
ബിയ്യക്കുട്ടി, എന്റെ വല്യുമ്മച്ചി (Grandmother)…”മാപ്പളാ ലഹള നടക്കുമ്പോ നിക്ക് നാല് വയസ്സാ”.. ഒരു നാല്പത് വർഷം മുമ്പ് ഇങ്ങനെ പറഞ്ഞിരുന്ന എന്റെ വല്യമ്മുച്ചിയെ എനിക്കോർമ്മയുണ്ട്..സംസാരശേഷിയില്ലാത്തവനും വൈകല്യവുമുള്ള ഒരാൺകുട്ടിക്കും മൂന്ന് പെൺകുട്ടികൾക്കും ജന്മം നൽകിയ ശേഷം എന്റെ ഉമ്മയെ ഗർഭം ധരിച്ചിരിക്കെ മരിച്ചുപോയ വല്യുപ്പയെ പറ്റി എനിക്ക് വളരെ കുറച്ചു മാത്രമേ അറിയൂ..മൂപ്പെതിയേഴാം വയസ്സിൽ വിധവയായ, അക്ഷരാഭ്യാസമോ ബുദ്ധി വൈദഗ്ദ്യമോ, കാര്യപ്രാപ്തിയോ ഇല്ലാത്ത, നിസ്കാരം, നോമ്പ്, ഖുർആൻ പാരായണം മുതലായ കാര്യങ്ങൾ ജീവ വായു പോലെ കൊണ്ട് നടന്നിരുന്ന ഒരു നിഷ്കളങ്ക യുവതിയായിരുന്നു എന്റെ വല്യുമ്മച്ചി..ഒരുപാട് ഭൂസ്വത്തുക്കളും മറ്റും ഉണ്ടായിരുന്ന വല്യുമ്മച്ചിക്ക് മറ്റൊന്നിനെക്കുറിച്ചും അറിയേണ്ടിയിരുന്നില്ല..
നാലു മക്കളെയും, വയറ്റിലുള്ള എന്റെ ഉമ്മയെയും എന്റെ വല്യുമ്മച്ചിയെ ഏൽപ്പിച്ചായിരുന്നു എന്റെ വല്ല്യുപ്പച്ചി പോയത്.. ധാരാളം ഭൂസ്വത്തുക്കൾ ഉണ്ടായിരുന്നതുകൊണ്ട് പറമ്പിലെ കപ്പയും ചേനയും കാച്ചിലും ചേമ്പും ചക്കയും മാങ്ങയുമൊക്കെ വിറ്റും തിന്നും വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ ജീവിച്ചു പോന്നു..മൂത്ത മകൾക്ക് വിവാഹ പ്രായമായി, ആർഭാടമായിത്തന്നെ അത് നടത്തി. എന്റെ ഉമ്മയ്ക്ക് ഒന്നോ രണ്ടോ വയസ്സ് പ്രായമുള്ളപ്പോളായിരുന്നു അത്..ഉമ്മ നേരത്തെ മരിച്ച വല്യുമ്മയുടെ ഉപ്പ കൂടി മരിച്ചതും, ആങ്ങളമാരും അനിയത്തിമാരും കല്യാണം കഴിഞ്ഞ് കുട്ടികളായി അവരവരുടെ കാര്യം നോക്കാൻ തുടങ്ങിയതും വല്യുമ്മയുടെ ജീവിതം കൂടുതൽ സങ്കീർണ്ണമാക്കി.. സ്ത്രീകൾ “ഇന്നതേ പറയാവൂ, ഇന്നതേ ചെയ്യാവൂ” എന്ന പരിധി നിശ്ചയിച്ചിരുന്ന കാലമായിരുന്നു അത്. അതവരുടെ ജീവിതം വീണ്ടും ദുർഘടമാക്കി..പുരുഷാധിപത്യത്തിന്റെ കാലഘട്ടം ആയിരുന്നതുകൊണ്ടും, ചോദിക്കാനോ പറയാനോ ആരും ഇല്ലാത്തതുകൊണ്ടും എന്തോ ചെറിയ പ്രശ്നത്തിന് മൂത്ത മകൾ ( എന്റെ മൂത്തുമ്മ) ഒരു കൈക്കുഞ്ഞുമായി വിവാഹമോചിതയായി..പതിനേഴോ പതിനെട്ടോ വയസ്സ് മാത്രം പ്രായം ഉണ്ടായിരുന്ന, ഒരു കുഞ്ഞിന്റെ ഉമ്മയുമായിരുന്ന എന്റെ മുത്തുമ്മയെ ഒരുപാട് പണിപ്പെട്ട് വീണ്ടും കല്യാണം കഴിപ്പിച്ചു..
