
ലിവിങ് ടുഗതർ…4. സ്കെയിലിലെ ചുവപ്പ് വര കണ്ടത് മുതൽ റോസിലിൻ ആകെ പരിഭ്രാന്തയായി.. തന്റെ പഠനം, ജോലി, താൻ സ്വപ്നം കണ്ട ജീവിതം, എല്ലാം അവതാളത്തിലാകുമെന്ന് അവൾ ഭയപ്പെട്ടു.. ഇത് അബോർഷൻ ചെയ്തേ ആവൂ.. തന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ ഇല്ലാതാക്കുന്നതിൽ അവൾക്കൊരു സങ്കടമോ വിഷമമോ കുറ്റബോധമോ തോന്നിയില്ല.. ബാംഗ്ലൂരിൽ ആയിരുന്നെങ്കിൽ അയ്യായിരമോ പതിനായിരമോ കൊടുത്താൽ വളരെ എളുപ്പത്തിൽ സാധ്യമാകുമായിരുന്ന ഒരു അബോർഷൻ നാട്ടിൽ, അതും അവളുടെ നാട്ടിൽ നിന്ന് മയിലുകൾക്കപ്പുറമുള്ള അവൾക്ക് പരിചയമില്ലാത്ത മറ്റൊരു നാട്ടിൽ എങ്ങനെ സാധ്യമാകും എന്ന് അവൾ ചിന്തിച്ചു..
അവൾ അവളുടെ ലാപ്ടോപ്പ് ഓപ്പണാക്കി ചുറ്റുവട്ടത്തുള്ള ഗൈനക്കോളജസ്റ്റുകളുടെ നമ്പർ ശേഖരിച്ചു.. പലരെയും വിളിച്ചു.. അതിനവർ പല നിബന്ധനകളും വെച്ചു.. ശാരീരികമായ മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതുമായി മുന്നോട്ടു പോകാമെന്ന് ഡോക്ടർമാർ പറഞ്ഞു..വിശ്വാസങ്ങളും ഇഷ്ടങ്ങളും ഒന്നിനെയും ഇല്ലാതെയാക്കിക്കൊണ്ടാവരുത് എന്ന ബോധമുള്ളവരായിരുന്നു അവർ.. കുറച്ച് നേരത്തെ ശ്രമത്തിനൊടുവിൽ ഒരു ക്ലിനിക്കിലേക്ക് വിളിച്ചിട്ട് അവിടുത്തെ റിസപ്ഷനിസ്റ്റിനോട് ഒരു മുഖവുരയും കൂടാതെ വളരെ ആധികാരികമായി റോസിലിൻ അബോർഷനെ പറ്റി സംസാരിച്ചു..റോസിലിന്റെ തുറന്ന സംസാരം കേട്ട് ആ റിസപ്ഷനിസ്റ്റ് ഒന്ന് അമ്പരന്നെങ്കിലും ഡോക്ടർ ഇവിടെയില്ല ലീവിലാണ്, ഒരാഴ്ച കഴിഞ്ഞേ വരൂ, പറ്റുമോ ഇല്ലയോ എന്നത് ഡോക്ടറോട് ചോദിച്ചിട്ട് വേണമെങ്കിൽ പറയാം എന്നും പറഞ്ഞു.. റോസിലിൻ വേണമെന്ന് പറഞ്ഞതുകൊണ്ട് രണ്ട് മണിക്കൂർ കഴിഞ്ഞ് വിളിക്കാൻ പറഞ്ഞു.. വിഹിതവും അവിഹിതവുമായ എല്ലാ കേസുകളും ഏറ്റെടുക്കുന്ന ആ ക്ലിനിക്ക് നാട്ടിലെ കുപ്രസിദ്ധി നേടിയ ഒന്നായിരുന്നു.. രണ്ടു മണിക്കൂറിനു ശേഷം റോസിലിന് ആ ക്ലിനിക്കിലേക്ക് വിളിച്ചു. ആ റിസപ്ഷനിസ്റ്റ് കോള് മറ്റൊരു ഡോക്ടർക്ക് കണക്ട് ചെയ്തു..
