമില്ലാതെത്തന്നെ ലക്ഷണം നോക്കി രോഗം നിർണയിച്ച് അത്യാവശ്യമുള്ള മരുന്നുകൾക്കുമാത്രം കുറിപ്പെഴുതുകയും വിദഗ്ധചികിത്സ അത്യാവശ്യമുള്ള ഘട്ടങ്ങളിൽ ബന്ധപ്പെട്ടവർക്ക് റഫർ ചെയ്യുകയുമായിരുന്നു ഇദ്ദേഹത്തിന്റെ പതിവ്. ഏത് പാതിരാസമയത്ത് വിളിച്ചാലും മടികൂടാതെ കിടപ്പുരോഗികളെ വീട്ടിലെത്തി ചികിത്സിക്കുകയും ചെയ്തു.
എല്ലാ വെള്ളിയാഴ്ചകളിലും പുതുപ്പാടി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററിൽ രോഗികളെ സൗജന്യമായി ചികിത്സിച്ചു.
പാവപ്പെട്ട രോഗികൾക്ക് സൗജന്യമായി മരുന്നും ചികിത്സയും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സർവകക്ഷിപിന്തുണയോടെ രൂപവത്കരിച്ച മെഡിക്കൽ എയ്ഡ് സർവീസ് സൊസൈറ്റിയുടെ ജീവനാഡിയായിരുന്നു ശാന്താറാം
കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി
പോസ്റ്റ്‌മോർട്ടത്തിനുശേഷം കോഴിക്കോട്ടുനിന്ന് പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിന്റെ അതിർത്തിയായ പെരുമ്പള്ളിലേക്കെത്തിച്ച ഡോ. ശാന്താറാമിന്റെ ഭൗതികശരീരം അവിടെനിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായി കൊണ്ടുവരികയായിരുന്നു. പിന്നീട് വസതിയിലും കൈതപ്പൊയിൽ മദ്രസയിലും പൊതുദർശനത്തിന് വെച്ചു. സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ട നിരവധിപേർ അന്തിമോപചാരമർപ്പിക്കാനെത്തി. തുടർന്ന് കാരക്കുന്ന് പൊതുശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. ജനകീയ ഡോക്ടറോടുള്ള ആദരസൂചകമായി പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിൽ ഉച്ചയ്ക്ക് രണ്ടുമണിമുതൽ കടകളടച്ച് ഹർത്താലാചരിക്കുകയും ചെയ്തു



