LOCAL NEWS

വന്യമൃഗശല്യം:ജീവിതം വഴിമുട്ടിയ അവസ്ഥയിൽ പൂവാറൻതോട് പ്രദേശവാസികൾ

കൂടരഞ്ഞി: പൂവാറൻതോട് പ്രദേശവാസികൾ വന്യമൃഗശല്യം കാരണം ജീവിതം വഴിമുട്ടിയ അവസ്ഥയിൽ. ഒരു ഭാഗത്ത് പുലിയുടെ സാന്നിധ്യം ഉറക്കം കെടുത്തുമ്പോൾ മറുവശത്ത് കാട്ടാനക്കൂട്ടങ്ങൾ കൃഷിഭൂമി ചവിട്ടിമെതിക്കുന്നു. തമ്പുരാൻകൊല്ലി, കല്ലംപുല്ല്, ഓടപ്പൊയിൽ, കാടോത്തിക്കുന്ന്, മണ്ണാർപൊയിൽ പ്രദേശങ്ങളിലാണ് വന്യമൃഗശല്യം രൂക്ഷമായത്.

ഒരു മാസം മുൻപ് പൂവാറൻതോട് ഭാഗത്ത് വിലങ്ങുപാറ ബാബുവിന്റെ വീടിന്റെ മുറ്റത്തെ സിസിടിവിയിലാണ് പുലിയെ കണ്ടത്. തുടർന്ന് ഈ ഭാഗത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ കൂട് സ്ഥാപിച്ചു. എന്നാൽ, പുലി കുടുങ്ങിയില്ല. കഴിഞ്ഞ ദിവസം തമ്പുരാൻകൊല്ലി ഭാഗത്ത് വീണ്ടും പുലിയെ കണ്ടു. ഈ പ്രദേശത്തുള്ള 7 നായ്ക്കളെ പുലി പിടിക്കുകയും ചെയ്തു.  രാത്രി വനപാലകർ പ്രദേശവാസികളെ കൂട്ടി പരിശോധന നടത്തിയതല്ലാതെ മറ്റു നടപടിയൊന്നും സ്വീകരിച്ചില്ലെന്നു പരാതിയുണ്ട്.

ആനക്കല്ലുംപാറ ഉന്നതിക്കു മുകളിലായി രണ്ടാഴ്ച മുൻപ് 9 ആനകളാണ്  ഇറങ്ങിവന്നത്. ദിവസവും ഏക്കർകണക്കിനു കൃഷി നശിപ്പിക്കുകയും വീടുകൾ തകർക്കുകയും ചെയ്യുന്ന അവസ്ഥയിൽ എത്തി. രാത്രി വനപാലകർ പടക്കം പൊട്ടിച്ച് ആനകളെ ഓടിക്കാൻ ശ്രമം നടത്തുന്നുണ്ടെങ്കിലും സ്ഥിരമായി ആനകളെ വനത്തിലേക്ക് തുരത്താൻ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

പൂവാറൻതോട് വനാതിർത്തിയിൽ ഫെൻസിങ് നടത്തുന്നതിന് 14.5 കോടി രൂപ അനുവദിച്ച് പ്രവ‍ൃത്തി ടെൻഡർ ചെയ്തെങ്കിലും വനം വകുപ്പിന്റെ നിലപാട് കാരണം പ്രവ‍ൃത്തി നടത്താൻ സാധിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. വനാതിർത്തിയിൽ ഫെൻസിങ് നടത്തണമെങ്കിൽ ഏതാനും മരങ്ങൾ മുറിക്കണം. ഇതിന് വനം വകുപ്പ് അനുവദിക്കുന്നില്ല.റേഞ്ചറും  മറ്റ് ഉന്നത വനം വകുപ്പ് അധികൃതരും ഇന്നലെയും പൂവാറൻതോട്ടിൽ എത്തിയെങ്കിലും പുലി സാന്നിധ്യം ഉള്ള പ്രദേശമോ ആന കൃഷി നശിപ്പിക്കുന്ന സ്ഥലങ്ങളോ സന്ദർശിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com