ENTERTAINMENT

സിദ്ധീഖ് എഴുതുന്നു..എന്റെ ഭ്രാന്തൻ ചിന്തകൾ..

പലതുള്ളി പെരുവെള്ളം.. ഇന്ന് ഈ പഴഞ്ചൊല്ലിനെ ഒന്ന് വികസിപ്പിക്കാം എന്ന് തോന്നി.. കാലാകാലങ്ങളായി ലോകത്തെവിടെയും വ്യത്യസ്ത ഭാഷകളിൽ ഈ പഴഞ്ചൊല്ല് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.. വളരെ ചെറുതാണ് എന്ന് നമ്മൾ കരുതുന്ന ഒന്നും രണ്ടും മൂന്നും കൂട്ടിവെച്ച് അഞ്ഞൂറും ആയിരവും ആകുന്നു.. ആയിരവും രണ്ടായിരവും ചേർത്തുവെച്ച് പതിനായിരങ്ങളും ലക്ഷങ്ങളും ആകുന്നു.. നിസ്സാരമെന്ന് നാം കരുതുന്ന എന്തും അങ്ങനെ ചേർത്തു വെച്ചാൽ അരുവികളും പുഴകളും സമുദ്രങ്ങളും ആകും..

നമ്മളിൽ ഭൂരിഭാഗവും ചിന്തിക്കാത്ത മറ്റൊരു രീതിയിൽ ഈ പഴഞ്ചൊല്ലിനെ വ്യാഖ്യാനിക്കാനാണ് ഞാനിവിടെ ശ്രമിക്കുന്നത്.. നമ്മുടെ സന്തോഷത്തിന് ആ പഴഞ്ചൊല്ല് എങ്ങനെയാണ് അനുയോജ്യമാകുന്നത് എന്നാണ് എന്റെ അന്വേഷണം..ചെറിയ ചെറിയ സന്തോഷങ്ങൾ നമ്മളിൽ പലരും അറിയാറില്ല, അല്ലെങ്കിൽ അനുഭവിക്കാറില്ല.. മുകളിൽ പറഞ്ഞ ചേർത്തുവയ്ക്കൽ നമുക്ക് പണമായോ മറ്റെന്തെങ്കിലും വസ്തുക്കളായോ കൂടിക്കിടക്കുന്നത് കാണാൻ കഴിയും..കുഞ്ഞുകുഞ്ഞ് സന്തോഷങ്ങൾ ചേർത്തുവച്ചാൽ നമുക്ക് ബാഹ്യമായി ഒന്നും കാണാൻ കഴിയില്ല..ആന്തരികമായും മാനസികമായും അതെത്രത്തോളമെന്ന് അനുഭവിക്കാനേ കഴിയൂ..കടലോളം അല്ലെങ്കിൽ അതിൽ കൂടുതലായിരിക്കും അത്.. രാവിലെ എഴുന്നേറ്റ് വരുമ്പോൾ അമ്മയോ ഭാര്യയോ ഭർത്താവോ സഹോദരിയോ വീട്ടു ജോലിക്കാരിയോ ചിരിച്ചുകൊണ്ട് ഒരു ചായയോ കാപ്പിയോ തരുന്നത് നമ്മൾക്ക് സന്തോഷമാകും.. അതുപോലെ നമ്മൾക്കും ആർക്കെങ്കിലും കൊടുക്കാൻ കഴിഞ്ഞാലും സന്തോഷം തന്നെയാണ്.. കൊടുക്കലും വാങ്ങലും സന്തോഷത്തെ തരും.. മുറ്റത്തെ ചെടിയിൽ മനോഹരമായ ഒരു പൂ വിരിഞ്ഞു കാണുന്നത് ആരെയാണ് സന്തോഷിപ്പിക്കാത്തത്?..

