ENTERTAINMENT

സിദ്ദീഖ് എഴുതുന്നു… എൻ്റെ ഭ്രാന്തൻ ചിന്തകൾ..

സൗദിയാണ് രാജ്യം ശരിയത്താണ് നിയമം….6. (അവസാന ഭാഗം).

എനിക്ക് വിസ തന്ന മലപ്പുറത്തുകാരൻ കാക്കയോട് കാര്യങ്ങൾ സംസാരിച്ചു.. അയാളെന്റെ കഫീലിനോട് സംസാരിച്ചതിനു ശേഷം അടുത്ത ദിവസം രാവിലെ 11:00 മണിക്ക് പണ്ട് ബഷീർ ജോലി ചെയ്തിരുന്ന കടയിലേക്ക് ചെല്ലാൻ പറഞ്ഞു.. ഞാൻ കടയിലെത്തി..കടയുടെ വരാന്തയിലും കടയ്ക്കുള്ളിലും സജ്ജീകരിച്ചിരിക്കുന്ന ഇരിപ്പിടങ്ങളിൽ ഇരുന്ന് അഞ്ചാറു പേർ ഹുക്ക വലിക്കുന്നുണ്ട്… എന്നെ കണ്ട ഉടനെ 55 -60 വയസ്സ് പ്രായം തോന്നിക്കുന്ന പൊക്കം കുറഞ്ഞ് തടിച്ച് പേടിപ്പിക്കുന്ന മുഖത്തോട് കൂടിയ ഒരാൾ, ബഷീർ പറഞ്ഞ ഭീകരമുഖം എന്റെ ഓർമ്മയിലുണ്ട്. ഞാൻ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത അയാളാണ് എന്റെ സ്പോൺസറെന്ന് എനിക്ക് മനസ്സിലായി

..എന്റെ വരവ് പ്രതീക്ഷിച്ചിരുന്ന അയാൾ എന്നോട് ചോദിച്ചു “ഇൻത സിദ്ദിഖ്?”ഞാൻ പറഞ്ഞു “അതെ, ഞാൻ സിദ്ധിഖാണ്”.അത് കേൾക്കേണ്ട താമസം ഒരു ചീറ്റപ്പുലി കണക്കെ അയാൾ, പുകച്ചിരുന്ന ഹുക്ക വലിച്ചെറിഞ്ഞ് എന്റെ അടുത്തേക്കോടി വന്ന് എന്റെ കോളറിന് പിടിച്ച് ആറുമാസം കൂടി വാലിഡിറ്റിയുള്ള എന്റെ ഇക്കാമ ( ഐഡന്റിറ്റി കാർഡ്) പിടിച്ചു വാങ്ങി..തല്ലിയില്ലെങ്കിലും തള്ളിയും വലിച്ചും മുഖത്തിന് തോണ്ടിയും തെറി പറഞ്ഞും അയാൾ എന്നോട് കലിപ്പ് തീർത്തു..അവിടെയുണ്ടായിരുന്ന മിസിരിയും അവന്റെ കൂടെ ചേർന്ന് എന്നെയും ബഷീറിനെയും എന്തൊക്കെയോ തെറി പറഞ്ഞുകൊണ്ടിരുന്നു.. ഞാനും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അത് കേൾക്കാനൊന്നും അവർ തയ്യാറായിരുന്നില്ല. കോപപ്പെട്ടുകൊണ്ട് എന്നെ ഒരു മൂലയിലേക്ക് തള്ളി അവിടെ നിൽക്കാൻ പറഞ്ഞു.. ഒരു മണിക്കൂറായി രണ്ടു മണിക്കൂറായി , ഞാനാ നിൽപ്പ് തുടർന്നു. ഹുക്ക വലിച്ചവർ കാശ് കൊടുത്തു പോകുകയും പുതിയ ആളുകൾ വന്നുകൊണ്ടിരിക്കുകയും ചെയ്തു. മിസിരി അവിടെ കസ്റ്റമർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തുകൊണ്ടിരുന്നു.. എന്റെ കഫീലും മറ്റൊരു അറബിയും സംസാരിച്ചും തൊട്ടപ്പുറത്തുള്ള റസ്റ്റോറന്റിൽ നിന്ന് തിന്നാനും കുടിക്കാനും വേണ്ടത് മിസിരിയെ കൊണ്ട് വാങ്ങിപ്പിച്ച് തിന്നുകൊണ്ടും കുടിച്ചുകൊണ്ടും ഹുക്ക വലിച്ചുകൊണ്ടുമിരിക്കുന്നു..

