വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നിൽ ശുചിമുറി മാലിന്യം തള്ളിയ ടാങ്കർ ലോറി ജീവനക്കാരെ റിമാൻ്റ് ചെയ്തു.

താമരശ്ശേരി ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ, IHRD കോളേജ്, കോരങ്ങാട് എൽ പി സ്കൂൾ എന്നിവക്ക് മുന്നിലൂടെയുള്ള ഓടയിൽ ശുചി മുറി മാലിന്യം ഒഴുക്കിയ ടാങ്കർ ലോറി ജീവനക്കാരായ രണ്ടു പേരെ താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്ട്രേറ്റ് കോടതി (1) റിമാൻ്റ് ചെയ്തു.
പെരിന്തൽമണ്ണ സ്വദേശികളായ എസ് വി രഞ്ജിത് (39), ഷാനവാസ് (43) എന്നിവരെയാണ് റിമാൻ്റ് ചെയ്തത്.
തഴിഞ്ഞ ഞായറാഴ്ച പുലർച്ചെയായിരുന്നു ഇവർ വിദ്യാലയങ്ങൾക്ക് മുമ്പിലെ ഓടയിൽ മാലിന്യം ഒഴുക്കിയത്. മുമ്പും പല തവണ ഈ ഭാഗത്ത് മാലിന്യം ഒഴുക്കിയതിനാൽ സാമൂഹ്യ ദ്രോഹികളെ കണ്ടെത്താൻ നാട്ടുകാർ ഉറക്കമൊഴിഞ്ഞ് നിരീക്ഷണം നടത്തി വരികയായിരുന്നു.ഇതിനിടയിലാണ് ടാങ്കർ ലോറിയിൽ നിന്നും മാലിന്യം ഒഴുക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.ഇത് ചോദ്യം ചെയ്ത ഏതാനും യുവാക്കളെ മർദ്ദിക്കുകയും ലോറി ഇടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത് കടന്നു കളയുകയായിരുന്നു.എന്നാൽ ഇതിനിടയിൽ ലോറിയുടെ നമ്പർ സഹിതം ദൃശ്യം യുവാക്കൾ ഫോണിൽ പകർത്തിയതിനാൽ തൊട്ടടുത്ത ദിവസം തന്നെ ടാങ്കർ ലോറി പോലീസ് പിടികൂടിയിരുന്നു.
പ്രതികൾക്കെതിരെ ശക്തമായ വകുപ്പുകൾ ചേർത്തായിരുന്നു താമരശ്ശേരി പോലീസ് കേസെടുത്തത്.ഇവർ മുമ്പും സമാന കുറ്റം ചെയ്യുകയും, കോടതിയിൽ പിഴ ഒടുക്കുകയും ചെയ്തിതിട്ടുണ്ട്,
സാധാരണ ഇത്തരം കുറ്റകൃത്യം നടത്തുന്നവരിൽ നിന്നും പിഴ ഈടാക്കി വിടാറാണ് പതിവെങ്കിലും പ്രതികൾ കുറ്റം നിരന്തരം ആവർത്തിക്കുന്നതിനാലാണ് റിമാൻ്റ് ചെയ്തത്.



