
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ ആരംഭിക്കും. ഏകജാലക പ്രവേശനത്തിന് ആകെയുള്ള 2,96,271 സീറ്റുകളില്‍ 2,95,118 സീറ്റുകളിലേക്കും മൂന്നാം ഘട്ടത്തോടെ അലോട്ട്‌മെന്റ് പൂര്‍ത്തിയായിട്ടുണ്ട്. മൂന്നാം അലോട്ട്മെന്റിൽ പ്രവേശനം നാളെ 5 മണിവരെ നീട്ടിയിട്ടുണ്ട്.
പ്ലസ് വൺ മെറിറ്റ് ക്വാട്ട മൂന്നാം അലോട്ട്മെന്റിന് മുമ്പായി മാനേജ്‌മെന്റ് – അൺ എയ്ഡഡ് ക്വാട്ടകളിൽ പ്രവേശനം നേടിയവരിൽ മൂന്നാം അലോട്ട്മെന്റ് ലഭിച്ചവർക്ക് മെറിറ്റ് ക്വാട്ടയിൽ പ്രവേശനം നേടുന്നതിന് സൗകര്യം ലഭ്യമാണെന്നും അധികൃതർ അറിയിച്ചു.
അലോട്ട്മെന്‍റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടർന്നുള്ള അലോട്ട്മെന്‍റുകളിൽ പരിഗണിക്കില്ല. അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്‍റ് ലഭിക്കാത്തവർ സപ്ലിമെന്‍ററി അലോട്ട്മെന്‍റിൽ പരിഗണിക്കാൻ അപേക്ഷ പുതുക്കി നൽകണം.



