NewsTHIRUVAMBADY

മലവെള്ളപ്പാച്ചിലിൽ മുത്തപ്പൻപുഴ ചപ്പാത്ത് വീണ്ടും തകർന്നു.

മലവെള്ളപ്പാച്ചിലിൽ മുത്തപ്പൻപുഴ ചപ്പാത്ത് വീണ്ടും തകർന്നു.*

തിരുവമ്പാടി: ശക്തമായ മലവെള്ളപ്പാച്ചിലിനെ തുടർന്ന് മുത്തപ്പൻപുഴയിലെ ചപ്പാത്ത് വീണ്ടും തകർന്നു. ബുധനാഴ്ച ഉച്ചയോടെ ഉണ്ടായ മലവെള്ളപ്പാച്ചിലിലാണ് കഴിഞ്ഞ മാസം പുനർനിർമിച്ച ചപ്പാത്ത് ഒലിച്ചുപോയത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിലച്ചു. മേയ് 22-ന് ഉണ്ടായ മലവെള്ളപ്പാച്ചിലിൽ തകർന്ന ചപ്പാത്ത് യുദ്ധകാലാടിസ്ഥാനത്തിൽ പുനർനിർമിച്ച ശേഷമാണ് വീണ്ടും തകർന്നത്. തിരുവമ്പാടി– പുല്ലൂരാംപാറ– എടത്തറ– മറിപ്പുഴ റോഡ് നവീകരണ പദ്ധതിയുടെ ഭാഗമായി മുത്തപ്പൻപുഴ മുസ്ലിം പള്ളിക്ക് സമീപം നിർമിച്ച താൽക്കാലിക ചപ്പാത്താണിത്. വനമേഖലയിൽ പെയ്ത അതിശക്തമായ മഴയെ തുടർന്ന് പുഴയിലൂടെ വൻതോതിൽ മലവെള്ളം കുത്തിയൊലിച്ചെത്തിയതാണ് അപകടത്തിന് കാരണം. കഴിഞ്ഞ മാസം ചപ്പാത്ത് തകർന്നതിനെ തുടർന്ന് ഭീമൻ കോൺക്രീറ്റ് ട്യൂബുകൾ സ്ഥാപിച്ചാണ് ഗതാഗത സൗകര്യം പുനഃസ്ഥാപിച്ചിരുന്നത്. പില്ലറുകളും സ്ലാബുകളും ഉൾപ്പെടുത്തി നിർമിച്ച സംവിധാനമാണ് ഇപ്പോൾ വീണ്ടും തകർന്നത്.

. കിഫ്ബി പദ്ധതിയിൽ 108.314 കോടി രൂപ ചെലവഴിച്ചാണ് തിരുവമ്പാടി– മറിപ്പുഴ റോഡ് നവീകരണം നടപ്പാക്കുന്നത്. 2024 മാർച്ചിൽ ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ നിർമാണം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർവഹിക്കുന്നത്. കേരള റോഡ് ഫണ്ട് ബോർഡിന്റെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ടുവർഷ കാലാവധിയുള്ള പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ നിശ്ചിത സമയപരിധി പിന്നിട്ടിട്ടും പൂർത്തിയാകാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കാലവർഷത്തിന് മുമ്പ് നിർമാണം പൂർത്തിയാക്കാൻ സാധിക്കാതിരുന്നതാണ് ചപ്പാത്ത് വീണ്ടും തകരാൻ കാരണമായതെന്ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ മനോജ് സെബാസ്റ്റ്യൻ വാഴെപ്പറമ്പിൽ ആരോപിച്ചു.ചപ്പാത്ത് തകർന്നതോടെ പ്രദേശത്തെ നിരവധി കുടുംബങ്ങൾ പുറംലോകവുമായി ബന്ധം നഷ്ടപ്പെട്ട നിലയിലാണ്. നിർമാണത്തിലിരിക്കുന്ന ആനക്കാംപൊയിൽ –കള്ളാടി– മേപ്പാടി തുരങ്കപാതയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡായതിനാൽ ഗതാഗത തടസം പ്രദേശവാസികളെയും നിർമാണ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നാണ് ആശങ്ക.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com