
ചാത്തമംഗലം : മുക്കം -കുന്നമംഗലം റോഡിൽ ചാലിയേടത്ത് വളവിൽ ഇന്നലെ വൈകിട്ട് സ്വകാര്യ ബസ് മഴയിൽ നിയന്ത്രണം വിട്ട് സമീപത്തെ പറമ്പിലേക്ക് തെന്നി മാറി.യാത്രക്കാർ കാര്യമായ പരുക്കില്ലാതെ രക്ഷപ്പെട്ടു. അരീക്കോട്ട് നിന്നു കുന്നമംഗലം ഭാഗത്തേക്ക് വരുന്ന ബസ് ആണ് വൈകിട്ട് ആറരയോടെ അപകടത്തിൽ പെട്ടത്.
നിയന്ത്രണം വിട്ട് തെന്നി മാറിയ ബസ് സമീപത്തെ മരത്തിൽ ഇടിച്ച് നിന്നതിനാൽ വലിയ അപകടം ഒഴിവായി.തുടർച്ചയായ വളവുകളും ഇറക്കവും ഉള്ള ഈ ഭാഗത്ത് ഒട്ടേറെ അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്.
റോഡിലെ വളവുകൾ നിവർത്തുകയും വീതി കൂട്ടി ഡിവൈഡറുകൾ സ്ഥാപിക്കുകയും അമിത വേഗം നിയന്ത്രിക്കുന്നതിന് സംവിധാനം ഏർപ്പെടുത്തുകയും വേണമെന്ന് നാട്ടുകാർ പലതവണ ആവശ്യപ്പെട്ടിരുന്നു.



