LOCAL NEWSMUKKAM

മലയോരത്ത് കനത്ത മഴ: താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി

മുക്കം: ഇന്നലെ ഉച്ചയ്ക്ക് മലയോരത്ത് പെയ്ത കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങി. ഉച്ചയോടെ കനത്ത ഇടിമിന്നലിന്‍റെ അകമ്പടിയോടെ ആരംഭിച്ച ശക്തമായ മഴ മണിക്കൂറുകളോളമാണ് നീണ്ടുനിന്നത്.

ഇതോടെ നോർത്ത് കാരശേരി അങ്ങാടിയില്‍ എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയുടെ ഇരുഭാഗങ്ങളിലുമുള്ള താഴ്ന്ന സ്ഥലങ്ങളെല്ലാം തന്നെ വെള്ളത്തിനടിയിലായി. പെട്രോള്‍ പമ്പിലും വെള്ളം കയറി.

മുക്കം ഹൈസ്കൂളില്‍ നിന്ന് പിസി ജംഗ്ഷനിലേക്ക് എത്തുന്ന റോഡില്‍ മുകള്‍ ഭാഗത്തുനിന്ന് ശക്തമായി വെള്ളം ഒലിച്ചതോടെ ഗതാഗതവും തടസപ്പെട്ടു. ഒരു ഓട്ടോറിക്ഷ ഉള്‍പ്പെടെ റോഡില്‍ കുടുങ്ങി. മുക്കം ടൗണില്‍ സംസ്ഥാനപാതക്കരികില്‍ കാരശേരി ബാങ്കിന് മുൻവശത്ത് റോഡില്‍ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗത തടസം ഉണ്ടാക്കി.

അശാസ്ത്രീയമായ റോഡ് നിർമാണം മൂലം ഓരോ മഴയത്തും ഈ പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടാവുക പതിവാണ്. കാരശേരി പഞ്ചായത്തിലെ മുരിങ്ങംപുറായി – മലാംകുന്ന് റോഡിലെ കലുങ്കിന്‍റെ കോണ്‍ക്രീറ്റും ഒലിച്ചുപോയി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com