കോഴിക്കോട് നഗരം വൃത്തിയാക്കാൻ ഇനി യന്ത്രം

കോഴിക്കോട് : നഗരത്തിലെ വലിയ റോഡുകൾ വൃത്തിയാക്കാൻ ഇനി യന്ത്രസംവിധാനവും. റോഡ് സ്വീപ്പിങ് മെഷീൻ ബീച്ച് ഓപ്പൺ സ്റ്റേജിനുസമീപം മേയർ ബീനാ ഫിലിപ്പ് ഫ്ലാഗ് ഓഫ് ചെയ്തു.വലിയവാഹനത്തിൽ യന്ത്രംപിടിപ്പിച്ച രീതിയിലുള്ള സംവിധാനമാണിത്. ആദ്യം ബീച്ച് റോഡിൽ മാത്രമായിരിക്കും ശുചീകരണം. രാത്രികാലങ്ങളിലും പുലർച്ചെയുമായിരിക്കും റോഡ് വൃത്തിയാക്കുക. ബീച്ചിനുപുറമെ മാവൂർ റോഡ്, പാളയം റോഡ് എന്നിവയും വൃത്തിയാക്കും. എന്നാൽ, വാഹനസഞ്ചാരംകൂടി കണക്കിലെടുത്ത് മാത്രമായിരിക്കും ഏതുരീതിയിൽ വേണമെന്ന് നിശ്ചയിക്കുക.
മണ്ണും ഇലകളുമെല്ലാം കോർപ്പറേഷന്റെതന്നെ സ്ഥലത്താണ് നിക്ഷേപിക്കുക. മറ്റേതെങ്കിലും മാലിന്യമുണ്ടെങ്കിൽ അവ ഞെളിയൻപറമ്പിലേക്കെത്തിക്കാനാണ് തീരുമാനം.75 ലക്ഷം രൂപയുടെ പദ്ധതി 71 ലക്ഷത്തിനാണ് ടെൻഡർ നൽകി നടപ്പാക്കിയത്. ഇനി ചെറിയവാഹനംകൂടി യന്ത്രസംവിധാനത്തോടെ ഉപയോഗിക്കുന്ന കാര്യം പരിഗണിക്കും.കോർപ്പറേഷൻ ആരോഗ്യസ്ഥിരംസമിതി അധ്യക്ഷ ഡോ. എസ്. ജയശ്രീ, ഹെൽത്ത് ഓഫീസർ ഡോ. മുനവർ റഹ്മാൻ, ക്ലീൻ സിറ്റി മാനേജർമാരായ കെ. പ്രമോദ്, കെ. പ്രകാശ്, സെക്രട്ടറി കെ.യു. ബിനി തുടങ്ങിയവർ പങ്കെടുത്തു.