വീണ്ടും രണ്ട് ആൺകുട്ടികളുണ്ടായി..രണ്ടാമത്തെ മകളെയും കെട്ടിച്ചു..അവർക്കുമുണ്ടായി ഒരാൺകുട്ടി.. മൂത്ത മകളുടെ ഭർത്താവ് , കോഴിക്കോട്, ആ ഭാഗത്ത് എവിടെയോ മറ്റൊരു പെണ്ണ് കെട്ടി പൊറുതി തുടങ്ങിയിത് കുറച്ചുകാലങ്ങൾക്ക് ശേഷമാണ് വീട്ടുകാർ അറിയുന്നത്..അതിനോടടുപ്പിച്ചായിരുന്നു രണ്ടാമത്തെ മകളുടെ ഭർത്താവ് മരിച്ചുപോയത്..സംസാരശേഷിയില്ലാത്ത, ശാരീരിക വൈകല്യങ്ങളോട് കൂടിയ ഒരു മകനും, ഭർത്താവ് ഉപേക്ഷിച്ച ( ഉണ്ടെങ്കിലും) മൂത്ത മകളും ബാല്യം മാറിയിട്ടില്ലാത്ത മൂന്നാണ് കുട്ടികളും , ഭർത്താവ് മരിച്ചു പോയ രണ്ടാമത്തെ മകളും അവരുടെ കുട്ടിയും, മൂന്നാമത്തെ മകൾ ബീവിയും പിന്നെ എന്റെ ഉമ്മയും, തീർത്തുമൊരു യഥാസ്ഥിതിക സ്ത്രീയായിരുന്ന എന്റെ വല്യുമ്മയ്ക്ക് താങ്ങാനാവുന്നതിലും എത്രയോ അപ്പുറമായിരുന്നുവത്..മക്കളെ കെട്ടിക്കാനും മകനെ ചികിത്സിക്കാനുമൊക്കെയായി ഭൂസ്വത്തും മറ്റും ക്ഷയിച്ച് ഇല്ലാണ്ടായിരുന്നു..വീടിന്റെ അടുത്തുള്ള കല്ലും ക്വാറിയിൽ കല്ല് കുത്താൻ പോയി തുടങ്ങി എന്റെ വല്യമ്മ..ആർക്കും ചെയ്യാവുന്ന, അളവിനനുസരിച്ച് കൂലി കിട്ടുന്ന ജോലിയായിരുന്നു കരിങ്കല്ല് ചുറ്റികകൊണ്ട് പൊട്ടിച്ച് മെറ്റലാക്കുന്ന ജോലി..മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് മാറിനിൽക്കുന്ന ഭർത്താവിന്റെ അഭാവത്തിൽ മൂത്ത മകളും കല്ല് പൊട്ടിക്കാൻ പോയി തുടങ്ങി..
