
മുക്കം: നിരവധി വിദേശ പഴങ്ങൾ സ്വന്തം കൃഷിയിടത്തിൽ വിളയിച്ചെടുത്ത് ശ്രദ്ധ നേടിയ കാരശ്ശേരിയിലെ പൊയിലിൽ അബ്ദുവിൻ്റെ പറമ്പിൽ പുതിയ അതിഥിയും വിളഞ്ഞു. തായ്‌ലൻഡിലും മലേഷ്യയിലും വിളയുന്ന “നങ്ക ടകാം’ ചക്കകളാണ് തേൻമധുരം നിറച്ച് പറമ്പിലാകെ മണംപരത്തുന്നത്. അപൂർവയിനം ഇൗ ചക്ക നാട്ടിൽ വിളയിച്ചെടുത്തതിന്റെ സന്തോഷത്തിലാണ് അബ്ദു. നാട്ടിലെ ചക്ക വെട്ടണമെങ്കിൽ കത്തി വേണം, കൈയിൽ എണ്ണ പുരട്ടണം. പക്ഷേ, നങ്ക ടാക്കിന് അതിന്റെയൊന്നും ആവശ്യമില്ല. പഴുത്തുകഴിഞ്ഞാൽ കൈകൊണ്ടുതന്നെ പൊളിച്ച് കഴിക്കാം. പശ (വിളഞ്ഞി) ഒട്ടുമില്ലാത്തതിനാൽ പെട്ടെന്ന് ചുളകൾ വേർതിരിച്ചെടുക്കാനാകും. വലുപ്പംകൊണ്ട് ചെറുതാണെങ്കിലും മധുരത്തിലും ഗുണത്തിലും മുമ്പിലാണെന്നും ചക്ക കഴിച്ചവരെല്ലാം വളരെ നല്ല അഭിപ്രായമാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. നാട്ടുകാർ സ്നേഹത്തോടെ “മാങ്ങാ പ്രാന്തൻ’ എന്ന് വിളിക്കുന്ന അബ്ദു മൂന്നുവർഷം മുമ്പാണ് പ്ലാവ് നട്ടത്. ഒറ്റമാവിൽ എൺപതോളം ഇനം മാവുകൾ ബഡ് ചെയ്ത് വിളയിച്ചയാളാണ് ഈ കർഷകൻ. വ്യത്യസ്തമായ മാങ്ങകളുടെ പ്രദർശനവും വിൽപ്പനയും നടത്താറുണ്ട്. അപൂർവയിനം പഴവർഗങ്ങളുടെ വലിയ ശേഖരംതന്നെയാണ് അബ്ദുവിന്റെ വീടും പരിസരവും. ആ ഫലസമൃദ്ധിയിലേക്കാണ് വിദേശിയായ ‘നങ്ക ടാക്’ പ്ലാവും എത്തിയത്
തയ്യാറാക്കിയത് : സി ഫസൽ ബാബു



