ENTERTAINMENT

സിദ്ധീഖ് എഴുതുന്നു.. എൻ്റെ ഭ്രാന്തൻ ചിന്തകൾ

പ്രതികാരം… സിംഗപ്പൂരിൽ വച്ച് തമിഴ്നാട്ടുകാരനായ പൈപ്പ് ഫിറ്റർ മുത്തുകുമരൻ ചൈനക്കാരനായ സൂപ്പർവൈസറോട് വഴക്കിട്ട് ഉന്തും തള്ളുമായി.. മുൻകോപിയും ഞാനെന്ന ഭാവത്തിന്റെ ഉന്നത വക്താവുമായ ആ സൂപ്പർവൈസറെ മുത്തുകുമരന് മാത്രമല്ല കമ്പനിയിലുള്ള മറ്റു ജോലിക്കാർക്കും ഇഷ്ടമായിരുന്നില്ല.. ജോലിയുമായി ബന്ധപ്പെട്ട എന്തോ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ആ ചൈനക്കാരൻ മുത്തു കുമരനോട് പുച്ചത്തോടെ അവന്റെ നിറത്തെയും സംസ്കാരത്തെയും നാടിനെയും ഇകഴ്ത്തിയും പരിഹസിച്ചും സംസാരിച്ചു.. മുത്തു കുമരന്റെ നിയന്ത്രണം വിട്ടു.. അവൻ ആ ചൈനക്കാരനെ പിടിച്ചു തള്ളി..അവർ പരസ്പരം ഉന്തും തള്ളുമായി..ആളുകൾ കൂടി അവരെ പിടിച്ചുമാറ്റി.. സൂപ്പർവൈസർ കപ്പലിൽ നിന്നിറങ്ങി അവരുടെ വർക്ക് ഷോപ്പിലേക്ക് പോയി.. ആ ചൈനക്കാരന്റെ ബുദ്ധിമുട്ടുകാരണം ആ കമ്പനിയിൽ നിന്ന് റിസൈൻ ചെയ്തു പോകണമെന്ന് പൈപ്പ് ഫിറ്ററും സിക്സ് ജി വെൽഡറുമായ കുമരൻ കുറെയായി ആലോചിക്കുന്നതാണ്.. പലതവണ ആ ചൈനക്കാരനുമായി വഴക്കിട്ടിട്ടുമുണ്ട്.. ഇപ്പോൾ ശരീരത്തിൽ തൊട്ടുള്ള കളിയുമായി.. ആ കപ്പലിയിലെ പൈപ്പിങ് കോൺട്രാക്ട് എടുത്തിരിക്കുന്നത് ആ ചൈനക്കാരൻ സൂപ്പർവൈസറുടെ ജ്യേഷ്ഠനാണ്..അവന്റെ ചേട്ടൻ അവൻ പറയുന്നതേ കേൾക്കൂ, തന്നെ കേൾക്കാൻ തയ്യാറാവില്ല.. തന്നെ പിരിച്ചുവിടും.. മുത്തു കുമരൻ മനസ്സിലാക്കി.. കുമരൻ തന്റെ ജോലി തുടർന്നു.. ചൈനാക്കാരനാണ് തെറ്റുകാരനെങ്കിലും തമിഴ്നാട്ടുകാരനായ മുത്തു കുമരനെ പിരിച്ചുവിടാൻ കമ്പനി തീരുമാനിച്ചു.. നാട്ടിൽ പോകാൻ നേരം അവൻ അവന്റെ സുഹൃത്തുക്കളോട് പറഞ്ഞു..”അവനുള്ള പണി ഞാൻ കൊടുത്തിട്ടുണ്ട്”..

