ENTERTAINMENT

സിദ്ധിഖ് എഴുതുന്നു.… എൻ്റെ ഭ്രാന്തൻ ചിന്തകൾ….

വിജാതീയ ധ്രുവങ്ങൾ…..അനിൽ, പുലർച്ചെ മൂന്നു മണിക്ക് എഴുന്നേറ്റ് പല്ലുതേപ്പും കുളിയും കഴിഞ്ഞ് ഡ്രസ്സ് മാറി കാറിന്റെ താക്കോലെടുത്ത് പുറത്തേക്കിറങ്ങവേ ഞെട്ടിയുണർന്ന ഭാര്യ ലക്ഷ്മി ചോദിച്ചു,”സമയം നാലരയായോ?, അനിയേട്ടനെന്തേ എന്നെ വിളിക്കാഞ്ഞത്? “.. കഴിഞ്ഞ കുറച്ച് മാസങ്ങളായി ലക്ഷ്മി നാലരയ്ക്ക് എഴുന്നേൽക്കും. അനിലിന് ഹാജിയാരെ സുബഹി നമസ്കരിക്കാൻ പള്ളിയിൽ കൊണ്ട് വിടണം. അത് അനിലിന്റെ ഉത്തരവാദിത്വമാണ്. അതിനുവേണ്ടി നാലരയ്ക്ക് അലാറം സെറ്റ് ചെയ്തുവച്ചിട്ടുണ്ട്. ആദ്യത്തിലൊക്കെ അവൾക്കതൊരു ബുദ്ധിമുട്ടായി തോന്നിയിരുന്നെങ്കിലും ഇപ്പോളത് ശീലമായിരിക്കുന്നു..”മൂന്നു മണിയായിട്ടേയുള്ളൂ. ഹാജിയാരുടെ മൂത്ത മകനും കുടുംബവും വരുന്നുണ്ട്. അവരെ കൊണ്ടുവരാൻ എയർപോർട്ടിൽ പോകുകയാണ്, നാലരക്കുള്ള അലാറം ഓഫ് ചെയ്ത് നീ കിടന്നോളൂ”..അനിൽ കാറെടുത്ത് എയർപോർട്ടിലേക്ക് പോയി.. വയനാട്ടിൽ ഒരു തേയിലത്തോട്ടത്തിലെ പാടിയിൽ രണ്ടു മുറി വീട്ടിലിരുന്ന് ലക്ഷ്മി ചിന്തിച്ചിരുന്നു, അവളും അവളുടെ രണ്ടു ചേച്ചിമാരെ പോലെ വിവാഹം കഴിച്ച് കുട്ടികളുമായി അതുപോലെയുള്ള മറ്റൊരു പാടിയിൽ രണ്ടു മുറി വീട്ടിൽ നരകിച്ചു തീർക്കേണ്ടി വരുമോ തന്റെ ജീവിതവും എന്ന്..