റോസിലിൻ അവളുടെ ആവശ്യം പറഞ്ഞു.. ഗർഭസ്ഥ ശിശുവിന് എത്ര ആഴ്ച പ്രായമുണ്ടെന്ന് റോസിലിനോട് ആർത്തവം നിലച്ചതും അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ ചോദിച്ചും ഡോക്ടർ മനസ്സിലാക്കി.. ഗർഭം അലസിപ്പിക്കലിൽ പ്രശസ്തയായ ഡോക്ടർ ഒരാഴ്ച കഴിഞ്ഞേ വരൂവെന്നും അടുത്ത തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ചെയ്യാമെന്നും പറഞ്ഞു.. എമൗണ്ടിന്റെ കാര്യം പറഞ്ഞപ്പോൾ അതെത്രയായാലും പ്രശ്നമല്ല എന്ന് റോസിലിൻ പറഞ്ഞതുകൊണ്ട് അതിനുവേണ്ടി ഒരു വില പേസലിന്റെ ആവശ്യമുണ്ടായിരുന്നില്ല.. മിനിറ്റുകളും മണിക്കൂറുകളും കടന്നുപോയി.. അവൾ ചെയ്യാൻ പോകുന്ന ആ പാപം രാജുവോ അവളുടെ വീട്ടുകാരോ അറിഞ്ഞാൽ അവളുടെ ജീവിതം എല്ലാ അർത്ഥത്തിലും വഴിമുട്ടും എന്ന് അവൾക്ക് അറിയാമായിരുന്നു..അത് അവളെ ഭയപ്പെടുത്തുകയും ചെയ്തു.. ഇപ്പോൾ ഗർഭം ധരിച്ച് കുഞ്ഞിനെ പ്രസവിച്ചാൽ കുഞ്ഞ് തനിക്കൊരു ഭാരമാകുമെന്നും, തന്റെ പഠനവും ജോലിയും താൻ സ്വപ്നം കണ്ട ജീവിതവും തനിക്ക് നഷ്ടമാവുമെന്നും റോസിലിൻ പേടിച്ചു.. റോസിലിന് ഉറക്കം കുറഞ്ഞു.. വിശപ്പില്ലായ്മ തോന്നിത്തുടങ്ങി.. ഒന്നുരണ്ട് ദിവസം അങ്ങനെയങ്ങ് പോയി..
അടുത്ത ദിവസം ഛർദ്ദി തുടങ്ങി.. ആശുപത്രിയിൽ പോകേണ്ടതില്ല എന്ന് അവൾ നിർബന്ധം പിടിച്ചു.. അബോഷൻ ചെയ്യാൻ ഡോക്ടർ നിശ്ചയിച്ച തീയതിയുടെ തലേന്നാൾ അവൾക്ക് തലചുറ്റലും തുടങ്ങി.. വീണ്ടും എതിർത്ത് നിൽക്കാൻ അവൾക്ക് ആകുമായിരുന്നില്ല.. ശാരീരികമായി അവൾ അത്രയ്ക്ക് ക്ഷീണിതയായിരുന്നു.. അടുത്തുള്ള ഒരു ആശുപത്രിയിൽ അവളെ അഡ്മിറ്റാക്കി.. ഡോക്ടർ പരിശോധിച്ച് മരുന്നു നൽകി. ട്രിപ്പും ഇഞ്ചക്ഷനും കൊടുത്തു.. പിറ്റേന്ന് നേരം വെളുത്തപ്പോഴേക്കും റോസിലിൻ സുഖം പ്രാപിച്ചുകൊണ്ടിരുന്നു.. രാജുവും രാജുവിന്റെ വീടിനടുത്ത് താമസിക്കുന്ന അവന്റെ മൂന്നാമത്തെ പെങ്ങളും ഹോസ്പിറ്റലിൽ റോസിലിന് കൂട്ടുനിന്നു.. റോസിലിനെ അഡ്മിറ്റ് ആക്കിയ അന്ന് രാത്രി രാജുവിന്റെ വീട്ടിൽ ദൈവത്തിന്റെ ഒരു തീരുമാനം നടപ്പാക്കുകയായിരുന്നു.. രാത്രി റോസിലിന്റെ വിശേഷം അന്വേഷിച്ച് രാജുവിന്റെ അമ്മയ്ക്ക് ജോലിക്കാരി ത്രേസ്യാമ്മയ ഫോൺ ചെയ്തു,”അമ്മച്ചി, റോസി മോളെ ശർദ്ദിയും തലകറക്കവും കുറവായോ?”