റോഡിലേക്ക് ചാഞ്ഞുകിടക്കുന്ന വൈദ്യുതത്തൂണുകൾ ഗതാഗത ഭീഷണി ഉയർത്തുന്നതായി പരാതി.

തിരുവമ്പാടി : റോഡിലേക്ക് ചാഞ്ഞുകിടക്കുന്ന വൈദ്യുതത്തൂണുകൾ ഗതാഗത ഭീഷണി ഉയർത്തുന്നതായി പരാതി. ഈയിടെ നവീകരിച്ച തിരുവമ്പാടി-കൂടരഞ്ഞി പൊതുമരാമത്ത് റോഡിലാണ് അഞ്ചോളമിടങ്ങളിലായി തൂണുകളും വൈദ്യുതക്കമ്പികളും ഭീഷണിയാകുന്നത്. തൂണുകൾ ചരിഞ്ഞതോടെ വൈദ്യുതക്കമ്പികൾ പലയിടത്തും താഴ്ന്നുകിടക്കുന്നതാണ് കൂടുതൽ അപായഭീഷണി ഉയർത്തുന്നത്. തിരുവമ്പാടി ബസ് സ്റ്റാൻഡിന് പരിസരത്തായി ഇംഗ്ലീഷ് സ്കൂളിന് എതിർവശം, ഹയർ സെക്കൻഡറി സ്കൂളിനും സ്വകാര്യ ആശുപത്രിയോട് ചേർന്നും, കക്കുണ്ട് മറിയപ്പുറം ജങ്ഷന് സമീപവുമാണ് പ്രധാനഭീഷണി.വീതികുറഞ്ഞ റോഡാണിത്.
റോഡ് വികസിപ്പിക്കാതെ റോഡ് നവീകരിച്ചത് നേരത്തേ പരാതി ഉയർത്തിയിരുന്നു. നടപ്പാതയോട് ചേർന്നാണ് വൈദ്യുതതൂണുകൾ. വശംകൊടുക്കുമ്പോൾ വാഹനങ്ങൾ തൂണിൽവന്നിടിക്കുന്നു. മുകൾഭാഗം റോഡിലേക്ക് ചാഞ്ഞുകിടക്കുന്നതും ഭീഷണിയാകുന്നു. കഴിഞ്ഞാഴ്ച കക്കുണ്ട് മറിയപ്പുറം ജങ്ഷന് സമീപം ടോറസ് ലോറിയിടിച്ച് വൈദ്യുതത്തൂൺ തകർന്നിരുന്നു. തൂൺ കടപുഴകി എതിരേവന്ന ടൂറിസ്റ്റ് ബസിന് മുകളിലേക്കാണ് പതിച്ചത്. ഭാഗ്യത്തിന് ആളപായമുണ്ടായില്ല.
വൈദ്യുതക്കമ്പികൾ വലിയഭീഷണിയാണ് ഉയർത്തുന്നത്.ഗതാഗതത്തിരക്കേറിയ റോഡാണിത്. ക്വാറികളും ക്രഷറുകളും ധാരാളമുള്ള കൂടരഞ്ഞി പഞ്ചായത്തിലെ വിവിധയിടങ്ങളിൽനിന്നുള്ള ഭാരവാഹനങ്ങൾ ഏറ്റവും കൂടുതലായി ആശ്രയിക്കുന്ന റോഡാണിത്. മലയോരത്തെ വിവിധ വിനോദസഞ്ചാരമേഖലയിലേക്കുള്ള ടൂറിസ്റ്റുവാഹനങ്ങളും ഏറെയാണ്. രാവിലെയും വൈകുന്നേരങ്ങളിലും സ്കൂൾ വാഹനങ്ങളും ഒട്ടേറെ.റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന വൈദ്യുതത്തൂണുകൾ അടിയന്തരമായി മാറ്റിസ്ഥാപിച്ച് അപകടഭീഷണി ഒഴിവാക്കണമെന്ന് കക്കുണ്ട് ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.ജെ. നിസാമുദ്ദീൻ അധ്യക്ഷനായി.രക്ഷാധികാരി ജമീഷ് ഇളംത്തുരുത്തിൽ ഉദ്ഘാടനംചെയ്തു. സനൂബ് പാറക്കൽ, കെ. പ്രേമരാജൻ, അബ്ദുറഹ്‌മാൻ ആക്കപറമ്പിൽ, പി. ഭാസ്കരൻ എന്നിവർ സംസാരിച്ചു.



