
മോനൂസും കുഞ്ഞൂസും പിന്നെ സോനുവും
കഴിഞ്ഞ ശനിയാഴ്ച ഒരു ബന്ധുവിന്റെ കല്യാണത്തിന് പോയിരുന്നു.. അമ്പലപ്പാറ എന്റെ വീടിന് അടുത്തുള്ള എം സി ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു വിവാഹം.. ആഴ്ചയിലോ രണ്ടാഴ്ച കൂടുമ്പോഴോ ആയിരുന്നു ഞാൻ താടി വടിച്ചിരുന്നത്. കല്യാണത്തിന് പോകാൻ വേണ്ടി വെള്ളിയാഴ്ച തന്നെ മുടി വെട്ടുകയും താടി വടിക്കുകയും ചെയ്ത് മീശയും മുടിയും കറുപ്പിക്കാനുള്ള ഹെയർ കളർ ഷാംപൂമായാണ് രാത്രി വീട്ടിൽ പോയത്..ശനിയാഴ്ച രാവിലെ നാലുമണിക്ക് എഴുന്നേറ്റ് ഞാൻ പോയി കട തുറന്നു..
അന്ന് കോളേജ് ഇല്ലാത്തതുകൊണ്ട് പതിനൊന്നരയോട് കൂടി എന്റെ രണ്ടാമത്തെ മകൻ എനിക്കുള്ള ബ്രേക്ക് ഫാസ്റ്റും കൊണ്ട് കടയിൽ വന്നു.. കോളേജ് ഇല്ലാത്ത ദിവസങ്ങളിൽ അവനും അവന്റെ ജേഷ്ഠനും ആറുമണിക്കൂർ വീതം കടയിൽ നിൽക്കണം, കോളേജ് ഉള്ള ദിവസങ്ങളിൽ വൈകുന്നേരം 7 മണി മുതൽ ഒമ്പതരക്ക് കടയടക്കുന്നതുവരെ രണ്ടുപേരും മാറിമാറി നിൽക്കുക, അങ്ങനെയാണ് തുടർന്നു പോകുന്നത്.. കോളേജ് ഉള്ള ദിവസങ്ങളിൽ എനിക്കുള്ള ബ്രേക്ക് ഫാസ്റ്റ് രാവിലെ എട്ടര ഒൻപത് മണിയുടെ ഇടയ്ക്ക് കോളേജിൽ പോകുന്ന മക്കളിൽ ആരെങ്കിലും കൊണ്ടുവന്ന് തരും.. വീട്ടിലെ ഭക്ഷണം ഇഷ്ടപ്പെടുകയും പ്രഭാത ഭക്ഷണം ഹെവി ആയിട്ട് കഴിക്കുകയും ചെയ്യുന്ന ഞാൻ, കോളേജ് ഇല്ലാത്ത ദിവസങ്ങളിൽ മക്കളുടെ പള്ളിയുറക്കവും മറ്റും കഴിഞ്ഞ് പതിനൊന്നര പന്ത്രണ്ട് മണിയോടെയാണ് പ്രാതൽ കഴിക്കാറ്..മകൻ കൊണ്ടുവന്ന ഓട്ടടയും മീൻ കറിയും വയർ നിറയെ കഴിച്ച് പന്ത്രണ്ട് മണിയോടുകൂടി അവനെ കടയിലാക്കി ഞാൻ വീട്ടിലെത്തി.. വീട്ടിലപ്പോൾ എന്റെ ഉമ്മയും ഭാര്യയും കല്യാണത്തിന് പോകാനുള്ള ഒരുക്കത്തിലായിരുന്നു.. ഉപ്പ നേരത്തെ കല്യാണ വീട്ടിൽ പോയപ്പോൾ ഉമ്മ എന്റെ വീട്ടിൽ ഇറങ്ങിയതാണ്…
