ENTERTAINMENT

സിദ്ധീഖ് എഴ്തുന്നു എൻ്റെ ഭ്രാന്തൻ ചിന്തകൾ

സഹധർമ്മിണി…. 3.

സജ്ന ഇത്രയും കാലം ആരോടും പറയാതെ, പറയണമെന്നുണ്ടായിരുന്നെങ്കിലും ആരും കേൾക്കാനോ ആശ്വസിപ്പിക്കാനോ ഇല്ലാതെ, ഉള്ളിൽ അടക്കിവെച്ച സങ്കടങ്ങളെല്ലാം ഒരു അഗ്നിപർവ്വത സ്ഫോടനമെന്നപോലെ പുറത്തേക്കൊഴുകി.. സലീം ചാടി എഴുന്നേറ്റ് അവളെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് അടുത്ത റൂമിൽ ഉറങ്ങുന്ന ഉമ്മയും മക്കളും അറിയുമെന്ന് പറഞ്ഞ് അവളെ ബെഡിലേക്ക് വലിച്ച് വീണ്ടും പഴയതുപോലെ കെട്ടിപ്പിടിച്ച് കിടന്നു.. ആരും ഒന്നും മിണ്ടിയില്ല.. സലിം അവളെ തലോടിക്കൊണ്ടിരുന്നു.. സലീം ആലോചിക്കുകയായിരുന്നു.. വിവാഹം കഴിഞ്ഞ് ലീവ് ക്യാൻസൽ ചെയ്ത് ഖത്തറിൽ തിരിച്ചെത്തി..ഒന്ന് രണ്ട് മാസങ്ങൾ വേണ്ടിവന്നു സലീമിന് യാഥാർത്ഥ്യത്തിലേക്ക് മടങ്ങിവരാൻ.. സ്ഥിരമായി അസുഖബാധിതനായ തന്റെ ഉപ്പയെ വിളിച്ചിരുന്ന സലീം, ആദ്യത്തെ രണ്ടുമൂന്ന് മാസത്തിൽ ആകെ രണ്ടോ മൂന്നോ തവണയേ വിളിച്ചിട്ടുള്ളു..എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ നാട്ടിൽനിന്ന് ആരെങ്കിലും വിളിക്കും. അതിന് വേണ്ടത് എന്താ എന്ന് വെച്ചാൽ അത്‌ ചെയ്യുകയും ചെയ്യും.. സജിനയെയും അതുപോലെ ഒന്നോ രണ്ടോ തവണയെ വിളിച്ചിട്ടുള്ളു.. വിളിച്ചാലും അവൻ കൂടുതലൊന്നും സംസാരിക്കുകയോ ചോദിക്കുകയോ ചെയ്തില്ല..സംസാരിച്ചിരുന്നത് കൂടുതലും അവളായിരുന്നു, സുഖമാണോ, ഭക്ഷണം കഴിച്ചോ, ജോലിയൊക്കെ എങ്ങനെയുണ്ട് എന്നൊക്കെ ചോദിച്ച് അവന്റെ ക്ഷേമങ്ങളാണ് അന്വേഷിച്ചത്..അതിനെല്ലാം മറുപടി പറയുന്നതിന് ഇടയിൽ എപ്പോഴെങ്കിലും സലീം അവളോട് ചോദിക്കും “നിനക്ക് സുഖമല്ലേ”..”ഊം”ഒരു മൂളലിലൂടെ അവൾ മറുപടിയും പറയും.. മറ്റെന്തെങ്കിലും ചോദിക്കാനോ പറയാനോ സലീം മാനസികമായി തയ്യാറായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ..

