LOCAL NEWSNews

പ്രതിഷേധച്ചൂടില്‍ കക്കയം

കോഴിക്കോട്: കക്കയത്ത് ഏബ്രഹാം എന്ന കർഷകൻ കാട്ടുപോത്തിന്‍റെ കുത്തേറ്റ് മരിച്ച സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിക്കു മുമ്പില്‍ നാട്ടുകാരും പോലീസും തമ്മില്‍ സംഘർഷം. ഒരു മണിക്കൂറോളം കാഷ്വാലിറ്റിക്കു മുമ്പില്‍ നാട്ടുകാരും കോണ്‍ഗ്രസ് നേതാക്കളും പ്രവർത്തകരും പ്രതിഷേധിച്ചു. ഒടുവില്‍ കാട്ടുപോത്തിനെ വെടിവച്ചു കൊല്ലാമെന്നു ജില്ലാ കലക്ടർ അറിയിച്ചതിനെ തുടർന്നാണ് പ്രതിഷേധം അവസാനിച്ചത്.

നാട്ടുകാർ ഉന്നയിച്ച മറ്റ് ആവശ്യങ്ങളിൻമേല്‍ അനുഭാവപൂർണമായ നടപടി സ്വീകരിക്കാമെന്നും അധികൃതർ ഉറപ്പു നല്‍കി. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് ഏബ്രഹാമിനെയും കൊണ്ട് നാട്ടുകാർ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയത്. ഡോക്ടറുടെ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. ഇവിടെനിന്ന് മൃതദേഹം ആംബുലൻസില്‍ കയറ്റി മോർച്ചറിയിലേക്കു കൊണ്ടുപോകാൻ ശ്രമിച്ചപ്പോള്‍ കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് കെ. പ്രവീണ്‍കുമാർ, കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്‍റ് പോളി കാരക്കട, വാർഡ് അംഗം ഡാർളി ഏബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തില്‍ തടഞ്ഞു.

സംഘർഷാവസ്ഥയെത്തുടർന്ന് കോഴിക്കോട് ഡിസിപി അനുജ് പലിവാളിന്‍റെ നേതൃത്വത്തില്‍ വൻ പോലീസ് സന്നാഹവും സ്ഥലത്തെത്തി. ഇതിനിടെ മെഡിക്കല്‍ കോളജ് എസിപി മോശമായി പെരുമാറിയെന്നാരോപിച്ച്‌ പ്രതിഷേധക്കാർ ഇടഞ്ഞു. പോലീസും നാട്ടുകാരും തമ്മില്‍ വാക്കേറ്റമായി. കലക്ടർ അടക്കമുള്ള ഉന്നതോദ്യോഗസ്ഥർ സ്ഥലത്തെത്താതെ പിൻമാറില്ലെന്ന് നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് കോഴിക്കോട് ഡിസിപി അനൂജ് പലിവാള്‍ ജില്ലാ കലക്ടർ സ്നേഹില്‍കുമാർ സിംഗുമായി ഫോണില്‍ സംസാരിച്ചു.

ഏബ്രഹാമിന്‍റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുക, കുടുംബാംഗത്തിന് ജോലി നല്‍കുക, ഏബ്രഹാമിന്‍റെ സ്ഥലം സർക്കാർ ഏറ്റെടുക്കുക, കാട്ടുപോത്തിനെ വെടിവച്ചു കൊല്ലുക എന്നീ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ പ്രധാനമായും ഉന്നയിച്ചത്. കാട്ടുപോത്തിനെ വെടിവച്ചുകൊല്ലുമെന്ന് കലക്ടർ ഡിസിപി മുഖേന നാട്ടുകാരെ അറിയിച്ചു. മറ്റാവശ്യങ്ങള്‍ സർക്കാരുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കാമെന്നും കലക്ടർ അറിയിച്ചു. ഇതേത്തുടർന്ന് നാട്ടുകാർ പിൻമാറി.

മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. ഇന്നു രാവിലെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് അധികൃതർ അറിയിച്ചു. അതിനിടെ, തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് രേഖാമൂലമുള്ള ഉറപ്പ് ഇന്ന് ലഭിച്ചില്ലെങ്കില്‍ മൃതദേഹവുമായി അതിശക്തമായ പ്രക്ഷോഭപരിപാടികള്‍ നടത്തുമെന്ന് ഏബ്രഹാമിന്‍റെ അയല്‍വാസികളും ബന്ധുക്കളും മുന്നറിയിപ്പു നല്‍കി.

ഏബ്രഹാമിന്‍റെ ഭാര്യ രോഗിയാണ്. ഏബ്രഹാമിന്‍റെ മരണത്തോടെ സ്ഥലത്ത് കൃഷിയെടുത്ത് ജീവിക്കാൻ കുടുംബത്തിന് ഇനി കഴിയില്ലെന്ന വസ്തുത കണക്കിലെടുത്താണ് സ്ഥലം സർക്കാർ ഏറ്റെടുത്ത് മതിയായ തുക നല്‍കണമെന്ന് ആവശ്യപ്പെട്ടതെന്ന് ഏബ്രാമിന്‍റെ അയല്‍വാസിയായ സജി പറഞ്ഞു.

ഇന്ന് ഹർത്താല്‍

കക്കയത്ത് കൃഷിയിടത്തില്‍ ജോലിക്കിടെ കാട്ടുപോത്ത് ആക്രമിച്ച്‌ കർഷകൻ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഇന്ന് കൂരാച്ചുണ്ട് പഞ്ചായത്തില്‍ യുഡിഎഫും എല്‍ഡിഫും ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറു വരെയാണ് യുഡിഎഫ് ഹർത്താല്‍. രാവിലെ എട്ടുമുതല്‍ വൈകുന്നേരം ആറു വരെയാണ് എല്‍ഡിഎഫ് ഹർത്താല്‍.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com