മണിക്കൂറുകൾ ഒരേ നിൽപ്പ് നിന്ന ഞാൻ കടയുടെ അങ്ങേ അറ്റത്ത് വെച്ചിരിക്കുന്ന കൂളറിൽ നിന്ന് കുറച്ച് വെള്ളമെടുത്ത് കുടിക്കാനായി അങ്ങോട്ട് നടന്നു.. “യാ കൽബ്, ഫേൻ റോ?, കല്ലി ഹിന” (എങ്ങോട്ടാടാ നായെ പോകുന്നത്, അവിടെ നിൽക്ക്‌ ആ മൂലയിൽ) അയാളാക്ക്രോശിച്ചു..എനിക്ക് തനാസിൽ (T C ) തരില്ല എന്ന് മാത്രമല്ല, എന്നെ ബുദ്ധിമുട്ടിക്കാൻ കൂടിയുള്ള പദ്ധതിയാണ് അയാൾ ആലോചിക്കുന്നതെന്ന് അയാളുടെ ആ ഭാവം എന്നെ ചിന്തിപ്പിച്ചു.. പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുകയല്ലേ, മതിയായ രേഖകൾ ഇല്ലാത്തതിനാൽ പോലീസ് പിടിച്ചാലും കുറേക്കാലമൊന്നും ജയിലിൽ കിടക്കേണ്ടി വരില്ല. ജിദ്ദയിൽ ഒരുപാട് പേർ ഉംറക്ക് വന്ന് തിരിച്ചുപോകാതെ നിയമ ലംഘനം നടത്തി ജോലി ചെയ്യുന്നുണ്ട്..ഞാൻ അവന്റെ അടുത്തുനിന്ന് രക്ഷപ്പെടാനുള്ള വഴികൾ ആലോചിച്ചു..മൂന്ന് മണിയോടടിപ്പിച്ച് അവരെഴുന്നേറ്റ് അവരുടെ കൂടെ എന്നെയും കാറിൽ കയറ്റി യാത്ര തുടങ്ങി..മക്ക റോഡിനായിരുന്നു യാത്ര..”ബാബാ, ഞാനൊരു ദരിദ്രനാണ്, ഉമ്മയും ഉപ്പയും അനിയന്മാരും അനിയത്തിയും, ഭാരിച്ച ഉത്തരവാദിത്വമുള്ള എനിക്ക് അങ്ങയുടെ അനിയൻ ആറുമാസം അവന്റെ കടയിൽ നിന്നിട്ട് രണ്ട് മാസത്തെ ശമ്പളമേ തന്നിട്ടുള്ളൂ. എനിക്കറിയാം അവിടെ കച്ചവടം മോശമായതുകൊണ്ട് അദ്ദേഹത്തിന്റെ കയ്യിൽ നിന്നെടുത്തതാണ് എനിക്ക് രണ്ടുമാസത്തെയെങ്കിലും ശമ്പളം തന്നത് എന്ന്”..യാത്രാ മദ്ധ്യേ ഞാനെങ്ങനെയെങ്കിലും അവന്റെ മനസ്സിൽ കയറിക്കൂടാൻ പലതും പറഞ്ഞുകൊണ്ടിരിക്കവേ അവൻ എന്നോട് ചോദിച്ചു,”ഇൻത്ത അവ്വൽ ഈജി ഹിന” ( നീ ഇവിടെ ഇതിന്റെ മുമ്പ് വന്നിട്ടുണ്ടോ ). ഞാൻ പെട്ടെന്ന് മറുപടി പറഞ്ഞു, “ലാ, അന മാ ഈജി, അതാ അവ്വൽ മറ” (ഇല്ല, ഞാൻ ആദ്യമായിട്ടാണ്).. പെട്ടെന്നവൻ കോപപ്പെട്ടു കൊണ്ട് എന്നോട് അലറി. “നീ കള്ളനാണ്, ഇത്രയും പെട്ടെന്ന് ഒരാൾക്കും ഇങ്ങനെ അറബി പറയാൻ കഴിയുകയില്ല, നീ ഇതിന്റെ മുമ്പ് ഇവിടെ അല്ലെങ്കിൽ ഏതെങ്കിലും അറബി നാട്ടിൽ പോയിട്ടുണ്ട്”..പിന്നീട് അതായി അവന്റെ പ്രശ്നം..ഞാൻ സൗദിയിൽ വന്നതിനുശേഷമാണ് അറബി പഠിച്ചത് എന്നത് വീണ്ടും വീണ്ടും പറഞ്ഞ് അവനെ വിശ്വസിപ്പിക്കേണ്ട ആവശ്യം ഉള്ളതായി തോന്നിയില്ല. ഞാൻ അവനോട് പറഞ്ഞു,”ഞാൻ നാട്ടിൽ നിന്ന് അറബി പഠിച്ചിരുന്നു”ഹാവൂ, അത് വിട്ടു…

