മൂല്യബോധമുള്ള തലമുറയെ വാർത്തെടുക്കുന്നതിൽ അധ്യാപകരുടെ പങ്ക് വലുത്: മാർ റെമീജിയോസ് ഇഞ്ചനാനിയിൽ

തിരുവമ്പാടി:തലമുറയെ വാർത്തെടുക്കുന്നതിൽ അധ്യാപകരുടെ പങ്ക് വളരെ വലുതാണെന്ന് താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. പുല്ലൂരാംപാറ ബഥാനിയായിൽ നടന്ന താമരശേരി രൂപതയുടെ കീഴിലുള്ള സ്കൂളുകളിലെ ജീവനക്കാരുടെ സംഗമവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കാലഘട്ടത്തിന്റെ മാറ്റത്തെ തിരിച്ചറിഞ്ഞ് അധ്യാപകർ സമൂഹത്തിൽ നല്ല മാതൃകകൾ സൃഷ്ടിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അധ്യാപക സംഗമത്തിന്റെ ഭാഗമായി നടന്ന വിദ്യാഭ്യാസ സെമിനാറിൽ റവ. ഡോ. ജിസൺ പോൾ വേങ്ങാശേരി ക്ലാസെടുത്തു.പൗരോഹിത്യ ജീവിതത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന ഫാ. മാത്യു മാവേലിയെയും രജത ജൂബിലി ആഘോഷിക്കുന്ന ഫാ. ജോസഫ് കളരിക്കലിനെയും ചടങ്ങിൽ ആദരിച്ചു. ഈ അധ്യയന വർഷം വിരമിക്കുന്ന 36 ജീവനക്കാർക്കും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച അധ്യാപകർക്കും ഉപഹാരങ്ങൾ വിതരണം ചെയ്തു.കോർപറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസ് അധ്യക്ഷനായിരുന്നു. ചടങ്ങിൽ ഫാ. സെബാസ്റ്റ്യൻ പുളിക്കൽ, ഫാ. മാത്യു മാവേലി, ഫാ. ജോസഫ് കളരിക്കൽ, ലീന വർഗീസ്, പി.എ. അമ്പിളി, അശ്വിൻ ടി. ജോസഫ് ,വിൽസൺ ജോർജ്, സി.ജെ. തോമസ്, കെ.ജെ. ആന്റണി, സിബി കുര്യാക്കോസ്, ജോളി ജോസഫ് എന്നിവർ പ്രസംഗിച്ചു