.. “ഡോക്ടർ ഇഞ്ചക്ഷനും ട്രിപ്പും കൊടുത്തിട്ടിരിക്കുകയാണ് എന്നാണ് കുറച്ചു മുമ്പ് രാജുവിനെ വിളിച്ചപ്പോൾ പറഞ്ഞത്”.. “ചില കുട്ടികൾ അങ്ങനെയാണ്, ഗർഭധാരണം നടന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ മനം പുരട്ടലും ശർദ്ദിയും ഉണ്ടാകും”…”ഭക്ഷണം ഒന്നും കഴിക്കാത്തത് കൊണ്ടാണ് തലകറങ്ങിയത്”..”ഗർഭമോ?, നിന്നോട് ആരാ പറഞ്ഞത്?”..”ബാത്റൂം ക്ലീനാക്കി കൊണ്ടിരുന്നപ്പോൾ അവിടെ ആ വേസ്റ്റ് ബക്കറ്റിൽ റോസി മോള് ഗർഭമുണ്ടോയെന്ന് ടെസ്റ്റ് നടത്തിയിരുന്ന ആ സ്കെയിലിൽ ചുവപ്പ് വര തെളിഞ്ഞ് നിന്നിരുന്നത് ഞാൻ കണ്ടതാണ്”..
“രാജുവോ റോസിലിനോ ആരും ഒന്നും പറഞ്ഞില്ലല്ലോ?, എന്നാണ് നീ കണ്ടത്?”..”ഒരാഴ്ച മുമ്പ്. നിങ്ങൾക്ക് ആർക്കും അറിയില്ലേ?, ഞാൻ വിചാരിച്ചു കുറച്ചുകൂടി കഴിഞ്ഞിട്ട് മറ്റുള്ളവരോടൊക്കെ പറയാം എന്ന് നിങ്ങൾ തീരുമാനിച്ചതായിരിക്കും എന്ന്”.. ത്രേസ്യാമ്മ ടെസ്റ്റ് സ്കെയിലിൽ ചുവന്ന വര കണ്ടിരുന്നു എന്നുള്ളത് സത്യമാണ് എന്ന് രാജുവിന്റെ അമ്മയ്ക്ക് ബോധ്യമായി.. മിനിറ്റുകൾക്കുള്ളിൽ ആ വാർത്ത രാജുവിന്റെ പെങ്ങമ്മാരും മറ്റ് അടുത്ത ബന്ധുക്കളും അറിഞ്ഞു.. ആരോ വിളിച്ചിട്ട് റോസിലിനിന്റെ അപ്പനും വീട്ടുകാരും അറിഞ്ഞു.. അടുത്ത ദിവസം രാവിലെ മുതൽ രാജുവിന്റെ പെങ്ങന്മാർ ഓരോരുത്തരായി ആശുപത്രിയിലെത്തി.. അച്ഛനും അമ്മയും അവരും എത്തി.. കൂടി നിൽക്കുന്നവരുടെ സംസാരവും പ്രവർത്തികളും കണ്ട് താൻ ഗർഭിണിയാണെന്ന് ഇവരെല്ലാം എങ്ങനെയോ മനസ്സിലാക്കിയിരിക്കുന്നുവെന്ന് റോസിലിന് മനസ്സിലായി.. അവളുടെ അപ്പന്റെയും മറ്റുള്ളവരുടെയും കോളുകൾ വന്നുകൊണ്ടിരുന്നു, അവളുടെ ഗർഭ വിശേഷം അന്വേഷിച്ചുകൊണ്ട്.. റോസിലിന് മരിച്ചാലോ എന്ന് തോന്നിപ്പോയി.. ആ ഹോസ്പിറ്റലിലെ ഒരു ഗൈനക്കോളജിസ്റ്റിനെ കാണിച്ചു. അവൾക്ക് വേണ്ട നിർദ്ദേശങ്ങളും മരുന്നുകളും നൽകിയിട്ട് അടുത്തമാസം വന്നു കാണാൻ പറഞ്ഞു..
