ഓപറേഷന്‍ മണ്‍സൂണ്‍: ജില്ലയിൽ മൂന്ന് ദിവസത്തിനിടെ 248 പരിശോധനകൾ; 23 സ്ഥാപനങ്ങൾ അടച്ചുപൂട്ടി.

മണ്‍സൂണ്‍ കാലയളവില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘ഓപറേഷന്‍ മണ്‍സൂണ്‍’ പരിശോധനകള്‍ ജില്ലയില്‍ ശക്തമായി തുടരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ 248 സ്ഥാപനങ്ങളിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് മിന്നൽ പരിശോധന നടത്തിയത്.
ഗുരുതരമായ നിയമലംഘനങ്ങളും ആരോഗ്യത്തിന് ഹാനികരമായ സാഹചര്യങ്ങളും കണ്ടെത്തിയ 23 സ്ഥാപനങ്ങള്‍ അടിയന്തരമായി അടച്ചുപൂട്ടാന്‍ അധികൃതർ നിര്‍ദേശം നല്‍കി. പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ 33 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. നിയമലംഘനങ്ങള്‍ നടത്തിയ 48 സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതിനുള്ള നോട്ടീസും, ഗുരുതര വീഴ്ചകള്‍ വരുത്തിയ 5 സ്ഥാപനങ്ങള്‍ക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസും നല്‍കി.
സ്‌കൂളുകളിലും പരിശോധന; സാമ്പിളുകൾ ലാബിലേക്ക്
ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി വിവിധ സ്ഥാപനങ്ങളില്‍ നിന്ന് ശേഖരിച്ച 94 സാമ്പിളുകള്‍ വിദഗ്ധ പരിശോധനക്കായി ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന് പുറമെ ജില്ലയിലെ 13 സ്‌കൂളുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. വിപണിയിലെത്തുന്ന മത്സ്യങ്ങളുടെ സാമ്പിളുകളും പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
ദിവസവും 7 സ്‌ക്വാഡുകളുടെ നേതൃത്വത്തിലാണ് ജില്ലയിൽ പരിശോധനകൾ പുരോഗമിക്കുന്നത്. അവധി ദിനങ്ങളില്‍ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഒരു എമര്‍ജന്‍സി സ്‌ക്വാഡും സജ്ജമാക്കിയിട്ടുണ്ട്.
കർശന നിർദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
ഭക്ഷ്യവ്യാപാര സ്ഥാപനങ്ങള്‍ ശുചിത്വവും ഭക്ഷ്യസുരക്ഷാ മാനണ്ഡങ്ങളും കര്‍ശനമായി പാലിക്കണമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമീഷണര്‍ അറിയിച്ചു. പൊതുജനങ്ങള്‍ സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ഭക്ഷണം മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികളോ ക്രമക്കേടുകളോ ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾക്ക് 1800 425 1125 എന്ന ടോള്‍ഫ്രീ നമ്പറില്‍ അധികൃതരെ വിവരമറിയിക്കാവുന്നതാണ്.



