
ഓമശ്ശേരി: ശക്തമായ മഴയിലും കാറ്റിലും ചക്ക വീണ് കെ.എസ്.ഇ.ബി. ലൈൻ പൊട്ടി വീണുണ്ടായ അപകടത്തിൽ അഞ്ച് കുറുക്കന്മാർ ഷോക്കേറ്റ് ചത്തു. ബുധനാഴ്ച പുലർച്ചെ ഓമശ്ശേരി പഞ്ചായത്തിലെ വെസ്റ്റ് വെണ്ണക്കോട് ആണ് സംഭവം.ചൊവ്വാഴ്ച രാത്രി പെയ്ത ശക്തമായ മഴയിലാണ് പ്ലാവിൽ നിന്നും ചക്ക പൊട്ടി വീണ് വൈദ്യുതി ലൈൻ തകർന്നത്. ലൈൻ നേരെ വഴിയിലെ ചെറിയ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. ഈ വെള്ളക്കെട്ടിലിറങ്ങിയ അഞ്ച് കുറുക്കന്മാരാണ് ഷോക്കേറ്റ് ചത്തത്.ആളുകൾ സ്ഥിരമായി നടന്നുപോകുന്ന വഴിയാണിത്. എന്നാൽ സംഭവം നടന്നത് രാത്രിയായതിനാൽ വൻ ദുരന്തം ഒഴിവാവുകയായിരുന്നു.സംഭവംനേരം പുലർന്നതിനു ശേഷമാണ് നാട്ടുകാർ അറിയുന്നത്.രാത്രിയിൽ കുറുക്കന്മാരുടെ അസ്വാഭാവികമായ ശബ്ദം കേട്ടിരുന്നെങ്കിലും പ്രദേശത്ത് സാധാരണയായി കുറുക്കന്മാരുടെ ശല്യമുള്ളതിനാൽ സമീപത്തെ വീട്ടുകാർ ഇത് കാര്യമാക്കിയിരുന്നില്ല. എന്നാൽ രാവിലെ വന്നു നോക്കിയപ്പോഴാണ് അഞ്ച് കുറുക്കന്മാരെ ചത്ത നിലയിൽ കണ്ടെത്തിയത്.അപകടം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ സമീപത്തെ വീട്ടിലെ റഹീസ് എന്ന യുവാവ് വേഗത്തിൽ കെ.എസ്.ഇ.ബി ഓഫീസിൽ വിവരമറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്തെത്തി മെയിൻ സ്വിച്ച് ഊരിമാറ്റിറി.ഇതോടെ രാവിലെ ഈ വഴിയിലൂടെ നടന്നുപോകേണ്ടിയിരുന്ന നാട്ടുകാരും കുട്ടികളുമുൾപ്പെടെ വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെടുകയും ചെയ്തു.