വർഷങ്ങളായി ഒരേ കിടപ്പിലായിരുന്ന അവന്റെ ഉപ്പാക്ക് ഒരുമാതിരിപ്പെട്ട എല്ലാ രോഗങ്ങളും പിടിപ്പെട്ടിരുന്നു.. പ്രഷറും ഷുഗറും ശരീരം ചലിപ്പിക്കാത്തതുകൊണ്ട് പലതരം വാതവും, ഒരു പനിയോ ജലദോഷമോ വന്നാൽ അതുകൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകളും ഉപ്പയെ അവശനാക്കി കൊണ്ടിരുന്നു.. ഉപ്പയെ വളരെ അത്യാവശ്യഘട്ടത്തിൽ മാത്രമേ ഹോസ്പിറ്റലിൽ കൊണ്ടുപോയിരുന്നുള്ളൂ. ആംബുലൻസ് വിളിച്ച് കൊണ്ടുപോകാനൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നു.. പാലിയേറ്റീവ് കെയറിലെ ഡോക്ടർമാർ ആഴ്ചയിലും അത്യാവശ്യഘട്ടങ്ങളിലും വന്ന് പരിശോധിച്ച് വേണ്ടത് ചെയ്യും.. ആയിടക്കാണ് ഉപ്പാക്ക് പനി മൂർച്ചിച്ച് ന്യൂമോണിയായി മാറിയത്.. പാലിയേറ്റീവിലെ ഡോക്ടർമാർ പരിശോധിച്ച് പെട്ടെന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോകണമെന്ന് പറഞ്ഞു.. രണ്ടുദിവസം വെന്റിലേറ്ററിലായിരുന്നു.. ആ ദിവസങ്ങളിലെല്ലാം സലീം സജിനയെ പലതവണ വിളിച്ച് ഉപ്പയുടെ വിവരങ്ങൾ ആരാഞ്ഞു, കൂടുതൽ സംസാരിച്ചു..ഉപ്പാക്ക് സുഖമായി വീട്ടിൽ തിരിച്ചെത്തി.. ജീവിതത്തിലൊരിക്കലും സാമ്പത്തിക നില ഭദ്രമാകാതെ, എപ്പോഴും കടത്തിലായിരുന്ന സലീം സജിനയെ കൂടെക്കൂടെ വിളിക്കാൻ തുടങ്ങിയെങ്കിലും അവൾ പറയുന്നത് കേൾക്കുകയും അതിന് മറുപടി കൊടുക്കുകയും ഇടയ്ക്ക് സുഖമാണോ എന്ന് ചോദിക്കുകയും, അതിന് “ഊം” എന്ന അവളുടെ മറുപടിയോടും കൂടി സംസാരം അവസാനിക്കും.. അവൾ ഒരിക്കലും അവളുടെ ഒരു വിഷമവും അവനോട് പറഞ്ഞില്ല. വീട്ടിലെ കാര്യങ്ങളായാലും മറ്റെന്ത് കാര്യങ്ങളായാലും അവയെപ്പറ്റിയൊക്കെ അവനോട് നല്ലത് മാത്രമേ പറഞ്ഞിരുന്നുള്ളൂ.. വീട്ടുകാരും അവളെപ്പറ്റി കുറ്റമൊന്നും പറഞ്ഞിരുന്നില്ല.. ചിലപ്പോഴൊക്കെ അവളുടെ സംസാരം കേൾക്കുമ്പോൾ അവന് തോന്നിയിട്ടുണ്ട്, “അവൾ തന്നിൽ നിന്ന് എന്തൊക്കെയോ ഒളിക്കുന്നുവെന്ന്”..

ദിവസങ്ങൾ പോയിക്കൊണ്ടിരുന്നു.. സലിം അവന്റെ വാപ്പയെ ഫോൺ വിളിക്കുമ്പോളെല്ലാം വാപ്പ കൂടുതലും പറഞ്ഞിരുന്നത് “സജിന പാവമാണ് അവളെ നോക്കണം അവളെ വിളിക്കണം” എന്നൊക്കെയായിരുന്നു.. ഒരിക്കൽ ഉപ്പ അവനോട് പറഞ്ഞു “ഞാൻ ഇങ്ങനെ കിടപ്പിലായതിനുശേഷം എന്റെ ഭാര്യയോ മക്കളോ എന്നെ സ്നേഹത്തോടെ പരിചരിച്ചത് എനിക്ക് ഓർമ്മയില്ല, പക്ഷേ സജിന എന്നെ പരിചരിച്ചിരുന്നത് എപ്പോഴും സ്നേഹത്തോടെയായിരുന്നു”.. പുരോഗമന ചിന്തയും അനുഭവങ്ങളും ഒരുപാടുണ്ടായിരുന്ന ഉപ്പ, ഉമ്മയേക്കാളും മറ്റു മക്കളെക്കാളും തനിക്ക് പ്രിയപ്പെട്ടവളാണ് സജിന എന്ന് പറഞ്ഞപ്പോൾ, അത് കേട്ട സലീമിന് തന്റെ ഭാര്യയിൽ അഭിമാനം തോന്നി..അവനവളെ സ്നേഹിച്ചു തുടങ്ങി.. അവന്റെ സങ്കടങ്ങളും വിഷമങ്ങളും ബുദ്ധിമുട്ടുകളും അവനവളോട് സംസാരിച്ചു.. വളരെ സന്തോഷത്തോടെ ശ്രദ്ധിച്ച് അവൻ പറയുന്നതെല്ലാം കേട്ട് “സാരമില്ല, ഒക്കെ ശരിയാവും, പടച്ചോൻ ഒരാൾ ഇന്ന വഴിയിലൂടെ പോകണമെന്ന് നിശ്ചയിച്ചിട്ടുണ്ടോ അവൻ ആ വഴിയിലൂടെയൊക്കെ പോയേ പറ്റൂ” പ്രശ്നങ്ങളെ നിസ്സാരവൽക്കരിച്ച് “ഇതൊക്കെ പെട്ടെന്ന് മാറും” എന്നൊക്കെ പറഞ്ഞ് അവളവനെ പെട്ടെന്ന് ആശ്വസപ്പെടുത്തിയിരുന്നു.. അവന് മനസ്സിന് വിഷമം വന്നാൽ ആദ്യം അവന്റെ ഭാര്യയെ വിളിക്കും..