രണ്ടുമൂന്ന് മാസങ്ങൾക്ക് ശേഷം ആ ചരക്ക് കപ്പൽ ട്രയൽ പോകാൻ തയ്യാറായി.. കപ്പലിലെ എഞ്ചിനും ജനറേറ്ററും ഹൈഡ്രോളിക് സിസ്റ്റവും ഫയർ ഫൈറ്റിംഗ് സിസ്റ്റവും വിഞ്ചും ആങ്കറും എന്നുവേണ്ട, കപ്പലിലെ ഓരോ എക്വിപ്മെന്റും വർക്ക് ചെയ്യിപ്പിച്ച് അതിന്റെ പ്രവർത്തനം കാര്യക്ഷമമാണ് എന്ന് ABS ഏജൻസിയെ ബോധ്യപ്പെടുത്തി സർട്ടിഫൈ ചെയ്യണം.. അതിനായി കപ്പലിന്റെ എഞ്ചിൻ കാറ്റർ പില്ലറിന്റെ എൻജിനീയർമാരായി ഇംഗ്ലണ്ട്കാരായ രണ്ടുപേരും അവരെ സഹായിക്കാനായി കമ്പനിയിൽനിന്ന് രണ്ടുപേരും, മറ്റൊരു കമ്പനിയുടെ ജനറേറ്റർ ആയിരുന്നതിനാൽ അതിന്റെ എൻജിനീയറും, ഓരോ എക്വിപ്മെന്റും ഏത് കമ്പനിയുടേതാണോ ആ കമ്പനിയിൽ നിന്നെല്ലാം ഒന്നോ രണ്ടോ പേര് വീതവും സ്ട്രക്ച്ചൽ വർക്ക് ചെയ്ത രണ്ട് സ്റ്റീൽ ഫിറ്റർമാരും പൈപ്പിംഗ് ജോലികൾ ചെയ്ത മുത്തു കുമരന്റെ കമ്പനിയിൽനിന്ന് രണ്ടുപേരും, ഓരോന്നിന്റെയും പ്രവർത്തനം നിരീക്ഷിച്ച് സർട്ടിഫൈ ചെയ്യാനായി ABS ന്റെ രണ്ട് ഇൻസ്പെക്ടർമാരും കപ്പലിന്റെ മുതലാളിയുടെ ഭാഗത്തുനിന്ന് ക്യാപ്റ്റനും ചീഫ് എൻജിനീയറും ഫാസ്റ്റ് ഓഫീസറും സെക്കൻഡ് ഓഫീസറും അവർക്ക് സഹായികളായി മറ്റ് മൂന്നാലു പേരും ഷിപ്പിയാടിന്റെ ഭാഗത്തുനിന്ന് പ്രൊജക്റ്റ് മാനേജറും ഓരോ ഡിപ്പാർട്ട്മെന്റിന്റെയും സൂപ്പർവൈസർമാരും, കുക്കിങ്ങിനും ക്ലീനിങ്ങിനും മറ്റു സഹായത്തിനുമായി അഞ്ചെട്ട് പേരും ചേർന്ന് അമ്പത് അറുപതോളം പേരുണ്ട് കപ്പലിൽ.. ഇരുപത് ദിവസം മുതൽ ഒരു മാസം വരെ ട്രയൽ ഉണ്ടാവും.. അത്രയും ദിവസത്തേക്കുള്ള ഭക്ഷണസാധനങ്ങളും മറ്റ് സൗകര്യങ്ങളും കരുതിയാണ് കപ്പൽ സീ ട്രയലിന് പോയത്.. രാവിലെ പത്തുമണിയോടുകൂടി ട്രയലിന് പോയെ കപ്പൽ രാത്രി തിരിച്ച് ഷിപ്പിയാർഡിലേക്ക് തന്നെ വന്നു..