റോസിലിൻ രണ്ടാം നാൾ വൈകുന്നേരം ഡിസ്ചാർജ് ആയി വീട്ടിലെത്തി.. ഇനി ഒരു അബോർഷൻ സാധ്യമല്ല.. രാജുവിനോട് അവൾ ആ കുഞ്ഞിനെ ഇല്ലാതാക്കാൻ വേണ്ടി കൂടെ നിൽക്കണമെന്ന് അപേക്ഷിച്ചു.. രാജു അത് സമ്മതിച്ചില്ല എന്ന് മാത്രമല്ല ശക്തമായി എതിർക്കുകയും ചെയ്തു.. ഇനി മറ്റെന്തെങ്കിലും രീതിയിൽ അത് സംഭവിക്കണം.. ശരിയായി ഭക്ഷണം കഴിക്കാതെയും വിശ്രമിക്കാതെയും ലോകത്തെ മുഴുവൻ വെറുത്തു ജീവിക്കുന്ന റോസിലിൻ രാജു പറയുന്നതൊന്നും കേൾക്കാൻ തയ്യാറായില്ല.. ദിവസങ്ങൾക്കുള്ളിൽ രാജു മനസ്സിലാക്കി അവൾ തന്റെ കുഞ്ഞിനെ എങ്ങനെയെങ്കിലും ഇല്ലാതാക്കുമെന്ന്.. ഒരു രാത്രി രാജു അവളോട് പറഞ്ഞു,”കുറച്ച് നാളായി ഞാൻ ആഗ്രഹിക്കുകയായിരുന്നു നിനക്ക് വിവാഹമോചനം വേണമോ എന്ന് ചോദിക്കുവാൻ വേണ്ടി. എനിക്കറിയാം, എന്നോട് നിനക്ക് വലിയ വെറുപ്പുണ്ടെന്ന് തോന്നുന്നില്ല. പക്ഷേ എന്റെ ജീവിത പശ്ചാത്തലം നിനക്ക് ഉൾക്കൊള്ളാനോ അംഗീകരിക്കാനോ കഴിയുന്നില്ല”..”ഞാൻ നിന്റെ ഒരു ഇഷ്ടത്തിനും എതിര് നിൽക്കില്ല. നിനക്ക് വിവാഹമോചനം വേണമെങ്കിൽ, ഗർഭിണിയായ സ്ഥിതിക്ക് നീ ആ കുഞ്ഞിനെ പ്രസവിച്ചതിനു ശേഷം, നമുക്ക് പിരിയാം”..”എനിക്ക് ആ കുഞ്ഞിനെ വേണം. ഞാൻ എന്താണ് നിനക്ക് ചെയ്തു തരേണ്ടത്?”..”എനിക്ക് ചെയ്യാൻ പറ്റുന്നത് എന്തും ഞാൻ ചെയ്യും”..”നിനക്ക് പഠിക്കാൻ പോണോ?, നീ പൊയ്ക്കോ. വിദേശത്ത് പോണോ?, പൊയ്ക്കോളൂ. നിനക്ക് ഇഷ്ടമുള്ളത് പോലെ നിനക്ക് ജീവിക്കാം. എനിക്ക് ആ കുഞ്ഞിനെ മാത്രം മതി”..”എന്താണ് നിന്റെ തീരുമാനം എന്ന് ആലോചിച്ചൊന്ന് പറയൂ?”.. കേട്ടുകൊണ്ടിരിക്കുന്ന റോസിലിന് പറഞ്ഞു,”എനിക്ക് ബാംഗ്ലൂരിൽ MCA പഠിക്കാൻ പോകണം”.. “അതിനെന്താ പൊയ്ക്കോളൂ. പ്രസവത്തിന് ശേഷം”.. തുടരും….
കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം Sidhique Patta