എന്റെ വീട്ടിൽ നിന്ന് നൂറോ നൂറിഅന്പതോ മീറ്ററെ ഉള്ളൂ ഓഡിറ്റോറിയത്തിലേക്ക്.. അപ്പോഴാണ് കല്യാണത്തിന് പോയി ബിരിയാണിയൊക്കെ കഴിച്ച് എന്റെ ഇളയ അനിയനും അവന്റെ ആറു വയസ്സുകാരൻ മോനൂസും എൽകെജി കാരനായ കുഞ്ഞൂസും എന്റെ മരിച്ചുപോയ അനിയന്റെ ഇളയ മകൻ രണ്ടാം ക്ലാസുകാരൻ സോനുവും വീട്ടിലേക്ക് വരുന്നത്.. ഇളയ അനിയനും അവന്റെ ഭാര്യയ്ക്കും മറ്റെവിടെയോ പോകാനുള്ളതുകൊണ്ട് കുട്ടികളെ വീട്ടിലാക്കി അവർ പോയി.. ഒരു പന്ത്രണ്ടരയോടുകൂടി ഉമ്മയും എന്റെ ഭാര്യയും ഞാനെപ്പോഴാണ് വരുന്നത് എന്ന് ചോദിച്ച്, ഞാൻ 12 മണിക്കാണ് ബ്രേക്ക് ഫാസ്റ്റ് കഴിച്ചത്, എനിക്ക് മുടിയും മീശയും കറുപ്പിക്കാനുമുണ്ട്, അതെല്ലാം കഴിഞ്ഞ് രണ്ടുമണിയോടുകൂടി ഞാൻ വന്നോളാം എന്ന് പറഞ്ഞത് കൊണ്ട്, മക്കളെ എന്റെ അടുത്താക്കി അവർ കല്യാണത്തിന് പോയി.. പൊതുവേ കുട്ടികൾ വന്നാൽ എന്റെ മൊബൈൽ അവർ ആധികാരികമായി കളിക്കാനായി എടുക്കും.. എനിക്കതിൽ പരാതിയും ഉണ്ടായിരുന്നില്ല.. അന്നെനിക്ക് കുറച്ച് എഴുതാൻ ഉണ്ടായിരുന്നതുകൊണ്ട് ഞാൻ അവർക്ക് മൊബൈൽ കളിക്കാൻ കൊടുത്തില്ല. സോനുവിന്റെ കയ്യിൽ അവൻ അവന്റെ വീട്ടിൽ നിന്ന് കൊണ്ടുവന്ന ഒരു പഴയ മൊബൈൽ ഉണ്ടായിരുന്നു. അതിൽ ഹോട്ട്സ്പോട്ട് കണക്ട് ചെയ്ത് സോനുവും മോനൂസും ഗെയിം കളിച്ചുകൊണ്ടിരുന്നു.. രണ്ടാം ക്ലാസുകാരനായ സോനുവിനോട് കളിച്ചുകൊണ്ടിരിക്കുന്ന ഗെയിമിൽ ഒരാൾ തോറ്റാൽ മറ്റേയാൾക്ക് കളിക്കാൻ കൊടുക്കാനും പറഞ്ഞു..
