
തിരുവമ്പാടി : ചാലിയാറിന്റെ പോഷകനദിയായ ഇരുവഴിഞ്ഞിപ്പുഴയും കൈവഴിയായ പൊയിലിങ്ങാപ്പുഴയും ഉൾപ്പെടെ മലയോരത്തെ പ്രകൃതിദത്ത ജലസ്രോതസ്സുകൾ ഒന്നടങ്കം വരണ്ടുണങ്ങുന്നു. ഇരുവഴിഞ്ഞിപ്പുഴയുടെ ഉദ്‌ഭവസ്ഥലമായ വെള്ളരിമലയുടെ താഴ്‌വാരങ്ങളിൽ ജലവിതാനം കുത്തനെ താഴ്ന്നു. മറിപ്പുഴ, മുത്തപ്പൻപുഴ, ആനക്കാംപൊയിൽ, പുല്ലൂരാംപാറ, തിരുവമ്പാടി തോട്ടത്തിൻകടവ് ഭാഗങ്ങളിലെല്ലാം പുഴ നാൾക്കുനാൾ വരളുകയാണ്.
ഇരുവഴിഞ്ഞിയുടെ കൈവഴികളായ കണിയാട് പുഴ, ഇടത്തറ പുഴ, കരിമ്പുഴ, ചാലിപ്പുഴ, പൊയിലിങ്ങാപ്പുഴ, ചെറുപുഴ എന്നിവയെല്ലാം നീരൊഴുക്കായി മാറി.പൊയിലിങ്ങാപ്പുഴയുടെ ഉറുമി, കുളിരാമുട്ടി, പൂവാറൻതോട് പ്രദേശങ്ങളെല്ലാം നീരൊഴുക്കായിമാറി. പുഴകളിലേക്ക് ഒഴുകിക്കൊണ്ടിരുന്ന കൈത്തോടുകളും വറ്റിവരണ്ടു. വരൾച്ചയിൽ ആദിവാസികോളനിയിലെ അന്തേവാസികളാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഊർക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് ഷട്ടർ പ്രവർത്തിക്കുന്നതിനാൽ ഇരുവഴിഞ്ഞിപ്പുഴയുടെ മുക്കം തൃക്കുടമണ്ണ കടവ് വരെയുള്ള ഭാഗങ്ങളിൽ പദ്ധതിയുടെ ഗുണം ലഭിക്കുന്നുണ്ട്. ശേഷമുള്ള ഭാഗങ്ങളിലാണ് ജലവിതാനം കുത്തനെ താഴ്ന്നത്. തീരങ്ങളിലെ കുടിവെള്ളപദ്ധതികളെല്ലാം അവതാളത്തിലാണ്. കിണറുകളിലും വെള്ളം കുറഞ്ഞു. ജലസേചനസൗകര്യം ലഭിക്കാത്തത് കാരണം വിളകൾ കരിഞ്ഞുണങ്ങുന്നതായി കർഷകർ പറയുന്നു



