
കോടഞ്ചേരി: ആം ഓഫ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റിന്റെ വയോജന സൗഹൃദ സമ്പർക്ക പരിപാടിയായ ‘റാന്തൽ’ന്റെ ആഭിമുഖ്യത്തിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വയോജന ക്ലബ്ബുകൾ സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ‘ഒന്നിച്ചൊരോണം 2026’ വർണ്ണാഭമായ ചടങ്ങുകളോടെ ആഘോഷിച്ചു.
രാവിലെ 9.30-ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കാര്യാലയ പരിസരത്തുനിന്നും ആരംഭിച്ച വർണ്ണാഭമായ വിളംബര ജാഥയോടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കമായത്.
തുടർന്ന് 11 മണിക്ക് മരിയൻ ഓഡിറ്റോറിയത്തിൽ നടന്ന സാംസ്‌കാരിക സമ്മേളനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നകുട്ടി ദേവസ്യാ ഉദ്ഘാടനം ചെയ്തു.
ആം ഓഫ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ഫാ. പോൾ മരിയ പീറ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോബി എലന്തൂർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സണ്ണി കാപ്പാട്ടുമല, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ റിയാനാസ് സുബൈർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വിൻസെന്റ് വടക്കേമുറി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മിനി സണ്ണി, വാർഡ് മെമ്പർമാരായ സജിനി രാമൻകുട്ടി, റുബി തമ്പി, റെജി തമ്പി, നാൻസി ജോഷി, ജിജി എലിവാലുങ്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സാംസ്‌കാരിക സമ്മേളനത്തിന് ശേഷം വയോജനങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. തുടർന്ന് വിപുലമായ ഓണസദ്യയോടെ പരിപാടികൾ സമാപിച്ചു.