തേയില തോട്ടത്തിൽ ജോലി ചെയ്യുന്ന ഗോപാലന്റെയും നാരായണിയുടെയും മൂന്ന് പെൺകുട്ടികൾ ഇളയവളായിരുന്നു ലക്ഷ്മി. അച്ഛന്റെ നശിച്ച മദ്യപാനം കാരണം എന്നും ദാരിദ്ര്യത്തിലായിരുന്നു ആ കുടുംബം. അമ്മയ്ക്ക് കിട്ടുന്ന കാശുകൊണ്ടായിരുന്നു വീട്ടിലെ അടുപ്പെരിയുന്നതും മൂന്നു മക്കളുടെ പഠനവും മറ്റും നടക്കുന്നതും.. എട്ടാം ക്ലാസിൽ പഠനം നിർത്തിയ മൂത്ത ചേച്ചിയെ ആ എസ്റ്റേറ്റിലെ തന്നെ മറ്റൊരു പാടിയിലേക്ക് വിവാഹം കഴിച്ചു വിട്ടു. പ്ലസ് ടു പഠിച്ചുകൊണ്ടിരിക്കെ ഒരുത്തനുമായി പ്രേമത്തിലായി തൊട്ടടുത്തുള്ള ഒരു പാടിയിലേക്ക് രണ്ടാമത്തെവളെയും കെട്ടിച്ചു വിട്ടു. ഒന്നും രണ്ടും കുട്ടികൾ വീതമുള്ള അവരും ലക്ഷ്മിയുടെ അമ്മയെപ്പോലെ കൊളുന്ത് നുള്ളാൻ പോകുന്നു..പ്ലസ് ടു കഴിഞ്ഞ ഉടനെയായിരുന്നു അനിലുമായി ലക്ഷ്മിയുടെ വിവാഹം കഴിഞ്ഞത്.. വളരെയധികം നന്മകളുള്ള ലക്ഷ്മിയെ അനിൽ ഒരുപാട് സ്നേഹിച്ചു. അനിലിന്റെ അച്ഛനുമമ്മയ്ക്കും നല്ലൊരു മരുമകളാകാനും അനിലിന്റെ അനിയനും ഡിഗ്രിക്ക് പഠിക്കുന്ന അനിയത്തിക്കും നല്ലൊരു ഏട്ടത്തിയമ്മയാകാനും ലക്ഷ്മിക്ക് പെട്ടന്ന് കഴിഞ്ഞു.. ലക്ഷ്മി സ്വർഗ്ഗലോകത്തായിരുന്നു. എല്ലാം കൊണ്ടും യോഗ്യനായ ഒരു യുവകോമളനായ ഭർത്താവിനെ കിട്ടിയിരിക്കുന്നു. അവൾ സ്വപ്നത്തിൽ പോലും കണ്ടിട്ടില്ലാത്ത വലിയ ജീവിതസൗകര്യവും അവളേറെ ഇഷ്ടപ്പെട്ട നാഗരിക ജീവിതവും അവൾക്ക് ലഭിച്ചിരിക്കുന്നു.. ജീവിതം സന്തോഷമായി പോയിക്കൊണ്ടിരുന്നു..

ഒരിക്കൽ ലക്ഷ്മിയുടെ മൂത്ത ചേച്ചിയും മകനും അനിലിന്റെ വീട്ടിൽ വന്ന് മടങ്ങി പോകാൻ നേരം ലക്ഷ്മിയുടെ അടുത്ത് ഒരു 100 രൂപ നോട്ട് കൊടുത്ത് അനിൽ പറഞ്ഞു,”നീ ഇത് വിഷ്ണുവിന് കൊടുത്തേക്ക്, അവൻ മിഠായി എന്തെങ്കിലും വാങ്ങിച്ചോട്ടെ”. പെട്ടെന്ന് അവൾ ആ കാശ് വാങ്ങി,”അവന് നൂറൊന്നും കൊടുക്കേണ്ട, പത്തോ ഇരുപതോ കൊടുത്താൽ മതി”എന്ന് പറഞ്ഞ് ആ 100 രൂപ മാറ്റിവെച്ച് അവളുടെ പേഴ്സിൽ നിന്ന് 20 രൂപ എടുത്ത് അവന് കൊടുത്തു..കുട്ടിയല്ലേ, അവനത് മതിയാകും, അനിലിന് അതിൽ കൂടുതലൊന്നും തോന്നിയില്ല… ദിവസങ്ങൾ പോകവേ അനിലിന് ലക്ഷ്മിയുടെ പിശുക്ക് അസഹനീയമായി തോന്നിത്തുടങ്ങി..