ഒരഞ്ചു മിനിറ്റ് അവളോട് സംസാരിച്ചാൽ അവൻ റിലാക്സ് ആവും.. അവൻ അവളോട് പലതും സംസാരിച്ചിരുന്നെങ്കിലും ഒരിക്കലും അവളവളുടെ സങ്കടങ്ങളോ വിഷമങ്ങളോ അവനോട് പറഞ്ഞിരുന്നില്ല.. അവനവളോട് സംസാരിക്കാൻ തുടങ്ങിയപ്പോൾ , അളെ സ്നേഹിക്കാൻ തുടങ്ങിയപ്പോൾ അവൾ അനുഭവിക്കുന്ന സ്വർഗീയ സന്തോഷം അവൻ പലപ്പോഴും തിരിച്ചറിഞ്ഞിട്ടുണ്ട്.. വിവാഹം കഴിഞ്ഞ് ഖത്തറിൽ തിരിച്ചുവന്ന് ഒന്നരവർഷമായിക്കാണും, ഉപ്പാക്ക് അസുഖം മൂർച്ഛിച്ച് ഹോസ്പിറ്റലിൽ അഡ്മിറ്റായി. പല ടെസ്റ്റുകളും ചെയ്തു. മരുന്ന് കൊടുത്തു. ഓരോ ദിവസം ചെല്ലുന്തോറും ഉപ്പയുടെ നില വഷളായിക്കൊണ്ടിരുന്നു. ഇന്റേണൽ ഓർഗൻസ് ഒക്കെ പ്രവർത്തനക്ഷമത നശിച്ചുകൊണ്ടിരിക്കുകയാണ്, ജീവിതത്തിലേക്ക് തിരിച്ചുവരാൻ സാധ്യത കുറവാണ് എന്ന് ഡോക്ടർമാർ പറഞ്ഞതിനനുസരിച്ച്, സലീം എമർജൻസി ലീവിന് നാട്ടിൽ വന്നു..

ഉപ്പയെ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കിയത് തന്റെ ഉമ്മയ്ക്കോ പെങ്ങന്മാർക്കോ അനിയനോ ഉള്ളതിലും കൂടുതൽ വ്യഥ സജിനയിൽ അവൻ കണ്ടു.. വെന്റിലേറ്ററിലായിരുന്ന അവസാന ദിവസങ്ങളിൽ, കാത്തിരിപ്പ് മുറിയിൽ നഴ്സുമാർ രോഗിയുടെ വിശേഷം പറയാനോ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കോ വിളിക്കുമ്പോൾ പല സമയങ്ങളിലും സലീമിന്റെ ഉമ്മയോ സഹോദരങ്ങളോ മറ്റു ബന്ധുക്കളോ അവിടെ ഉണ്ടായിരുന്നില്ലെങ്കിലും ( കുളിക്കാനോ, ഭക്ഷണം കഴിക്കാനോ, ഒന്ന് മയങ്ങാനോ ഒക്കെ പോയതാകാം) സജിന ഏതുസമയവും അവരുടെ വരവും കാത്ത് അവിടെ ഉണ്ടായിരുന്നു.. വളരെ സ്നേഹത്തോടെ അവള് ബാപ്പയെ പരിചരിച്ചിരുന്നത് പലയാവർത്തി ഉപ്പ സലീമിനോട് പറഞ്ഞിട്ടുണ്ട്.. സലീമിന് തന്റെ ഭാര്യയോട് ബഹുമാനവും ആദരവും തോന്നി.. മരണാനന്തര ദിവസങ്ങളായിരുന്നതിനാൽ ആഘോഷങ്ങൾക്കൊന്നും പോകാതെ വീട്ടിൽ തന്നെ അവര് പരസ്പരം സ്നേഹിച്ച് ജീവിച്ച് തുടങ്ങി.. ബാപ്പയുടെ നാൽപ്പതിന് പോലും പങ്കെടുക്കാൻ കഴിയാതെ ലീവ് അവസാനിച്ച് സലിം ഖത്തറിലേക്ക് പോയി.. നാലഞ്ചു മാസങ്ങൾക്ക് ശേഷം അനിയന്റെ വിവാഹം കഴിഞ്ഞു. സലീമിന് കമ്പനി ലീവ് കൊടുക്കാത്തതുകൊണ്ട് കല്യാണത്തിന് പങ്കെടുക്കാനായില്ല.. മാസങ്ങൾ കടന്നുപോയി.. അവനും അവളും എല്ലാ ദിവസങ്ങളിലും സംസാരിച്ചു.. കൃത്യം ഒരു വർഷം തികഞ്ഞപ്പോൾ 45 ദിവസത്തെ ലീവിന് സലീം വീണ്ടും നാട്ടിൽ തിരിച്ചെത്തി..അവരെല്ലാ അർത്ഥത്തിലും ജീവിതം ആഘോഷമാക്കി.. സിനിമയ്ക്ക് പോയി, ബീച്ചിൽ പോയി, ഷോപ്പിങ്ങിനു പോയി, അങ്ങനെയങ്ങനെ.. ഒന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് സലിം ഒരു കാര്യം ശ്രദ്ധിച്ചത്.. രാവിലെ അഞ്ച് അഞ്ചരയോടെ സജിന എണീറ്റ് നിസ്കാരവും കഴിഞ്ഞ് അടുക്കളയിൽ പോയി പ്രാതൽ ഉണ്ടാക്കുന്നു.. വർഷങ്ങളായി അഞ്ചരയ്ക്ക് അലാറം വെച്ച് എഴുന്നേൽക്കുന്ന സലീമും കൂടെത്തന്നെ ഉണർന്നു..