ചാണകം ചാരിയാൽ ചാണകമല്ലേ മണക്കൂ, വണ്ടിയിൽ ഉണ്ടായിരുന്ന മറ്റേ അറബിയും ക്രൂര ഭാവത്തോടെയാണ് പെരുമാറിയത്, ഒരു സാഡിസ്റ്റാണോ എന്ന് തോന്നിപ്പോകും…നീ അങ്ങനെ ചെയ്തില്ലേ? ഇങ്ങനെ ചെയ്തില്ലേ? അതിന് നിന്നെ അങ്ങനെയാക്കും ഇങ്ങനെയാക്കും നിയമം അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞായിരുന്നു അവൻ തുടങ്ങിയത്..”ഖാലിദ് ( എന്റെ സ്പോൺസർ ) നിനക്ക് തനാസിലൊന്നും തരില്ല, നീ അവന്റെ അടുത്ത് ജോലി ചെയ്യണം, അല്ലെങ്കിൽ നിന്നെ പോലീസിൽ ഏൽപ്പിക്കും”,ഒരു ഭീഷണിയുടെ സ്വരത്തിൽ അയാളും കൽപ്പിക്കുകയായിരുന്നു.. വെട്ടാൻ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമുണ്ടോ?..”എനിക്ക് തനാസിലൊന്നും വേണ്ട, ബാബ എനിക്ക് ജോലി തന്നാൽ മതി”.എന്റെ ശരീര ഭാഷയിൽ നിന്ന് അവർക്ക് മനസ്സിലാകണം ഞാൻ സീരിയസായാണ് പറയുന്നതെന്ന്. അതിനുവേണ്ടി ആ രീതിയിൽ അഭിനയിച്ചായിരുന്നു ഞാനങ്ങനെ പറഞ്ഞ് അവരെ കുറച്ചെങ്കിലും ശാന്തരാക്കിയത്.. മക്ക ഹറമിന് വലതുവശത്തായി കുറച്ച് ഉയർന്ന പ്രദേശത്തായിരുന്നു ഖാലിദിന്റെ (ഖഫീൽ) വീട്.. ഒരു കിലോമീറ്റർ അപ്പുറത്തായി മക്ക ഹറമിന്റെ മിനാരങ്ങൾ എനിക്കവിടെ നിന്ന് കാണാം.. വീടിന്റെ ചുറ്റും വലിയ മതിൽ കെട്ടി മറച്ചിരിക്കുന്നു. ഗേറ്റും കൂടി അടച്ചാൽ അകത്തു നടക്കുന്നതൊന്നും പുറത്തൊരാളും അറിയില്ല..വണ്ടിയിൽ നിന്നിറങ്ങി എന്റെ കൈ പിടിച്ച് വലിച്ചുകൊണ്ടുപോയി ഒരു സ്റ്റോർ റൂമിലേക്കാക്കി. വാതിലടച്ച് പൂട്ടുമെന്ന് ഞാൻ പേടിച്ചെങ്കിലും, റൂമിൽ നിന്ന് പുറത്തുവന്നാലും വെളിയിൽ പോകാൻ കഴിയില്ല എന്ന് ഉറപ്പുള്ളതുകൊണ്ടാകണം അയാൾ വാതിൽ അടച്ചില്ല..മരക്കഷ്ണങ്ങളും പെയിന്റ് പാത്രങ്ങളും പലതരം ഷീറ്റുകളും ന്യൂസ് പേപ്പറും പണിയായുധങ്ങളും ഏതാണ്ട് ഒരുമാതിരിപ്പെട്ട എല്ലാ സാധനങ്ങളുമുണ്ട് അവിടെ ആ മുറിയിൽ .. എങ്ങിനെ അവിടെ നിന്ന് രക്ഷപ്പെടും എന്ന് മാത്രമായിരുന്നു എന്റെ ചിന്ത..