പഴങ്ങളോ പലഹാരങ്ങളോ പച്ചക്കറിയോ മീനോ ഇറച്ചിയോ എന്തു വാങ്ങിയാലും അവൾ ചോദിക്കും എന്തിനാ ഇത്ര അധികം, കുറച്ചു വാങ്ങിയാൽ പോരായിരുന്നോ എന്ന്.. അച്ഛനും അമ്മയും അനിയനും അനിയത്തിയും ഉള്ള വീട്ടിൽ അവളുടെ തുടർച്ചയായുള്ള ഇതുപോലെയുള്ള ചോദ്യങ്ങൾ അനിലിനെ കോപിപ്പിച്ച് മറ്റുള്ളവരുടെ മുമ്പിൽ വെച്ച് ലക്ഷ്മിയെ വഴക്ക് പറയുന്ന ഘട്ടം വരെ എത്തി.. പലതരത്തിലും പല ഉദാഹരണങ്ങൾ സഹിതം അവൻ അവളുടെ പിശുക്ക് മാറ്റേണ്ടതിനെപ്പറ്റി പറഞ്ഞുകൊടുത്തു.. തന്റെ അമ്മയും ജേഷ്ഠത്തിമാരും അനുഭവിക്കുന്ന ദാരിദ്ര്യം തനിക്കുണ്ടാവരുത് എന്ന് കരുതിയാവാം, മറ്റെല്ലാ കാര്യത്തിലും യോഗ്യയായിരുന്ന ലക്ഷ്മിക്ക് അവളുടെ പിശുക്ക് മാത്രം നിയന്ത്രിക്കാൻ കഴിഞ്ഞില്ല.. അച്ഛനോ അമ്മയ്ക്കോ അനിയനോ അനിയത്തിക്കോ എന്തെങ്കിലും ആവശ്യത്തിന് പൈസ കൊടുക്കുന്നത് ലക്ഷ്മി കാണുന്നുണ്ടോ എന്ന് അനിൽ ഭയന്നു.. അനിലിന്റെ അനിയൻ സുനിലിന്റെ വിവാഹം കഴിഞ്ഞു. അനിലും ലക്ഷ്മിയും ഒരു പെൺകുട്ടിക്ക് ജന്മവും നൽകി.. മോൾക്ക് രണ്ട് വയസ്സായി. അനിലിന്റെ അനിയൻ സുനില് ഒരു ആൺകുട്ടിയുടെ അച്ഛനായി..

അതുവരെ പിശുക്കിന് വ്യക്തമായ ഒരു കാരണവും ഇല്ലാതിരുന്ന ലക്ഷ്മിക്ക് അതിനൊരു കാരണമായി. അനിയൻ കല്യാണം കഴിച്ച് കുട്ടിയായി. പറമ്പിന്റെ മുൻഭാഗത്ത് അനിലിനായി നിശ്ചയിച്ചിരുന്ന സ്ഥലത്ത് ഒരു വീട് പണിത് അങ്ങോട്ട് താമസം മാറണം.. അനിയൻ വർക്ക് ഷാപ്പിൽ ജോലിക്ക് പോകുന്നുണ്ട്. അച്ഛനും അല്ലറ ചില്ലറ ജോലികൾ ചെയ്യുന്നുണ്ട്. ഓരോരുത്തരും അവരവരുടെ വിഹിതം കുടുംബത്തിനുവേണ്ടി ചിലവഴിക്കുന്നുമുണ്ട്. അനിലായിരുന്നു വീട്ടിലെ കാര്യങ്ങളൊക്കെ നിയന്ത്രിച്ചിരുന്നത്. അതിനാൽ തന്നെ അനിലിന് മറ്റുള്ളവരെക്കാൾ കൂടുതൽ കാശ് ചിലവാകുകയും ചെയ്യും. അത് മനസ്സിലാക്കിയത് കൊണ്ടാണ് ലക്ഷ്മി അനിലിനോട് “എന്തിനാ ഇത്രയും, പകുതി മതിയായിരുന്നില്ലേ?, എന്തിനാ അത്രയും കൊടുക്കുന്നത്, കുറച്ച് കൊടുത്താൽ പോരേ?, എന്തിനാ അവർക്ക് കൊടുക്കുന്നത്, നമ്മളും ഇല്ലാത്തവരല്ലേ?, എന്തിനാ കാറിൽ പോകുന്നത്,ബസ്സിൽ പോയാൽ ലാഭമല്ലേ?, തുടങ്ങിയ ചോദ്യങ്ങൾ ആവർത്തിച്ച് കൊണ്ടിരിക്കുന്നത്…. അനിൽ ഡിഗ്രി കഴിഞ്ഞതിനുശേഷമാണ് അച്ഛന്റെ സഹപാഠിയായ കലന്തൻ ഹാജിയുടെ മകൻ നജീബിന്റെ ബിസിനസ്സ് സ്ഥാപനങ്ങളുടെയും മറ്റും P R O ആയി ജോലിക്ക് കയറുന്നത്.. ടെക്സ്റ്റൈൽസും സൂപ്പർ മാർക്കറ്റും കെട്ടിടങ്ങളും ഏക്കർ കണക്കിന് ഭൂസ്വത്തുമുള്ള നജീബിന് റിയൽ എസ്റ്റേറ്റ് ബിസിനസ്സുമുണ്ട്.. അനിലിനെ നജീബും അവന്റെ കുടുംബവും പെട്ടെന്ന് ഇഷ്ടപ്പെട്ടു… കലന്തനാജിക്ക് സഹപാഠിയുടെ മകനെന്ന വാത്സല്യവുമുണ്ട്..