എന്റെ കൂടെ ബെഡിൽ കയറിക്കിടന്ന് അവർ ഗെയിം കളിച്ചുകൊണ്ടിരുന്നു.. നാലു വയസ്സുകാരനായ കുഞ്ഞൂസിനെ ഞാനെന്റെ അടുത്ത് പിടിച്ച് കിടത്തി.. എന്റെ ഉമ്മയോ അവന്റെ ഉമ്മയോ എന്റെ ഭാര്യയോ വീട്ടിൽ ഇല്ലാത്തതുകൊണ്ടും സോനുവും മോനുസും കളിച്ചുകൊണ്ടിരിക്കുന്ന വീഡിയോ ഗെയിമിൽ അവന് അവസരം ഇല്ലാത്തതും കുഞ്ഞൂസിനെ മുഷിപ്പിച്ചു, അതവൻ പ്രകടമാക്കുകയും ചെയ്തു..ഞാനവന്റെ കയ്യിൽ വീട്ടിലുണ്ടായിരുന്ന ആറു വശങ്ങളിലും ഒരേ കളർ വീതം ഒപ്പിക്കുന്ന ഒരു സമചതുര കട്ട ( എന്തോ ഒരു ക്യൂബ്, പേര് അറിയില്ല) കൊടുത്തിട്ട് അത് ഒപ്പിക്കാൻ പറഞ്ഞു..അവനത് ആവേശത്തോടെ കളിച്ചുകൊണ്ടിരുന്നു.. ഒന്നരയോടെ ഞാൻ മീശയും മുടിയും കറുപ്പിക്കാനായി vip ഹെയർ കളർ ഷാമ്പു തലയിൽ തേച്ചു.. തലയുടെ പുറം ഭാഗത്തും മുഖത്തും ഒലിച്ചിറങ്ങുന്ന കളർ തുടയ്ക്കാനായി കുഞ്ഞൂസിന്റെ കയ്യിൽ ഒരു കഷണം തുണി കൊടുത്ത് അവനോട് ഒപ്പിയെടുക്കാൻ പറഞ്ഞു.. വളരെ ആവേശത്തോടെ അവൻ അത് ചെയ്തു.. പത്തു പതിനഞ്ചു മിനിറ്റ് ശേഷം ഞാൻ കുളിക്കാനായി ബാത്റൂമിൽ കയറി.. അപ്പോഴേക്കും ഗെയിം കളി നിർത്തി സോനുവും മോനൂസും കുഞ്ഞൂസിനേയും കൂട്ടി വീണ്ടും ഓഡിറ്റോറിയത്തിലേക്ക് പോയി..രണ്ടു മണിയോടുകൂടി ഞാനും ഓഡിറ്റോറിയത്തിൽ എത്തി..
വരന്റെയും വധുവിന്റെയും വീട് തിരുവമ്പാടി ഭാഗത്ത് തന്നെ ആയതുകൊണ്ട് രണ്ട് വീട്ടുകാരും ഒരുമിച്ച് ഒരു ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു കല്യാണം നടത്തിയത്.. രണ്ടു മണി ആയിട്ടും ഓഡിറ്റോറിയത്തിൽ ഭയങ്കര തിരക്കായിരുന്നു.. മക്കളെ മൂന്നു പേരെയും അവിടെ കണ്ട ഞാൻ അവരോട് കുഞ്ഞൂസിനെ നോക്കണം എന്ന് പറഞ്ഞ് ഭക്ഷണം കഴിക്കാനായി പോയി.. ഞാൻ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ സോനു എന്റെ അടുത്ത് വന്നിരുന്ന് എന്നോട് ഹോട്ട്സ്പോട്ട് ഓണാക്കിപ്പിച്ച് അവൻ അവന്റെ കയ്യിൽ ഉണ്ടായിരുന്ന മൊബൈലിൽ ഗെയിം കളിക്കാൻ തുടങ്ങി..മോനുസും കുഞ്ഞൂസും എവിടെയെന്ന് ചോദിച്ചപ്പോൾ അവര് അപ്പുറത്തുണ്ട് എന്ന് അവൻ മറുപടി പറഞ്ഞു..സോനു എന്നോട് മൊബൈൽ പലതവണ ചോദിച്ചു, നെറ്റ് കണക്ഷൻ വിച്ഛേദിക്കാതിരിക്കാൻ
