LOCAL NEWSPUTHUPPADY

വയനാട് ചുരം അഥവാ ദുരിതക്കയം:ഗതാഗതക്കുരുക്ക് പതിവ് കാഴ്ച

താമരശ്ശേരി:വയനാട് ചുരം യാത്രക്കാർക്ക് ഗതികേടുതന്നെ. തുടർച്ചയായ ദിവസങ്ങളില്‍ ചുരം റോഡില്‍ ഗതാഗതക്കുരുക്ക് പതിവ് കാഴ്ചയാണ്.
ബസുകളടക്കം വലിയ വാഹനങ്ങള്‍ റോഡില്‍ കേടായി കുടുങ്ങിയതോടെ ഞായറാഴ്ച രാവിലെ മുതല്‍ വൈകുന്നേരം വരെ ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷം. വ്യോമപാതയോ റെയില്‍ പാളങ്ങളോ ജല ഗതാഗതമോ ഇല്ലാത്ത വയനാടിന് റോഡ് യാത്ര മാത്രമാണ് ഏക ആശ്രയം. ജില്ലയുടെ പലഭാഗങ്ങളിലും ചുരം റോഡുകളുണ്ടെങ്കിലും പ്രധാനപ്പെട്ട ചുരം കോഴിക്കോട് കൊല്ലഗല്‍ ദേശീയപാത 766 കടന്നുപോകുന്ന വയനാട് ചുരം റോഡാണ്. വയനാട്ടിലേക്ക് തെക്കൻ ജില്ലകളില്‍നിന്നുമുള്ള സഞ്ചാരത്തിനും ചരക്കുകടത്തിനും ആശ്രയിക്കുന്നത് ഈ ചുരമാണ്.

ഞായറാഴ്ച ചുരം കയറാൻ രണ്ടര മണിക്കൂറിലധികമാണ് യാത്രക്കാർക്ക് വേണ്ടിവന്നത്. രാവിലെ കെ.എസ്.ആർ.ടി.സി ബസ് ആറാം വളവില്‍ കുടുങ്ങിയതോടെയാണ് ഗതാഗതക്കുരുക്ക് തുടങ്ങിയത്. മറ്റു മൂന്നിടങ്ങളിലായി ബസുകളടക്കം വാഹനങ്ങള്‍ കേടുവന്ന് റോഡില്‍ കിടന്നതോടെ കുരുക്ക് കൂടുതല്‍ മുറുകി. ഇതിനിടയിലൂടെ വരി തെറ്റിച്ചു തിരുകിക്കയറുന്ന വാഹനങ്ങളുണ്ടാക്കുന്ന കുരുക്ക് വേറെയും.

വൈകീട്ട് നാലിന് അടിവാരം മുതല്‍ ലക്കിടി വ്യൂ പോയന്റ് വരെ നീണ്ട വാഹനനിര ഉണ്ടായിരുന്നുവെങ്കില്‍ വൈകീട്ടോടെ അത് വൈത്തിരി വരെ നീണ്ടു. എ.സി പ്രവർത്തിക്കാത്ത കാറുകളിലും കെ.എസ്.ആർ.ടി.സി അടക്കമുള്ള ബസുകളിലും യാത്രചെയ്തവരുടെ ദുരിതം ഇരട്ടിയായിരുന്നു. ആശുപത്രികളിലേക്കുള്ള രോഗികളടക്കം ആയിരക്കണക്കിനാളുകളാണ് റോഡില്‍ കുരുങ്ങിയത്. ജോലിയാവശ്യാർഥം റെയില്‍വെ സ്റ്റേഷനിലും വിമാനത്താവളത്തിലേക്കുള്ളവരും കുടുങ്ങി.

പണ്ട് ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയതാണ് ചുരം റോഡ്. വാഹനങ്ങളുടെ ക്രമാതീതമായ വർധനക്കാവശ്യമായ നവീകരണം വരുത്താത്തതും ഗതാഗതക്കുരുക്കിന് കാരണമാണ്. ഏകദേശം 35,000 വാഹനങ്ങളാണ് ഇതിലൂടെ കടന്നു പോകുന്നത്. അടിവാരത്തുനിന്ന് ലക്കിടിയിലെത്താൻ അല്ലെങ്കില്‍ തിരികെ പോകാൻ തിരക്കൊന്നുമില്ലെങ്കില്‍ 20-25 മിനിറ്റ് സമയമാണുള്ളത്. തിരക്കുള്ള ദിവസങ്ങളിലാണെങ്കില്‍ 35-40 മിനിറ്റെടുക്കും. സ്കൂള്‍ അവധിയായതിനാല്‍ വിനോദസഞ്ചാരികള്‍ അടക്കമുള്ളവർ വയനാടിനെ ലക്ഷ്യമാക്കിയാണെത്തുന്നത്. ശനി, ഞായർ തുടങ്ങിയ ദിനങ്ങളില്‍ ചുരത്തിലെ യാത്രാദുരിതം കൂടുകയാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com