കപ്പലിലെ ടോയ്‌ലറ്റിലെയും വാഷ് റൂമിലെയും വെള്ളം വെളിയിലേക്ക് ഒഴുകിപ്പോകാതെ ടോയ്‌ലറ്റും വാഷ് റൂമും വെള്ളം നിറഞ്ഞ് പൊങ്ങി.. പൈപ്പ് ഫിറ്റർമാരും ഷിപ്പിൽ ഉണ്ടായിരുന്ന മറ്റു ജോലിക്കാരും മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ പ്രശ്നം കണ്ടെത്തി.. ഓരോ ബാത്റൂമിൽ നിന്നും ചെറിയ പഴുപ്പുകൾ വഴി വെള്ളവും വേസ്റ്റും നാലിഞ്ച് പൈപ്പിലേക്ക് വരുന്നു. ആ നാലിഞ്ച് പൈപ്പ് ഒരു ആറിഞ്ച് പൈപ്പിൽ വെൾഡ് ചെയ്ത് വേസ്റ്റ് വെള്ളമെല്ലാം ആ ആറിഞ്ച് പൈപ്പിലൂടെ നൺ റിട്ടേൺ വാൽവ് വഴി പുറത്തേക്ക് പോകുന്നു.. ഇവിടെ ആ നാലഞ്ച് പൈപ്പ് ആറിഞ്ചിൽ വേൾഡ് ചെയ്തത് ആ നാലഞ്ച് പൈപ്പിന്റെ വ്യാസത്തിനനുസരിച്ച് ആറിഞ്ച് പൈപ്പ് കട്ട് ( തുളക്കാതെ) ചെയ്യാതെയായിരുന്നു.. തുള ഇല്ലാത്തതുകൊണ്ട് വെള്ളം ആറിഞ്ച് പൈപ്പിലോട്ട് കയറാൻ കഴിയാതെ ബാത്റൂമിലും ടോയ്‌ലറ്റിലും വാഷ് റൂമിലും പൊന്തി.. കപ്പലിൽ വെൽഡർമാരും വെൽഡിങ് സെറ്റും അത്തരത്തിലുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നെങ്കിലും അവിടെവച്ച് പൈപ്പ് കട്ട് ചെയ്യാൻ കഴിയാത്തത് കൊണ്ട് , ഡീസലും പലതരം ഓയിലും ടാങ്കിലും പൈപ്പ് ലൈനിലും ഉണ്ടായിരുന്നതിനാൽ, പൈപ്പ് അയിച്ച് വെളിയിൽ വച്ച് വേണം അത് ചെയ്യാൻ. അതിന് ഓയിൽ എല്ലാം കാലിയാക്കേണ്ടതുണ്ട്. വെൽഡിങ് ചെയ്യാൻ സേഫ്റ്റി ഓഫീസർമാരുടെ പെർമിറ്റ് ലഭിക്കണം. അതൊന്നും കടലിൽ വെച്ച് ചെയ്യാൻ കഴിയാത്തത് കൊണ്ടാണ് കപ്പൽ വീണ്ടും യാഡിലേക്ക് തിരിച്ചുവന്നത്.. പൈപ്പിംഗ് കോൺട്രാക്ടറും ആ ചൈനീസ് സൂപ്പർവൈസറും രണ്ടുമൂന്ന് ഫോർമാൻമാരും കപ്പലിലേക്ക് ഓടിവന്നു.. രണ്ട് ദിവസംകൊണ്ട് അവരാ പണി പൂർത്തിയാക്കി.. ആ സീ ട്രയൽ മുടങ്ങിയത് കാരണം വന്ന എല്ലാ നഷ്ടങ്ങളും കണക്ക് കൂട്ടി 50000 അമേരിക്കൻ ഡോളർ ആ പൈപ്പിങ് കമ്പനിക്ക് പിഴയിട്ടു..

ആരാണ് ഇങ്ങനെ ചെയ്തത് എന്ന അന്വേഷണത്തിന് ഒടുവിൽ മുത്തു കുമരനായിരുന്നു അത് ചെയ്തത് എന്ന് വിലയിരുത്തി.. കോപപെട്ട് അവനെ അങ്ങനെയാക്കണം ഇങ്ങനെയാക്കണം എന്നൊക്കെ ആ ചൈനക്കാർ പറഞ്ഞിരുന്നെങ്കിലും ഒന്നും എവിടെയും എത്തിയില്ല.. കോൺട്രാക്ടർമാർക്കും മറ്റു ജോലിക്കാർക്കും അവർക്ക് വേണ്ട ഇലക്ട്രിസിറ്റിയും ഡീസലും വെള്ളവും മറ്റ് സഹായങ്ങളും എത്തിച്ചിരുന്ന ആ ഷിപ്പിയാർഡിലെ ജീവനക്കാർക്കാർക്ക് പ്രത്യേകിച്ച് ഇന്ത്യക്കാർക്ക്, ആ ചൈനീസ് സൂപ്പർവൈസറോട് ദേഷ്യമായിരുന്നു.. ഇന്ത്യക്കാർ പരസ്പരം കണ്ടുമുട്ടുന്നിടത്തെല്ലാം അവർ പറഞ്ഞു,”ഇന്ത്യക്കാരോടാണോ ചൈനക്കാരന്റെ കളി?”, എന്ന്..Sidhique Patta..

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com