LOCAL NEWSNews

ഒരാഴ്ചക്കുള്ളില്‍ കൃഷിയിടത്തിലെ 50 ഓളം തെങ്ങുകള്‍ നശിപ്പിച്ചു

കൂരാച്ചുണ്ട്: കക്കയത്തെ കൃഷിയിടങ്ങളില്‍ കാട്ടാനകളുടെ വിളയാട്ടം മൂലം നശിച്ചത് ഒട്ടനവധി കാർഷിക വിളകള്‍. പഞ്ചായത്ത് നാലാം വാർഡിലെ കക്കയം മുപ്പതാംമൈലിലെ ഒരു കൃഷിയിടത്തില്‍ തന്നെ ഒരാഴ്ചക്കിടയില്‍ കാട്ടാനകള്‍ നിലംപരിശാക്കിയത് അൻപതിലേറെ തെങ്ങുകളും കമുകുകളും, വാഴ തുടങ്ങിയ നിരവധി കാർഷിക വിളകളാണ്.

മുപ്പതാംമൈലിലെ കർഷക സഹോദരങ്ങളായ പയ്യടിമീത്തല്‍ മൊയ്തീൻ ഹാജി, പയ്യടിമീത്തല്‍ അലവി ഹാജി എന്നിവരുടെ കൃഷിയിടത്തിലെ തെങ്ങുകളും മറ്റുമാണ് കഴിഞ്ഞ രാത്രിയില്‍ കാട്ടാനകള്‍ തകർത്തത്. ദിവസങ്ങള്‍ക്ക് മുമ്പും ഇവിടെ കാട്ടാനകള്‍ നാശം വിതച്ചിരുന്നു.

കഴിഞ്ഞ ദിവസം വൈകിട്ടോടെ തന്നെ കല്ലാനോട് മേഖലയിലെ ഡാം റിസർവോയറിന്‍റെ ഈന്തൻ കടവ് ഭാഗത്ത് എത്തിയ കാട്ടാനകളെ രക്ഷാ സ്ക്വാഡും വനം ജീവനക്കാരും പടക്കം പൊട്ടിച്ചു തുരത്തിയപ്പോള്‍ ദശരഥൻ കടവ് നീന്തി കടന്നാണ് മുപ്പതാംമൈലിലെ ജനവാസ കേന്ദ്രത്തില്‍ എത്തിയത്.

പടക്കം പൊട്ടിച്ചിട്ടും വകവയ്ക്കാതെയാണ് ആനകളുടെ കൃഷിയിടത്തിലേക്കുള്ള കടന്നാക്രമണം. സന്ധ്യാസമയത്ത് കൃഷിയിടത്തില്‍ കയറിയ ആനകള്‍ പുലർച്ചെ അഞ്ചരയോടെയാണ് കാടുകയറിയതെന്നാണ് പ്രദേശവാസികള്‍ പറഞ്ഞത്.

കൂട്ടമായിറങ്ങുന്ന കാട്ടാനകളെ തടഞ്ഞ് കർഷകർക്ക് രക്ഷ നല്‍കാൻ ആവശ്യമായ പരിഹാര മാർഗങ്ങള്‍ നടപ്പിലാക്കാൻ അടിയന്തിര നടപടി വേണമെന്നാണ് നാട്ടുകാർ ആവശ്യം ഉയർത്തുന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com