മുക്കം അങ്ങാടിയിൽ ഗതാഗതം കാര്യക്ഷമമാക്കുന്നു;കുത്തഴിഞ്ഞുകിടക്കുന്ന വൺവേ സമ്പ്രദായം കർശനമായി നടപ്പാക്കും

മുക്കം: അങ്ങാടിയിലെയും പരിസരത്തെയും ട്രാഫിക് സംവിധാനം കാര്യക്ഷമമാക്കാൻ നടപടികൾ വരുന്നു. കുത്തഴിഞ്ഞ് കിടക്കുന്ന വൺവേ സമ്പ്രദായം ഉൾപ്പെടെയുള്ള ട്രാഫിക് പരിഷ്കരണം കർശനമായി നടപ്പാക്കാൻ നഗരസഭയുടെ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗത്തിൽ തീരുമാനമായി. ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ വൺവേ തെറ്റിച്ച് ഓടുകയാണ്. ബസ് സ്റ്റാൻഡുകളിൽ തലങ്ങും വിലങ്ങുമാണ് ബസുകളുടെ പാർക്കിങ്. ബസ് സ്റ്റാൻഡിൽ നേരത്തെ പ്രവർത്തിച്ചിരുന്ന പൊലീസ് എയ്ഡ് പോസ്റ്റും ഇപ്പോഴില്ല. ഇവിടെ നഗരസഭയുടെ ഫ്രണ്ട് ഓഫിസാണ് പ്രവർത്തിക്കുന്നത്.
പഴയ ബസ് സ്റ്റാൻഡിന് മുന്നിൽ മലപ്പുറം, അരീക്കോട് ഭാഗത്തേക്കുള്ള ബസുകൾ നിർത്തി യാത്രക്കാരെ ഇറക്കുകയോ കയറ്റുകയോ ചെയ്യരുതെന്ന നിയമവും ലംഘിക്കുകയാണ്. അനധികൃത പാർക്കിങ്ങും ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നു.കഴിഞ്ഞ ദിവസം മുതൽ പഴയ ബസ് സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി ബസുകൾക്കായ് ബസ് ബേ സജ്ജമാക്കിയിട്ടുണ്ട്.
സംസ്ഥാനപാതയിൽ മുക്കം-ഓമശ്ശേരി റോഡിൽ അഗസ്ത്യൻമൂഴിയിലെ രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്ന് ജില്ലാ ട്രാൻസ്പോർട്ട് ഓഫിസറുടെ നിർദേശവും ട്രാഫിക് റഗുലേറ്ററി കമ്മിറ്റി ചർച്ചചെയ്തു. കോഴിക്കോട് ഭാഗത്തേക്കുള്ള ബസുകൾ കുറ്റിപ്പാലം ബൈപാസിലൂടെ തിരിച്ചു വിടണമെന്നുള്ള ആവശ്യത്തിൽ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ നിർദേശം നൽകിയിരുന്നു. ഗതാഗത പ്രശ്നത്തിന് പരിഹാരം കാണാൻ ബസ് ജീവനക്കാർ, ഓട്ടോ ഡ്രൈവർമാർ, വ്യാപാരികൾ, തുടങ്ങിയവരുടെ യോഗങ്ങൾ വിളിക്കാനും തീരുമാനിച്ചു. നഗരസഭാധ്യക്ഷൻ പി.ടി.ബാബു ആധ്യക്ഷ്യം വഹിച്ചു. കൊടുവള്ളി എഎംവിഐ എം.സജീഷ്,മുക്കം എസ്ഐ മനോജ്, പൊതുമരാമത്ത് വകുപ്പ് ഓവർസിയർ ആർ.ഹിമ, സ്ഥിരം സമിതി അധ്യക്ഷരായ ഇ.സത്യനാരായണൻ,അബ്ദുൽ മജീദ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.