ഉമ്മയും സഹോദരിമാരും ( സഹോദരിമാർ രണ്ടുപേരും അപ്പോൾ അവിടെ ഉണ്ടായിരുന്നു) അനിയന്റെ ഭാര്യയും എണീറ്റ് വന്നപ്പോഴേക്കും എല്ലാവർക്കുമുള്ള ബ്രേക്ക് ഫാസ്റ്റ് തീൻമേശയിൽ റെഡിയായിരുന്നു.. എട്ടുമണി ഒമ്പതോടുകൂടി അവരെല്ലാവരും എണീറ്റ് ടോയ്‌ലറ്റിൽ പോയി പല്ലുതേപ്പും മുഖം കഴുകലും കഴിഞ്ഞ് ബ്രേക്ക് ഫാസ്റ്റ് കഴിച്ചു.. അപ്പോഴേക്കും സജിന വീടും പരിസരവും അടിച്ചു വൃത്തിയാക്കി.. അതിനുശേഷം അലക്കാൻ കൂട്ടിയിട്ടിരുന്നതെല്ലാം വാരി അലക്കി വിരിച്ചിട്ടു.. അനിയത്തിയുടെയും അനിയന്റെ ഭാര്യയുടെയും അടിവസ്ത്രം വരെ ഉണ്ടായിരുന്നു അലക്കാനായിട്ട്.. അതിനും അവളെ സഹായിക്കാൻ ആരെയും സലിം അവിടെ കണ്ടില്ല.. ഒന്ന് രണ്ട് ദിവസങ്ങൾക്കുള്ളിൽ സലിം മനസ്സിലാക്കി, തന്റെ ഭാര്യ മറ്റുള്ളവരുടെയൊക്കെ ഒരു വേലക്കാരിയാണ് ജീവിക്കുന്നത് എന്ന്.. മറ്റുള്ളവരുടെ കാര്യം നോക്കുന്നതിലോ അവർക്ക് വേണ്ടത് ചെയ്തു കൊടുക്കുന്നതിലോ സലീമിന് കുഴപ്പമുണ്ടായിരുന്നില്ല. ഒരു വേലക്കാരിയുടെ പരിഗണന പോലും ലഭിക്കാതെ തന്റെ ഭാര്യ ജീവിക്കുന്നത് സലീമിന് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു.. ഒരു സങ്കടവും വിഷമവും ഒരിക്കലും തന്നോട് പറഞ്ഞിട്ടില്ലാത്ത തന്റെ ഭാര്യ ഇവരുടെയൊക്കെ അടിമപ്പണി ചെയ്യുകയായിരുന്നോ എന്ന് ചിന്തിച്ച് കോപകുലനായി സലിം സജിനയോട് കഴിഞ്ഞതെല്ലാം ചോദിച്ചു..മനസ്സില്ല മനസ്സോടെയാണെങ്കിലും അവൾ കഴിഞ്ഞതെല്ലാം അവനോട് പറയാൻ തുടങ്ങി.. തുടരും..Sidhique Patta..

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com