നാല് മണിയോടെ പതിനാറുപതിനേഴ് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു കറുത്ത വർഗ്ഗക്കാരൻ പയ്യൻ റൂമിലേക്ക് കയറി വന്നു. ആകെ മുഷിഞ്ഞിരുന്ന അവൻ നേരെ ബാത്ത്റൂമിലേക്ക് പോയി കയ്യും മുഖവും കഴുകി. തിരിച്ചുവന്ന അവൻ, അവൻ കിടക്കുന്ന ഇടത്ത്, ഞാനപ്പോൾ ഇരുന്നിരുന്ന ബെഡിനോട് ചേർന്ന് നിലത്ത് ഒരു പലകയിൽ ഇരുന്നു.. എക്സിക്യൂട്ടീവ് സ്റ്റൈലിൽ വസ്ത്രം ധരിച്ച ഒരാൾ തന്റെ ബെഡിൽ ഇരിക്കുന്നതുകൊണ്ട് ഭയ ഭക്തി ബഹുമാനത്തോടെ താഴെ തറയിൽ ഇരുന്ന അവൻ എല്ലാ അർത്ഥത്തിലും ഒരു വിധേയനാണെന്ന് കണ്ടയുടനെ എനിക്ക് തോന്നി..അവന്റെ നാടോ മാതാപിതാക്കളോ ശരിയായ പേരോ അവനറിയില്ല. വളരെ ചെറുപ്പത്തിലെ ഖാലിദ് എടുത്ത് വളർത്തിയതാണ്..ഞാനവനോട് എന്തൊക്കെയോ ചോദിച്ചു. കൂടുതലും ഖാലിദിനെ കുറിച്ചായിരുന്നു.. ആരും അവകാശികളില്ലാത്ത ആ പയ്യനെ അവർ വളർത്തിയത് ഒരു അടിമയെ പോലെ ആയിരുന്നു. അവന് ആഗ്രഹങ്ങളില്ല സങ്കടങ്ങളില്ല, ഖാലിദും കുടുംബക്കാരും അവനെ തല്ലുകയും തുപ്പുകയും ചെയ്യുമ്പോൾ പോലും അവന് വേദന മാത്രമേയുണ്ടാകൂ, ദുഃഖങ്ങളോ വിഷമങ്ങളോ ഉണ്ടാകില്ല.. ആ വീടും പരിസരവും ജോലി സ്ഥലവും അല്ലാതെ അവൻ മറ്റൊന്നും കണ്ടിട്ടില്ല. ലോകത്തുള്ള ഒന്നിനെക്കുറിച്ചും അവനൊരറിവും ഉണ്ടായിരുന്നില്ല.. ഗോത്രവർഗ്ഗ സംസ്കാരം പിന്തുടർന്നുപോരുന്ന ബദുക്കളിൽ ഒരു സമ്പന്നനായിരുന്നു ഖാലിദ്.. പഴയകാല അറേബ്യയിൽ നടന്നിരുന്ന അടിമത്വ സമ്പ്രദായത്തെ ഇപ്പോഴും ഇവിടെ പുനരാവിഷ്കരിക്കുന്നത് കണ്ടപ്പോൾ ഖാലിദിലെ മനുഷ്യനെ ഞാൻ കൂടുതൽ വെറുത്തു, അതിലേറെ ഭയപ്പെട്ടു.. അന്ന് രാത്രി ആ പയ്യൻ അവനു കഴിക്കാൻ കൊണ്ടുവന്നിരുന്ന കുബൂസിലും തൈരിലും ഭക്ഷണം ഒതുക്കി..