News

മുത്തങ്ങയിൽ വനയാത്രയ്ക്ക് ഇനി ബസുകളും

സുൽത്താൻബത്തേരി : മുത്തങ്ങ ഇക്കോടൂറിസം കേന്ദ്രത്തിലെ വനസഫാരിക്കായി ഇനി ബസുകളും. സഞ്ചാരികളെ വനത്തിനുള്ളിലേക്ക് കൊണ്ടുപോകുന്നതിനായി രണ്ടുബസാണ് വയനാട് വൈൽഡ്‌ലൈഫ് ഡിവിഷൻ വാങ്ങിയത്.

രണ്ടുദിവസംമുമ്പ് ബസുകൾ മുത്തങ്ങയിലെത്തിച്ചെങ്കിലും സർവീസ് ആരംഭിക്കുന്നതിന് മുമ്പായി, യാത്രാനിരക്ക് നിശ്ചയിക്കുന്നതടക്കമുള്ള പ്രാഥമികനടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്.നിലവിൽ, മുത്തങ്ങയിലെത്തുന്ന വിനോദസഞ്ചാരികളെ വനത്തിനുള്ളിലേക്ക് സഫാരിക്ക് കൊണ്ടുപോകുന്നതിനായി പ്രദേശത്തുള്ള 30 ടാക്സി ജീപ്പുകൾക്കാണ് വനംവകുപ്പ് അനുമതി നൽകിയത്. ഒരു ജീപ്പിന് 700 രൂപയാണ് വാടക. ബസ് സർവീസ് കൊണ്ടുവരുന്നതിൽ ടാക്സിജീപ്പുകളുടെ ഡ്രൈവർമാരുടെ ഭാഗത്തുനിന്ന് പ്രതിഷേധമുയരാൻ സാധ്യതയുണ്ട്. ഇതിനാൽ ജീപ്പ് ഡ്രൈവർമാർക്ക് തൊഴിൽ നഷ്ടമാകാത്തതരത്തിലുള്ള നയപരമായ ഒത്തുതീർപ്പ് വ്യവസ്ഥകൾ വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടായേക്കും.

മുത്തങ്ങയിൽ വനസഫാരിക്കായി ബസ് ഏർപ്പെടുത്താൻ വനംവകുപ്പ് നേരത്തേയും നീക്കം നടത്തിയിരുന്നു. 2016-ൽ രണ്ടു ബസ്‌ സർവീസ് ആരംഭിക്കാനുള്ള നടപടികളെല്ലാം പൂർത്തിയാക്കിയിരുന്നുവെങ്കിലും ജീപ്പ് ഡ്രൈവർമാരുടെ പ്രതിഷേധത്തെത്തുടർന്ന് പദ്ധതി ഉപേക്ഷിച്ചിരുന്നു

സഞ്ചാരികൾക്ക് പ്രയോജനമാകുംസഫാരിക്കായി ബസ് ഉപയോഗിക്കുന്നത് വനംവകുപ്പിനും വിനോദസഞ്ചാരികൾക്കും ഏറെ ഉപകാരപ്രദമാണ്. നിലവിൽ ഒന്നോ, രണ്ടോ വിനോദസഞ്ചാരികൾക്ക് കാട്ടിനുള്ളിലേക്ക് സഫാരിക്ക് പോകുന്നതിനായി ഒരു ജീപ്പ് വാടകയ്ക്കെടുക്കാൻ വലിയതുക മുടക്കേണ്ടിവരും.

അതേസമയം, ബസ് വരുന്നതോടെ നിശ്ചിതതുക മാത്രം നൽകി സഞ്ചാരികൾക്ക് സഫാരി പോകാം. വനംവകുപ്പ് എത്തിച്ച പുതിയ ബസിൽ 24 പേർക്ക് വീതം സഞ്ചരിക്കാൻ സാധിക്കും. ഒട്ടേറെ വാഹനങ്ങൾ വനത്തിനുള്ളിലൂടെ കടന്നുപോകുമ്പോഴുണ്ടാകുന്ന വായു-ശബ്ദ മലിനീകരണം കുറയ്ക്കാനും, വന്യമൃഗങ്ങളുടെ സ്വൈരവിഹാരത്തിനുള്ള തടസ്സവും കുറയ്ക്കാൻ കഴിയും. സഞ്ചാരികളുടെ സുരക്ഷയും കൂടും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com