ഒരുപാട് ബുദ്ധിമുട്ടി, ഭർത്താവ് മരിച്ച ഒരു കുട്ടിയുടെ ഉമ്മയായ രണ്ടാമത്തെ മകളെ വീണ്ടും വിവാഹം കഴിപ്പിച്ചു..മൂന്നാമത്തെ മകൾ ബീവി, ക്വാറിയിലെ, പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന കരിമരുന്ന് ഉണക്കുകയോ മറ്റോ ചെയ്യുമ്പോൾ തീ പടർന്ന് കത്തിയെരിഞ്ഞ് മരിച്ചു..രണ്ടാമത്തെ വിവാഹത്തിൽ ഒരാൺകുട്ടി ഉണ്ടായതിനു ശേഷം രണ്ടാമത്തെ മകളുടെ ഭർത്താവും വയനാട്ടിൽ പോയി മറ്റൊരുത്തിയെ വിവാഹം കഴിച്ചു..ആദ്യ ഭർത്താവിന്റെ മരണവും രണ്ടാം ഭർത്താവിന്റെ അവഗണനയും, അദ്ദേഹത്തിന്റെ പുനർവിവാഹവും അവരെ( രണ്ടാമത്തെ മകൾ ) വൈവാഹിക ജീവിതത്തിന്റെ ആസക്തി ഇല്ലാതാക്കി. അവരും പോയി തുടങ്ങി കല്ല് കുത്താൻ..ഖുർആൻ ഏറെക്കുറെ മനപ്പാഠമാക്കിയിരുന്ന എന്റെ മൂത്തുമ്മ ഖുർആൻ ഓതിയും ദിക്റ് ചൊല്ലിയും കല്ല് കുത്തുന്നത് എനിക്കിപ്പോഴും ഭാവനയിൽ കാണാൻ കഴിയുന്നുണ്ട്.. ഇനി എന്റെ ഉമ്മയുടെ ഊഴമാണ്..വല്യുപ്പ മരിക്കുമ്പോൾ രണ്ടുമാസം വല്യുമ്മയുടെ വയറ്റിലായിരുന്ന എന്റെ ഉമ്മ, വല്യുമ്മയുടെ ഇളയ മകൾ, കല്യാണ പ്രായമെത്തിയിരിക്കുന്നു..ആരിൽ നിന്നൊക്കെയോ കടം വാങ്ങിയും കല്ല് കുത്തി ഉണ്ടാക്കിയ ( മൂന്നുപേരും) പണവും ചെലവഴിച്ച്, അവരുടെ( എന്റെ ഉമ്മയുടെ) ആദ്യ വിവാഹം കഴിഞ്ഞു..സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ എന്നിരിക്കെ, എന്റെ ഉമ്മയും വിവാഹമോചിതയായി..വീണ്ടും അവർ മൂന്നു പേരും ചേർന്ന് എന്റെ ഉമ്മയെ എന്റെ ഉപ്പാക്ക് കെട്ടിച്ചു കൊടുത്തു..
സംസാരിക്കാൻ കഴിയാത്ത, കന്നുകാലികളെ മേയ്ക്കാനും മറ്റും പോയിരുന്ന ഏക മകനെ കൊണ്ടും വിവാഹം കഴിപ്പിച്ചു..വല്യുമ്മയും മൂത്ത രണ്ടു പെൺമക്കളും അവരുടെ 5 ആൺകുട്ടികളും മകനും മകന്റെ ഭാര്യയും ഒരുമിച്ച് ജീവിക്കാൻ തുടങ്ങി..പേരക്കുട്ടികളും അല്ലറ ചില്ലറ ജോലിക്ക് പോയി തുടങ്ങി.വല്യമ്മക്ക് വയസ്സായി..എല്ലാം വിറ്റ് പെറുക്കിയതിന്റെ ബാക്കി, ചക്കയും മാങ്ങയും തേങ്ങയും ഒക്കെയുള്ള അൻപത് സെന്റ് സ്ഥലം ബാക്കിയായി. അതിലെ ആദായങ്ങളും മറ്റും വല്യുമ്മ തന്നെയായിരുന്നു എടുത്തിരുന്നത്..വല്യമ്മയുടെ സമ്പാദ്യത്തിൽ കൂടുതലും എന്റെ ഉമ്മാക്ക് കൊടുക്കാനായിരുന്നു ഉപയോഗിച്ചിരുന്നത്..എല്ലാ അർത്ഥത്തിലും ജീവിച്ച്, തൊണ്ണൂറ്റിയെഴാമത്തെയോ എട്ടാമത്തെയോ വയസ്സിലാണ് എന്റെ വല്ല്യുമ്മച്ചി മരിച്ചത്..Sidhique Patta..