അനിലിന് വിവാഹം ആലോചിച്ചുതുടങ്ങി. എട്ടോളം പെൺകുട്ടികളെ അനിൽ ചെന്ന് കണ്ടു..സുമുഖനും സുന്ദരനും വിദ്യാഭ്യാസവുമുള്ള, എക്സിക്യൂട്ടീവ് ജോലിയുമുള്ള അനിൽ പോയിക്കണ്ട പെൺകുട്ടികളെല്ലാം ഉയർന്ന സാമ്പത്തിക നിലയുള്ള കുടുംബത്തിൽ നിന്നായിരുന്നു.. വലിയ വീട്ടിലെ കുട്ടികൾക്ക്‌ തന്റെ വീട്ടിലെ സൗകര്യങ്ങളും മറ്റും സ്വീകാര്യമാകുമോ എന്ന് അനിൽ ഭയപ്പെട്ടിരുന്നു… അങ്ങനെയാണ് തീർത്തും ദരിദ്രരായ ഗോപാലന്റെയും നാരായണിയുടെയും മകൾ ലക്ഷ്മിയെ അനിൽ വിവാഹം കഴിക്കുന്നത്… അനിൽ ലക്ഷ്മിയെ പോയി കണ്ട് ഇഷ്ടപ്പെട്ട് വന്നതിനുശേഷം, വീട്ടുകാരും ബന്ധുക്കാരും കാണാൻ പോയി തിരിച്ചുവന്നിട്ട്, സുന്ദരിയും നന്നായി സംസാരിക്കുകയും ചെയ്യുന്ന ലക്ഷ്മിയെ ഇഷ്ടപ്പെട്ടുവെങ്കിലും അവരുടെ ദാരിദ്ര്യം കുടുംബത്തിൽ ആർക്കും ഇഷ്ടപ്പെട്ടിരുന്നില്ല. അനിലിനെ ആ വിവാഹത്തിൽനിന്ന് പിന്തിരിപ്പിക്കാൻ അവരെല്ലാം ശ്രമിക്കുകയും ചെയ്തു…ലക്ഷ്മി തന്റെ ജീവിതം സ്വർഗ്ഗതുല്യമാക്കുമെന്ന് അനിൽ കരുതി… അനിൽ ലക്ഷ്മിയെ വിവാഹം കഴിച്ചു.. കല്യാണം കഴിഞ്ഞ തുടക്കനാളുകളിൽ തന്നെ ചേച്ചിമാരോടും മറ്റും കണക്ക് പറഞ്ഞിരുന്ന ലക്ഷ്മിയെ അനിൽ വിലക്കിയിരുന്നു. ചേച്ചിമാരുടെയും മറ്റും പ്രശ്നങ്ങൾ മനസ്സിലാക്കിയത് കൊണ്ട് അനിൽ ലക്ഷ്മിയോട് അവർക്ക് എന്തെങ്കിലും കൊടുക്കാൻ പറഞ്ഞപ്പോൾ “അവർക്കൊന്നും കൊടുക്കേണ്ട” എന്ന ഭാവേനെ മുഖം തിരിക്കുകയാണ് ലക്ഷ്മി ചെയ്തത്. അന്ന് അനിലിന് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. അതിനുശേഷം ചേച്ചിയുടെ മകന് നൂറു രൂപ കൊടുത്തപ്പോൾ അത് വാങ്ങി 20 രൂപ കൊടുത്തപ്പോഴും അനിൽ പ്രത്യേകിച്ചൊന്നും ചിന്തിച്ചിരുന്നില്ല… കുറച്ച് മീൻ അധികം