എത്ര നിർബന്ധിച്ചിട്ടും അവനവന്റെ ബെഡിൽ കിടക്കാൻ അവൻ തയ്യാറായില്ല, സത്യത്തിൽ അത് അവന് എന്നോടുള്ള ഇഷ്ടം കൊണ്ടൊന്നുമായിരുന്നില്ല, അവൻ അത്രത്തോളം വിധേയത്വം ശീലിച്ചിരുന്നു.. ബെഡിലും നിലത്തുമായി കിടന്ന ഞങ്ങൾ പരസ്പരം സംസാരിക്കുന്നതിനിടെ ഞാൻ ഖാലിദിന്റെ കടകളെ കുറിച്ചും മറ്റും അവനോട് ചോദിച്ചു. എന്നെ ചിലപ്പോൾ ജിദ്ദയിലുള്ള ശീസ്സ കടയിലേക്ക് ആക്കിയേക്കും എന്ന് പറഞ്ഞപ്പോൾ ആണ് അവൻ പറഞ്ഞത്”നിന്നെ മറ്റന്നാൾ ബാബാ ഏതോ മസ്റയിൽ കൊണ്ടാക്കും”ഖാലിദ് താഴെ ആരോടോ പറയുന്നത് അവൻ കേട്ടതാണ്..”മസ്റ” ഞാൻ ആദ്യമായിട്ട് കേൾക്കുകയായിരുന്നു ആ വാക്ക്. മസ്ര എന്ന് പറഞ്ഞാൽ ആട് വളർത്തലും ഒട്ടകത്തെ പരിപാലിക്കലും കാരക്കയും മറ്റ് കാർഷിക വിളകളും ഉത്പാദിപ്പിക്കലും ഒക്കെയാണെന്ന് അവനോട് സംസാരിച്ചപ്പോൾ എനിക്ക് മനസ്സിലായി..അസ്ഫാനിലേക്ക് ലോറിയിൽ വെള്ളം കൊണ്ടുപോയിരുന്ന അൻസാരിയുടെ കൂടെ പോയിരുന്നപ്പോൾ, മരുഭൂമിയിലൂടെ ചുട്ടുപൊള്ളുന്ന വെയിലത്ത് ഒരു സൂചിമുനയുടെ നിഴൽ പോലുമില്ലാതെ നടന്നു നീങ്ങുന്ന ആട്ടിടയന്മാരെ ഞാൻ വീണ്ടും ഓർത്തു.. എങ്ങനെയെങ്കിലും ഇവന്റെ അടുത്തുനിന്ന് ചാടണം. നാളെ വെള്ളിയാഴ്ചയാണ്, ഈ കറുത്ത വർഗ്ഗക്കാരൻ പയ്യൻ പറഞ്ഞത് ശരിയാണെങ്കിൽ മറ്റന്നാളെ അവൻ എന്നെ ഇവിടെ നിന്ന് കൊണ്ടുപോകും..അന്ന് രാത്രി ഞാൻ ഉറങ്ങിയതേയില്ല… റൂം മുഴുവൻ പരധിക്കൊണ്ടിരുന്നു , എങ്ങനെ വീടിന് വെളിയിൽ കടക്കും?..

പിറ്റേന്ന് വെള്ളിയാഴ്ച ആറുമണിയോടടുപ്പിച്ച് ആ പയ്യൻ എണീറ്റുപോയി അവൻ സ്ഥിരമായിട്ട് ചെയ്തുകൊണ്ടിരിക്കുന്ന ജോലിയിൽ ഏർപ്പെട്ടു. പരിസരം വൃത്തിയാക്കലും കാർ കഴുകലും ചെടികൾക്കും മറ്റും വെള്ളമൊഴിക്കലും അങ്ങനെ പലതും അവന്റെ ജോലിയായിരുന്നു..പതിനൊന്നു മണിയോടുകൂടി ഖാലിദ് വണ്ടിയെടുത്ത് പള്ളിയിലേക്കൊ മറ്റോ പോയി.. ഞാൻ നേരത്തെ കണ്ടു വച്ചിരുന്ന,എസി ഫിറ്റ് ചെയ്യാൻ വേണ്ടി നിർമ്മിച്ച, പലക വെച്ച് അടച്ചിരുന്ന ദ്വാരം, കമ്പിപ്പാര ഉപയോഗിച്ച് കുത്തിപ്പൊളിച്ച് ആ ഓട്ടയിലൂടെ അഞ്ചാറടി താഴ്ചയിലേക്ക് ചാടി, അവിടെ നിന്നോടി ഹറമിന്റെ മുമ്പിൽ ടാക്സി സ്റ്റാൻഡിൽ പോയി നിന്നു.. ജിദ്ദയിലേക്ക് നാലും അഞ്ചും പേരെ കയറ്റി തലയൊന്നിന് 20 റിയാൽ വീതം വാങ്ങി കള്ള