എന്റെ ഫോൺ അവന്റെ കീശയിൽ ഇട്ടോളാം എന്നും പറഞ്ഞു… മൂന്നാല് പ്രാവശ്യം അവൻ ആ ചോദ്യം ആവർത്തിച്ചപ്പോൾ ഞാൻ അവനോട് പറഞ്ഞു,”സിദ്ധിക്കിപ്പച്ചി ഒരിക്കൽ ഇല്ല എന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം ഇല്ല എന്ന് തന്നെയാണ്”.. അവന് കാര്യം മനസ്സിലായത് കൊണ്ടാവാം പിന്നീടവൻ ചോദിച്ചില്ല.. ഞാനവനോട് ഭക്ഷണം വേണോ എന്ന് ചോദിച്ചപ്പോൾ അവൻ വേണ്ട എന്ന് പറഞ്ഞു.. ഞാനൊരു കഷ്ണം കോഴി പൊരിച്ചത് അവന്റെ വായിൽ വെച്ചുകൊടുത്തു.. അവൻ തിരക്കിട്ട ഗെയിം കളിയിലായിരുന്നു. അത് രണ്ടുപേര് കളിക്കേണ്ട ഗെയിമാണ് എന്നും അവന്റെ ഒരു കൂട്ടുകാരൻ ആ ഓഡിറ്റോറിയത്തിൽ മറ്റെവിടെയോ നിന്ന് മറ്റൊരു മൊബൈലിൽ രണ്ടുപേരും കൂടിയാണ് കളിക്കുന്നതെന്നും അവൻ പറഞ്ഞാണ് ഞാൻ മനസ്സിലാക്കിയത്..
അവന്റെ അടുത്തേക്ക് പോകാനാണ് എന്നോട് മൊബൈൽ ചോദിച്ചത് എന്ന് ഞാൻ ഊഹിച്ചു.. ഞാൻ ഭക്ഷണം കഴിച്ച് ഹാളിൽ വന്ന് നോക്കിയപ്പോൾ ഹാളിൽ നിറയെ ആളുകളായിരുന്നു. മോനൂസിനെയും കുഞ്ഞൂസിനെയും ഞാനവിടെ കണ്ടില്ല.. എന്റെ കൂടെ ഉണ്ടായിരുന്ന സോനുവിനോട് പോയി അന്വേഷിക്കാൻ പറഞ്ഞു..അവനും കണ്ടില്ല.. ഞാനെന്റെ ഭാര്യയെ വിളിച്ചു. അവളും ഉമ്മയും കല്യാണം കൂടി എന്റെ വീട്ടിൽ തിരിച്ചെത്തിയിരുന്നു. ഞാനവരോട് ചോദിച്ചു മോനൂസും കുഞ്ഞൂസും നിങ്ങളുടെ കൂടെ ഉണ്ടോ എന്ന്.. അവൾ ഇല്ല എന്ന് പറഞ്ഞു. ഞാൻ ഫോൺ കട്ട് ചെയ്തു..ഞാനും സോനുവും വീണ്ടും അവരെ അന്വേഷിക്കാൻ തുടങ്ങി..അവരെ കണ്ടില്ല.. അപ്പോഴാണ് സോനു പറയുന്നത് അവന്റെ ഉമ്മ കല്യാണത്തിന് വന്നിരുന്നുവെന്നും അവൾ തിരിച്ച് പോയി എന്നും.. ഞാൻ അവളെയും വിളിച്ചു, മോനൂസും കുഞ്ഞൂസും അവളുടെ കൂടെയുണ്ടോ എന്നും ചോദിച്ചു.. അവളും പറഞ്ഞു ഇല്ലാന്ന്.. പത്ത് പതിനഞ്ച് മിനിറ്റോളം കഴിഞ്ഞു കാണും എന്റെ ഭാര്യയും ഉമ്മയും അവരെ കണ്ടോ എന്ന് ചോദിച്ച് എന്നെ വിളിച്ചു..
