റംസാൻ അവസാന പത്തിലേക്ക്; തുണിക്കടകളില്‍ പൂരത്തിരക്ക്. ചൂട് ബുദ്ധിമുട്ട് ആക്കിയപ്പോൾ വിവിധയിടങ്ങളിൽ രാത്രികാല ഷോപ്പിംഗ് ഏർപ്പെടുത്തി വ്യാപാരികൾ..!

റംസാൻ അവസാന പത്തിലെത്തിയപ്പോഴേക്കും വസ്ത്ര വ്യാപാര മേഖല സജീവം. തുണിക്കടകളില്‍ പൂരത്തിരക്കാണ് അനുഭവപ്പെടുന്നത്. അതേ സമയം പകല്‍ സമയത്തെ ചൂടിന്‍റെ കാര്യത്തിലും പരിഹാരം കണ്ടെത്തിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ രാത്രികാല ഷോപ്പിംഗ് ഏർപ്പെടുത്തിയാണ് വസ്ത്ര വ്യാപാരം കൊഴുപ്പിക്കുന്നത്. നിലവില്‍ രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ നല്ല തിരക്കാണ്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വിലയില്‍ ഇത്തവണ കാര്യമായ വർധനയില്ലന്നും ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു.
ഇത്തവണ പരീക്ഷകള്‍ ഒന്നിടവിട്ടതായതും തിരക്ക് കൂടാൻ കാരണമായിട്ടുണ്ട്. ആദ്യഘട്ടത്തില്‍ കുട്ടികളുടെ വസ്ത്രങ്ങള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാർ. ജില്ലയുടെ മനസറിഞ്ഞ് സാധാരണക്കാരന്‍റെ കീശ കാലിയാക്കാതെയുള്ള കളക്‌ഷൻസിനാണ് പ്രധാന്യം നല്‍കിയിരിക്കുന്നതെന്ന് മേഖലയിലെ വസ്ത്ര വ്യാപാരികള്‍ പറയുന്നു.
വിവിധ സ്ഥലങ്ങളിൽ രാത്രികാല ഷോപ്പിംഗ് ഏർപ്പെടുത്തിയതിനാല്‍ നോമ്പ് തുറക്കുന്നതിനുള്ള സൗകര്യവുമുണ്ട്. പകല്‍ ചൂട് പ്രശ്നമുള്ളവർക്ക് രാത്രി 12 മണിവരെ യഥേഷ്ടം വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാനും സമയമുണ്ട്.