കൊണ്ടുവന്നാൽ, ഒരുനേരത്തിനെ ഉള്ളൂവെങ്കിലും അവൾ അതിൽ നിന്ന് പകുതിയെടുത്ത് അടുത്ത നേരത്തേക്ക് വേണ്ടി മാറ്റി വെക്കും.. പഴങ്ങളോ പലഹാരങ്ങളോ കൊണ്ടുവന്നാൽ “ഇത്രയും പൈസയ്ക്ക് എന്തിനാ ഇത് വാങ്ങിയത്” എന്ന് അവൾ ചോദിച്ചില്ലെങ്കിലും അവളുടെ ശരീരഭാഷയിൽ അത് പ്രകടമാകുമായിരുന്നു… പണവും പണവുമായി ബന്ധപ്പെട്ടതും ആണല്ലോ പ്രശ്നങ്ങൾ.. അനിലിന് സ്വസ്ഥത നഷ്ടപ്പെട്ടു തുടങ്ങി.. അനിലിന് ആർഭാട ജീവിതത്തിലൊന്നും താല്പര്യമുണ്ടായിരുന്നില്ല.. ഒരു മകൻ എന്ന നിലയിൽ, തന്റെ അച്ഛനുമമ്മയ്ക്കും, ഒരു സഹോദരൻ എന്ന നിലയിൽ അനിയനും അനിയത്തിക്കും, ഒരു ഭാര്യ എന്ന നിലയിൽ തന്റെ ഭാര്യയ്ക്കും എന്തെല്ലാമാണോ തന്നിൽ നിന്ന് ലഭിക്കേണ്ടത് അതെല്ലാം നൽകാൻ ശ്രമിക്കുകയും അതിൽ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നവനായിരുന്നു അനിൽ.. അനിലിന് അറിയാം ലക്ഷ്മി തന്നെ എത്ര മാത്രം സ്നേഹിക്കുന്നുണ്ട് എന്ന്. അവൾക്ക് അവൻ എല്ലാ സ്വാതന്ത്ര്യവും കൊടുത്തിരുന്നു. അവളുടെ ഒരാഗ്രഹവും അവൻ നിഷേധിച്ചിട്ടില്ല..കാശു മുടക്കിയുള്ള ഒരാഗ്രഹങ്ങളും അവൾക്കില്ലായിരുന്നു…

കാശ് കാശ് എന്ന് ചിന്തിച്ച് ഇന്നിന്റെ സന്തോഷത്തെ നഷ്ടപ്പെടുത്തുന്ന അവളുടെ എത്ര പറഞ്ഞിട്ടും, കോപിച്ചിട്ടും, ഉപദേശിച്ചിട്ടും കഥ പറയുന്നതുപോലെ പറഞ്ഞുകൊടുത്തിട്ടും മാറ്റാൻ കഴിയാത്ത ആ പിശുക്ക് അനിലിന്റെ ഉറക്കം കെടുത്തി.. അതിനൊരു മാറ്റം പ്രതീക്ഷിച്ചാണ് അനിലും ലക്ഷ്മിയും കുഞ്ഞും കൂടി കലന്തൻ ഹാജിയുടെ പത്തായപുരയിൽ താമസമാക്കിയത്.. അവിടെ ഒരു അത്ഭുതം അവൾക്കായി കാത്തിരിപ്പുണ്ടായിരുന്നു.. തുടരും…. പേരുകൾ സാങ്കൽപ്പികം Sidhique Patta..

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com