
മുക്കം : മുക്കം എസ്.ഐ. വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ പട്ടാപ്പകൽ മോഷണം നടത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. അരീക്കോട് പുത്തലം സ്വദേശി ഷാമിലി (18) നെയാണ് മുക്കം പോലീസ് പുത്തലത്ത് പിടികൂടിയത്. അരീക്കോട് പുത്തൻ പീടിക സ്വദേശി മിയാസ് ബാബു നേരത്തേ പിടിയിലായിരുന്നു.
കഴിഞ്ഞ 24 നായിരുന്നു കേസിനാസ്പദമായ സംഭവം. മുത്തേരി കാപ്പുമല വളവിൽ ബെവറജസ് ഔട്ട്‍ലെറ്റിന് സമീപം എസ്.ഐ. ശ്രീരാഗ് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് പട്ടാപ്പകൽ മോഷണം നടന്നത്. ഒട്ടേറെ മുറികളുള്ള ഈ വീട്ടിലെ ഒരു മുറിയിലാണ് എസ്.ഐ. വാടകയ്ക്ക് താമസിച്ചിരുന്നത്. തൊട്ടടുത്ത മുറിയിൽ വീട്ടുടമയുടെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനത്തിലെ തൊഴിലാളികളാണ് താമസിച്ചിരുന്നത്. വീടിന്റെ പിന്നിലെ വാതിൽ കുത്തിപ്പൊളിച്ചാണ് മൂന്നംഗം മോഷണസംഘം വീടിനകത്ത് കയറിയത്.
മോഷണസമയത്ത് വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. എസ്.ഐ. യുടെ താമസ സ്ഥലത്ത് നിന്ന് 8500 രൂപയും പവർ ബാങ്കും ഡ്രിമ്മറും നഷ്ടപ്പെട്ടിരുന്നു.നേരത്തേ പിടിയിലായ മിഹാസ് ബാബുവിനെ ചോദ്യം ചെയ്തതതോടെയാണ് മറ്റുപ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്.തിങ്കളാഴ്ച രാവിലെ 10 മണിയയോടെ മുക്കം എസ്.ഐ. കെ. ശ്രീരാഗ്, എസ്.സി.പി.ഒ. കെ.എം. അനീസ്, സി.പി.ഒ. അഭിനവ് എന്നിവരടങ്ങിയ സംഘമാണ് പുത്തലത്ത് വെച്ച് ഷാമിലിനെ പിടികൂടിയത്.ഷാമിലിനെ മോഷണം നടന്ന മുക്കം പെരുമ്പടപ്പിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും. നേരത്തേ പിടിയിലായ മിഹാസ് ബാബു റിമാൻഡിലാണ്.



