
മുക്കം: മുക്കം നഗരസഭയിൽ നിരവധി പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ വളർത്തുമൃഗങ്ങൾക്ക് വാക്സിനേഷൻ ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് നഗരസഭയിലെ 15 ഓളം പേരെ തെരുവ് നായ കടിച്ച് പരിക്കേൽപ്പിച്ചത്. നിരവധി വളർത്തുമൃഗങ്ങളെയും ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. അതിനിടെ വീടുകളിൽ നായകളെ വളർത്തുന്നവർ ജാഗ്രത പാലിക്കണമെന്ന് നഗരസഭാ ചെയർമാൻ പി.ടി. ബാബു അറിയിച്ചു.
വളർത്തുനായകളുമായി അടുത്ത സമ്പർക്കം പുലർത്താതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും വീടുകളിൽ നായകളെ വളർത്തുന്നവർ നിർബന്ധമായും നഗരസഭയിൽ നിന്നും ലൈസൻസ് എടുക്കേണ്ടതാണെന്നും ചെയർമാൻ പറഞ്ഞു. അസുഖബാധിതരും അക്രമവാസനയുള്ളവയുമായ വളർത്തുനായകളെ തെരുവിലേക്ക് ഇറക്കിവിടുന്നവർക്കെതിരേ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും ചെയർമാൻ അറിയിച്ചു.