ഒരു കുഞ്ഞു പൈതൽ നമ്മുടെ ശരീരത്തിലേക്ക് വലിഞ്ഞു കയറുന്നതും നമ്മുടെ മേലൂടെ കുത്തി മറിയുന്നതും നമ്മളെ കെട്ടിപ്പിടിക്കുന്നതും നമ്മൾ അവരെ കെട്ടിപ്പിടിക്കുന്നതും അവര് നമ്മളെ ഉമ്മ വയ്ക്കുന്നതും നമ്മൾ അവരെ ഉമ്മ വയ്ക്കുന്നതും നമുക്ക് ഇഷ്ടമാണ്.. നമ്മുടെ മാതാപിതാക്കളോ ഭർത്താവോ ഭാര്യയോ മക്കളോ മറ്റു പ്രിയപ്പെട്ടവരോ നമ്മളെ കേൾക്കുന്നതും ബഹുമാനിക്കുന്നതും അംഗീകരിക്കുന്നതും ആശ്വസിപ്പിക്കുന്നതും അഭിനന്ദിക്കുന്നതും നമുക്ക് സന്തോഷം നൽകും.. അയൽക്കാരോടോ സുഹൃത്തുക്കളോടോ സോറ പറയുന്നതും കളി തമാശ പറയുന്നതും പരസ്പരം ബഹുമാനിക്കുന്നതും സഹായിക്കുന്നതും നമ്മുടെ മാനസിക സംതൃപ്തി വർദ്ധിപ്പിക്കും.. വാങ്ങുന്നതിലും കൂടുതൽ സന്തോഷം തരുന്നത് കൊടുക്കുമ്പോഴാണ്.. സമ്പന്നനേ പണം നൽകാനാവൂ..ആരോഗ്യവാന് അവന്റെ കായിക ബലവും അറിവുള്ളവന് അവന്റെ അറിവും മറ്റുള്ളവർക്ക് ആവശ്യത്തിന് അനുസരിച്ച് പകർന്നു കൊടുക്കാം. ഇത്തരത്തിലുള്ള പല പ്രവർത്തികളും നമ്മളെ സന്തോഷിപ്പിക്കും.. പാട്ട് കേൾക്കുന്നതും പാട്ടുപാടുന്നതും കഥകൾ വായിക്കുന്നതും കഥയും കവിതയും എഴുതുന്നതും സിനിമ കാണുന്നതും യാത്ര പോകുന്നതും നല്ല വസ്ത്രം ധരിക്കുന്നതും നല്ല ഭക്ഷണം കഴിക്കുന്നതും മനസ്സിന് സന്തോഷം തരുന്നവയാണ്.. അധികാരവും പേരും പ്രശസ്തിയും നേടുന്നത് ചെറിയ ചെറിയ സന്തോഷങ്ങൾ കൂട്ടിച്ചേർത്തുകൊണ്ടാണ്.. ആ അധികാരത്തിലേക്ക്, പ്രശസ്തിയിലേക്ക് എത്തിപ്പെടാൻ ഒരുത്തനെ പ്രാപ്തനാക്കുന്നത് അതിനുവേണ്ടിയുള്ള അവന്റെ ഓരോ ചെറിയ ശ്രമങ്ങൾ പോലും സന്തോഷത്തോടെ ചെയ്യാൻ കഴിയുന്നത് കൊണ്ടാണ്.. ഒരു ദിവസം നമുക്ക് സന്തോഷിക്കാൻ നൂറു കാരണങ്ങളുണ്ടെങ്കിലും അതിൽ ഭൂരിഭാഗവും “ഇതൊക്കെ സ്ഥിരം സംഭവങ്ങളല്ലേ?” എന്ന് കരുതി നിസ്സാരവൽക്കരിക്കുന്നത് കൊണ്ട് നമ്മൾക്കത് അനുഭവിക്കാൻ കഴിയുന്നില്ല.. സങ്കടപ്പെടാൻ ഒരു കാരണം മതി, അതിനെ ചൊല്ലി നമ്മൾ ദുഃഖിക്കും. കാരണം അത് വല്ലപ്പോഴും സംഭവിക്കുന്ന ഒന്നായതുകൊണ്ട്.. നമ്മൾ കാത്തിരിക്കുകയാണ് ഒരു കാർ വാങ്ങിയിട്ട് സന്തോഷിക്കാം ജോലി കിട്ടിയിട്ട് സന്തോഷിക്കാം വീടു വച്ചിട്ട് സന്തോഷിക്കാം എന്നൊക്കെ കരുതി.. ഒരു മനുഷ്യായുസ്സിൽ ഒന്നോ രണ്ടോ തവണ മാത്രം സംഭവിക്കുന്ന അത്തരം ഒന്നിനുവേണ്ടി നമ്മൾ കാത്തിരിക്കുകയാണ് നമ്മൾക്ക് സന്തോഷിക്കാൻ.. നമ്മുടെ ചുറ്റുപാടുമുള്ള നൂറുകണക്കിന് കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾ തിരിച്ചറിയാനും അത് അനുഭവിക്കാനും കഴിഞ്ഞാൽ, വല്ലപ്പോഴുമുള്ള നമ്മുടെ ആഗ്രഹങ്ങൾ പൂവണിയുമ്പോളുള്ള വലിയ വലിയ സന്തോഷങ്ങളും ( കാറ്, വീട്, ജോലി) കൂടിയാകുമ്പോൾ ആ ജീവിതം എത്ര സന്തോഷ പൂരിതമാകും.. നമ്മൾ അനുഭവിക്കാതെ, തിരിച്ചറിയാതെ പോകുന്ന സന്തോഷങ്ങളെല്ലാം കൂട്ടി വെച്ചാൽ എത്രത്തോളമാകുമത്?… അരുവിയും പുഴയും സമുദ്രവും താണ്ടി ഈ വിശ്വം മുഴുവൻ നേടുന്നതിന് സമമായിരിക്കുന്നത്..Sidhique Patta..

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com