
നീരുറവകളെ പോലും കുടിച്ച് വറ്റിച്ച് വേനൽ ചൂട്. വേനല്മഴയും മാറി നിന്നതോടെ ജില്ലയിൽ കുടിവെള്ള ക്ഷാമവും രൂക്ഷമായി. ജില്ലയിലെ പ്രധാന ജല സ്രോതസുകളായ പുഴകളെല്ലാം വേഗത്തിൽ വറ്റി വരളുകയാണ്.ഇരുവഞ്ഞിപ്പുഴ, ചാലിയാർ, കുറ്റ്യാടി പുഴ, പൂനൂർ പുഴ തുടങ്ങിയ പ്രധാന നദികളിലെല്ലാം ജല നിരപ്പ് നന്നേ താഴ്ന്നു. മലയോര മേഖലകളിൽ വെള്ളം ഇല്ലാതെ പുഴകളെല്ലാം കല്ലിൻകൂട്ടങ്ങളായി മാറി. ഇവയുടെ കൈവഴികളായ തോടുകളും നീർച്ചാലുകളും മിക്കതും വറ്റിയിരിക്കുന്നു. പുഴയോരങ്ങളിലെ കിണറുകളും കുളങ്ങളും വറ്റി തുടങ്ങി. ഇതോടെ മിക്കവരും കുളിക്കാനും അലക്കാനും പുഴയിലേക്ക് എത്തുകയാണ്.ജലനിരപ്പ് താഴ്ന്നതിനാൽ ബണ്ട് കെട്ടിയും മറ്റുമാണ് പുഴകളിൽ വെള്ളം പിടിച്ച് വയ്ക്കുന്നത്.മലയോര മേഖലയിൽ ജലജീവൻ പദ്ധതിയിൽ വീടുകൾക്ക് മുൻപിൽ പൈപ്പും ടാപ്പും മാസങ്ങൾക്ക് മുൻപ് സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ വെള്ളം ലഭ്യമല്ല. മിക്കയിടത്തും പെപ്പിടൽ അടക്കമുള്ള ജോലി പുരോഗമിക്കുകയാണ്. എങ്കിലും വെള്ളം ലഭിക്കാൻ വേനൽ കഴിയേണ്ടി വരും. മലയോര മേഖലകളിൽ മിക്ക കുടുംബങ്ങളും പറമ്പിലെ ഉറവകളിൽ നിന്നാണ് വെളളം ശേഖരിച്ചിരുന്നത്.
ഇതാണ് ഒന്നടങ്കം വറ്റിയത്. ഇവിടങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള കുടിവെള്ള വിതരണം നടക്കുന്നതാണ് ആശ്വാസം. സാധാരണ മാർച്ച് പകുതിയോടെയാണ് വെള്ളം കുറഞ്ഞു തുടങ്ങുന്നത്.എന്നാൽ ഇത്തവണ ഫെബ്രുവരിയിൽ തന്നെ വെള്ളം കുറഞ്ഞിരുന്നു. 37 ഡിഗ്രി വരെയാണ് ജില്ലയിൽ ചൂട് ഉയരുന്നത്.ജലക്ഷാമം രൂക്ഷമായത് കൃഷിയേയും സാരമായി ബാധിക്കുകയാണ്. മുൻപ് രാവിലെയും വൈകിട്ടും നനച്ചിരുന്നവർ ഇത് ഒരു നേരമാക്കി കുറച്ചു.മലയോര മേഖലകളിലും ഉറവകൾ വറ്റിയതോടെ ജലക്ഷാമം രൂക്ഷമാണ്. വേനൽമഴ ലഭിച്ചില്ലെങ്കിൽ മലയോര മേഖലയിൽ ജലക്ഷാമം രൂക്ഷമാകും.



