മുക്കം നഗരസഭയിൽ ‘മൺസൂൺ മത്സ്യ സമൃദ്ധി’: പടുതാകുളത്തിലെ വാള മത്സ്യവിളവെടുപ്പ് വൻ വിജയം.

മുക്കം: കേരള സർക്കാർ ഫിഷറീസ് വകുപ്പ്, കോഴിക്കോട് ജില്ല താമരശ്ശേരി മത്സ്യഭവന്റെ നേതൃത്വത്തിൽ മുക്കം മുനിസിപ്പാലിറ്റിയിൽ നടപ്പിലാക്കിയ ‘മൺസൂൺ മത്സ്യ സമൃദ്ധി 2026’ പദ്ധതിക്ക് വിജയകരമായ സമാപ്തി. പദ്ധതിയുടെ ഭാഗമായി പടുതാകുളത്തിൽ വാള മത്സ്യകൃഷി നടത്തിയ മുക്കം നഗരസഭയിലെ പ്രമുഖ കർഷകൻ ശ്രീ. രാജൻ കെ. യുടെ ഫാമിൽ വെച്ച് വിപുലമായ മത്സ്യവിളവെടുപ്പ് ഉത്സവം സംഘടിപ്പിച്ചു. പദ്ധതിയുടെ ഭാഗമായി 1,270 കിലോഗ്രാം വാള മത്സ്യമാണ് ഫാമിൽ നിന്ന് വിജയകരമായി വിളവെടുത്തത്. മികച്ച ഗുണനിലവാരമുള്ള വാള മത്സ്യങ്ങൾ കാണുന്നതിനും വാങ്ങുന്നതിനുമായി പ്രദേശത്തെ നിരവധി മത്സ്യകർഷകരും നാട്ടുകാരും വിളവെടുപ്പ് ഉത്സവത്തിൽ പങ്കെടുത്തുവിളവെടുപ്പ് ഉത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മുക്കം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ അഡ്വ. കെ.പി ചാന്ദ്നി നിർവഹിച്ചു.
ആധുനിക രീതിയിലുള്ള മത്സ്യകൃഷി രീതികൾ പ്രയോജനപ്പെടുത്തുന്നത് വഴി കർഷകർക്ക് മികച്ച വരുമാനം നേടാനാകുമെന്നും നഗരസഭയുടെ പരിധിയിൽ ഇത്തരം ജനകീയ പദ്ധതികൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും ചെയർപേഴ്സൺ ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.മുക്കം നഗരസഭ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. അബ്ദുൾ അസീസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അക്വാകൾച്ചർ പ്രമോട്ടർ ശ്രീമതി സജിത തോമസ് പരിപാടിക്ക് സ്വാഗതം ആശംസിച്ചു.ക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു K. P., മുൻ കൗൺസിലർ കുഞ്ഞൻ മാഷ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഫാം ഉടമയും കർഷകനുമായ ശ്രീ. രാജൻ കെ. ചടങ്ങിൽ പങ്കെടുത്തവർക്ക് നന്ദി രേഖപ്പെടുത്തി.