അവരുടെ സംസാരത്തിലെ ആധി ഞാൻ മനസ്സിലാക്കിയിരുന്നു.. നാലും ആറും വയസ്സുള്ള രണ്ട് കുട്ടികളല്ലേ ആർക്കായാലും ബേജാറാവും.. അപ്പോഴേക്കും സോനുവിന്റെ ഉമ്മ, എന്റെ അനിയന്റെ ഭാര്യ എന്നെ വിളിച്ചിട്ട് അവരുടെ മൂത്തമകൻ പ്ലസ്ടുവിന് പഠിക്കുന്ന മുത്തൂസ് ഓഡിറ്റോറിയത്തിൽ ഉണ്ട് അവനോട് അന്വേഷിക്കാൻ പറയാൻ പറഞ്ഞു.. ഞാൻ “ശരി” എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു..കുറച്ച് മിനിറ്റുകൾക്ക് ശേഷം സോനു മോനൂസിനെയും കുഞ്ഞൂസിനെയും കൂട്ടി എന്റെ അടുത്തേക്ക് വന്നു.. തന്റെ കുഞ്ഞനിയന്റെ കൈപിടിച്ച് എന്റെ അടുത്തേക്ക് വന്ന മോനൂസിനെ കണ്ടപ്പോൾ ഞാൻ വിഷമിച്ചതിനെ പറ്റിയോ അതുവരെ സംഭവിച്ചതിനെ പറ്റിയോ അവരോട് പറയേണ്ടതില്ല എന്ന് തോന്നി..അപ്പോഴാണ് എന്റെ ഉപ്പ വിളിക്കുന്നത് മക്കളെ കണ്ടോ എന്നും ചോദിച്ച്.. ഉപ്പ മക്കളോട് ദേഷ്യം പിടിച്ച് എന്തൊക്കെയോ പറയാനുള്ള തയ്യാറെടുപ്പിലായിരുന്നു.. അവര് ചെറിയ കുട്ടികളല്ലേ?, അത് സാരമില്ല എന്ന് പറഞ്ഞ് ഉപ്പയെ കൂടുതൽ പറയാൻ അനുവദിക്കാതെ ഞാൻ ഫോൺ കട്ട് ചെയ്തു.. വീട്ടിലെത്തിയപ്പോൾ എന്റെ ഉമ്മയും ഭാര്യയും അവരോട് അത് തന്നെ ആവർത്തിച്ചു.. അവരെ കുറ്റം പറയാൻ കഴിയില്ല, ചെറിയ രണ്ട് കുട്ടികളല്ലേ?,
എന്തെങ്കിലും പറ്റിയോ, ആരെങ്കിലും കൊണ്ടുപോയോ അങ്ങനെ പലതും ചിന്തിച്ച് അവരും പേടിച്ച് പോയിരുന്നു.. ഞാനവരോടും പറഞ്ഞു “അവര് കുട്ടികളല്ലേ?, അവർ അവിടെത്തന്നെ ഉണ്ടായിരുന്നു സോനുവിനും എനിക്കും പെട്ടെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല എന്നേയുള്ളൂ”.. മക്കളെ എന്റെ വീട്ടിൽ ആക്കി പോയപ്പോൾ എന്റെ ഉമ്മ മോനൂസിനോട് പറഞ്ഞിരുന്നു “നീ വേണം കുഞ്ഞൂസിനെ നോക്കാൻ, നിനക്കാണ് അവനെപ്പറ്റി അറിയുക, സോനൂന് അത്ര തന്നെ അറിയണമെന്നില്ല” എന്ന്.. തന്റെ കുഞ്ഞനിയന്റെ കൈ പിടിച്ച് എന്റെ കൂടെ വീട്ടിലേക്ക് നടക്കുന്ന മോനൂസിനെ കണ്ടപ്പോൾ, അവന്റെ ആ സഹോദര സ്നേഹം കണ്ടപ്പോൾ, എന്റെ ഉമ്മ പറഞ്ഞതിലും കൂടുതലായി അവൻ അവന്റെ കുഞ്ഞനിയനെ മനസ്സിലാക്കിയിരുന്നു എന്ന് എനിക്ക് തോന്നി..Sidhique Patta..



