ചരിത്ര വിജയം.. ജനാധിപത്യം പൂത്തുലയട്ടെ:സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് വേറിട്ട അനുഭവമായി

കൊടിയത്തൂർ :കഴുത്തൂട്ടിപ്പുറായ ഗവ.എൽ പി സ്കൂളിൽ നടന്ന സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നമ്മുടെ രാജ്യത്ത് നിലനിൽക്കുന്ന ഏറ്റവും കരുത്തുറ്റ ജനാധിപത്യ സംവിധാനങ്ങളുടെ ഔന്നത്യവും മനോഹാരിതയും തിരിച്ചറിയാനുള്ള പഠനാനുഭവമായി മാറി.
വിജ്ഞാപനം മുതൽ ഫലപ്രഖ്യാപനവും സത്യപ്രതിജ്ഞയും ഉൾപ്പടെ ഇലക്ഷൻ പ്രക്രിയകൾ നേരിട്ട് അനുഭവിക്കാനുള്ള പഠനപ്രവർത്തനങ്ങൾ കുട്ടികൾ ഏറ്റെടുക്കുകയായിരുന്നു.
വ്യാപകമായി പോസ്റ്റർ പതിച്ചതോടൊപ്പം ലഘു വീഡിയോകളും ഫ്ലയറുകളും അഭ്യർഥന കത്തുകളും എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലും വൈവിധ്യങ്ങളോടെ പാറി നടക്കുന്നുണ്ടായിരുന്നു. വാഗ്ദാനങ്ങളുടെ പെരുമഴ തീർത്ത പ്രകടന പത്രികകളും പ്രചാരണത്തിന് കൊഴുപ്പേകി.
ബൂത്ത് സജ്ജീകരണം, പോളിംഗ് സാമഗ്രികൾ തയാറാക്കൽ, സുരക്ഷാ സേനയെ ഒരുക്കൽ , പോളിംഗ് ഉദ്യോഗസ്ഥർക്ക് പരിശീലനം, പോളിംഗ് സുഗമമാക്കൽ, വോട്ടെണ്ണൽ , ഫലപ്രഖ്യാപനം, ആഹ്ലാദ പ്രകടനം, സത്യപ്രതിജ്ഞ തുടങ്ങി തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും കുട്ടികളോടൊപ്പം പിടിഎ – മാതൃസമിതി – എസ് എം സി പ്രവർത്തക സമിതിയംഗങ്ങൾ സജീവമായി രംഗത്തുണ്ടായിരുന്നു. ഈ പിന്തുണ കൊണ്ട് പോളിംഗ് ഉദ്യോഗപ്പണി, പോലീസ് സുരക്ഷ തുടങ്ങിയ ജോലികൾ ഏറെ ആത്മവിശ്വാസത്തോടെയാണ് പിഞ്ചുകുട്ടികൾ പൂർത്തീകരിച്ചത്.
ഹൈടെക് ഇലക്ട്രോണിക് വോട്ടിംഗ് ടാബ് , ബാലറ്റ് പേപ്പർ , മായാത്ത മഷി പുരട്ടൽ തുടങ്ങി പോളിംഗ് ബൂത്തിന്റെ യഥാർഥ
പകർപ്പ് തന്നെയായിരുന്നു സ്കൂളിൽ ഒരുക്കിയിരുന്നത്.
ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന നാല് സ്ഥാനങ്ങളിലും സ്ഥാനാർഥികൾ ചരിത്ര വിജയമാണ് കരസ്ഥമാക്കിയത്. കേവലം ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മിഷ മെഹ്റിൻ ( മാഗസിൻ എഡിറ്റർ), ശയാൻ ഷബീർ (ഡെപ്യൂട്ടി ലീഡർ ) , മുഹമ്മദ് ബിഷ്ർ (ബാലസമാജം സെക്രട്ടറി)എന്നിവർ തിരഞ്ഞെടുക്കപ്പെട്ടത്.സ്കൂൾ ലീഡർ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 17 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബിലാൽ ഫൈസ്. കെ വിജയിച്ചു.
വാർഡ് മെമ്പറും പിടിഎ പ്രവർത്തക സമിതിയംഗവുമായ എം ടി റിയാസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എ. കെ.റാഫി , വൈസ് പ്രസിഡന്റ് ശിഹാബ് തൊട്ടിമ്മൽ, എസ് എം സി ചെയർമാൻ വി.വി.നൗഷാദ്, മാതൃ സമിതി ചെയർപേഴ്സൻ സൽമ അശ്റഫ് ,പി.ടി.എ. ട്രഷറർ ശിഹാബ് പറക്കുഴി, മുൻ ഹെഡ് മാസ്റ്റർ അബ്ദുൽ കലാം ആസാദ് തുടങ്ങിയവർ വിജയിച്ച സ്ഥാനാർഥികൾക്ക് ഹാരാർപ്പണം നടത്തി. ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. തുടർന്ന് കഴുത്തൂട്ടിപ്പുറായ അങ്ങാടിയിൽ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ആഹ്ലാദ പ്രകടനം നടത്തി.
പ്രഥമാധ്യാപകൻ ടി കെ ജുമാൻ , സീനിയർ അസി. സി അബ്ദുൽ കരീം,സ്റ്റാഫ് സെക്രട്ടറി വി ഷൈജൽ, എസ് ആർ ജി കൺവീനർ രഹ് ന നെല്ലിക്കാപറമ്പ്,അധ്യാപികമാരായ കെ കെ രഹ്‌ന, റസിയ, പിടിസിഎം കെ പി സുധ, സാറ, നജ്‌മുന്നീസ, സബിത അമീൻ, ജുവൈരിയ ഷഫ്രീൻ, ആരിഫ അനീസ്, ഷഹന ജുനൈദ് തുടങ്ങിയവർ നേതൃത്വം നൽകി.