ടാക്സി ഓടുന്ന ഒരു മലയാളി, ഒരു രേഖയും ഇല്ലാത്ത എന്നോട് 100 റിയാൽ വാങ്ങി ജിദ്ദയിൽ എത്തിച്ചു.. ബഷീറും ഐസ്ക്രീം കമ്പനിയിലെ ജോലി നഷ്ടപ്പെട്ട് പോലീസിന് പിടികൊടുത്തു നാട്ടിൽ പോകാനായി തയ്യാറായി നിന്നിരുന്നു… റഷീദ് ഐസ് ക്യൂബ് പാക്ക് ചെയ്യുന്ന ജോലി ഉപേക്ഷിച്ച് ബഷീർ നിന്ന ഐസ്ക്രീം കമ്പനിയിൽ ജോലിക്ക് കയറി.. ഞാനും ബഷീറും പിടികൊടുക്കാനായി പോലീസിന്റെ മുമ്പിലൂടെയും പോലീസ് സ്റ്റേഷന് മുന്നിലൂടെയും ജയിലിന്റെ മുമ്പിലൂടെയും നടന്നു.. ജയിലും പരിസരവും ഉംറയ്ക്ക് വന്ന് തിരിച്ചു പോകാത്തവരും മതിയായ രേഖ കൈവശമില്ലാത്തവരും പിടികൊടുത്ത് നാട്ടിൽ പോകാനായി നിറഞ്ഞു കവിഞ്ഞിരുന്നു.. ഷറഫിയയിൽ ഒരു മലയാളി മുഖാന്തിരം 300 റിയാൽ കൈക്കൂലി കൊടുത്ത് ഞാനും ബഷീറും പോലീസ് കസ്റ്റഡിയിലായി…ഞങ്ങളെ രണ്ടുപേരുടെയും പാസ്പോർട്ട് ഖാലിദിന്റെ അടുത്തായിരുന്നു.. എംബസിയിൽ നിന്ന് ആളുകൾ വന്ന് ഞങ്ങൾക്ക് ഡ്യൂപ്ലിക്കേറ്റ് പാസ്പോർട്ട് തന്ന് ഞങ്ങളെ കയറ്റി വിട്ടപ്പോഴേക്കും ആഴ്ച ഒന്ന് കഴിഞ്ഞിരുന്നു.. ഒരാഴ്ചയും രണ്ടാഴ്ചയും കുളിക്കാതെയും പല്ല് തേക്കാതെയും ഉള്ള 200 ഓളം ഇന്ത്യക്കാരെ ഒരേ ഫ്ലൈറ്റിൽ മുംബൈയിലേക്ക് കയറ്റിവിട്ടു.. ഫ്ലൈറ്റിൽ കൂടെക്കൂടെ എയർഹോസ്റ്റസ് എയർ ഫ്രഷ്നർ തെളിക്കുന്നുണ്ടായിരുന്നു… ഞങ്ങൾ മുംബൈയിൽ ഇറങ്ങി. എയർപോർട്ടിൽ ഉള്ളവരും മറ്റു യാത്രക്കാരും ഞങ്ങളുടെ രൂപവും കോലവും കണ്ട്, മറ്റേതോ ഗ്രഹത്തിൽ നിന്ന് വരുന്ന ജീവികളെന്ന പോലെ നോക്കി.. മുംബൈയിൽ നിന്ന് കുളിച്ച് ഷേവ് ചെയ്ത് അവിടുന്ന് ഒരോ ഷർട്ട് വാങ്ങി ധരിച്ച് ട്രെയിനിൽ കയറി രാത്രി ഒൻപത് മണിയോടെ കോഴിക്കോടെത്തി.. രാത്രി 11 മണിയോടുകൂടി കെഎസ്ആർടിസി ബസ്സിൽ ഞങ്ങൾ കൊടുവള്ളിയിൽ ഇറങ്ങി. അവിടെ നിന്ന് ഒരു ഓട്ടോ വിളിച്ച് നേരെ വീട്ടിലേക്കും.. സൗദിയാണ് രാജ്യം ശരിയത്താണ് നിയമം. അവസാനിച്ചു…Sidhique Patta…..

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com